പൊടിക്കാറ്റ് ശക്തം; യാത്രക്കാർ സൂക്ഷിക്കണം
text_fieldsദുബൈ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തമായി. ഈ വർഷത്തെ ഏറ്റവും കൂടിയ പൊടിക്കാറ്റായിരുന്നു ഇന്നലെ. എല്ലാ എമിറേറ്റുകളിലും പൊടിനിറഞ്ഞ അന്തരീക്ഷത്തിലാണ് വാഹനയാത്രക്കാർ പുറത്തിറങ്ങിയത്. മറ്റ് ഗൾഫ് രാജ്യങ്ങളിലും പൊടിക്കാറ്റുണ്ടായിരുന്നു.
യു.എ.ഇയുടെ വിവിധ മേഖലകളിൽ 40 കിലോമീറ്റർ വേഗതയിലാണ് പൊടിക്കാറ്റ് വീശീയത്. ദൂരക്കാഴ്ച 500 മീറ്ററിൽ താഴെയായിരുന്നു. ഇതോടെ വാഹന യാത്രികർ വലഞ്ഞു. പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. പൊടിക്കാറ്റിനൊപ്പം കനത്ത ചൂടും എത്തിയതോടെ ഡെലിവറി ബൈക്ക് ഡ്രൈവർമാർ പ്രതിസന്ധിയിലായി. ബൈക്ക് ഓടിക്കാൻ കഴിയാത്ത രീതിയിലുള്ള കാറ്റാണ് ചില പ്രദേശങ്ങളിൽ വീശിയത്. പൊടിക്കാറ്റ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന. വേനൽചൂടും ശക്തമാകും.
- ഇവ ശ്രദ്ധിക്കാം
- ശക്തമായ പൊടിക്കാറ്റാണെങ്കിൽ വാഹനം പുറത്തിറക്കാതിരിക്കുക. വ്യക്തികളും കഴിവതും പുറത്ത് ഇറങ്ങാതിരിക്കുന്നതാണ് ഉചിതം
- കാൽനട യാത്രികർ മാസ്ക് ധരിക്കണം. കണ്ണിൽ പൊടി കയറാതിരിക്കാൻ ശ്രദ്ധിക്കാം. ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കുന്നത് ഉചിതം കണ്ണിൽ പൊടിയടിച്ചാൽ അണുബാധക്ക് സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം
- ജനാലകളും വാതിലുകളും തുറന്നിടരുത്. ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വാതിലും ജനലും അടച്ചു എന്ന് ഉറപ്പുവരുത്തണം. വസ്ത്രങ്ങൾ ബാൽക്കണിയിൽ വിരിച്ചിടരുത്.
- ദൂരക്കാഴ്ച കുറയുമ്പോൾ ഡ്രൈവിങിൽ ശ്രദ്ധിക്കണം
- മറ്റ് വാഹനങ്ങളുമായി മതിയായ അകലം പാലിക്കണം
- ഡ്രൈവിങ് ബുദ്ധിമുട്ടായാൽ വേഗതയേറിയ റോഡുകളിൽ നിർത്തിയിടരുത്. സുരക്ഷിതമായ സ്ഥലത്ത് മാത്രമെ നിർത്താവൂ റോഡുകളോട് ചേർന്ന് വാഹനം നിർത്തിയിടരുത്. ലൈനുകൾ മാറുമ്പോൾ മുൻകൂട്ടി ഇൻഡിക്കേറ്റർ ഇടണം
- കാറ്റ് വീശുന്ന സമയത്ത് കുട്ടികൾ ബാൽക്കണിയിലോ പുറത്തോ ഇറങ്ങാതെ ശ്രദ്ധിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.