ദുബൈ റൈഡിൽ ചുവപ്പണിഞ്ഞ് മലയാളിപ്പട
text_fieldsദുബൈ: ദുബൈ റൈഡിൽ നിറഞ്ഞൊഴുകുകയായിരുന്നു മലയാളികൾ. അതിന് ചുക്കാൻപിടിച്ചതാവട്ടെ, മലയാളികൾ നേതൃത്വം നൽകുന്ന കൂട്ടായ്മയായ ഡി.എക്സ്.ബി റൈഡേഴ്സും. 450 പേരാണ് ഡി.എക്സ്.ബി റൈഡേഴ്സിന്റെ ഭാഗമായി ദുബൈ റൈഡിൽ പങ്കെടുത്തതെന്ന് ക്ലബിന്റെ സ്ഥാപകൻ സജിൻ ഗംഗാധരൻ പറഞ്ഞു. കഴിഞ്ഞവർഷം 100 പേർ പങ്കെടുത്തതിൽനിന്നാണ് ഇക്കുറി നാലിരട്ടിയായി ഉയർന്നത്.
ചുവപ്പും കറുപ്പും ജഴ്സിയണിഞ്ഞായിരുന്നു ഡി.എക്സ്.ബി റൈഡേഴ്സ് എത്തിയത്. കൊക്കക്കോള അരീനയിൽ നിന്നായിരുന്നു ടീമിന്റെ റൈഡ് തുടങ്ങിയത്. അരീനക്ക് സമീപത്തെ പാർക്കിങ്ങിൽ ഒത്തുകൂടിയശേഷമായിരുന്നു റൈഡ്. സൈക്കിൾ ഇല്ലാത്തവർക്ക് സൈക്കിൾ എത്തിച്ചുകൊടുത്തും ഡി.എക്സ്.ബി റൈഡേഴ്സ് അംഗങ്ങളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒപ്പംചേർത്തു. ചെറിയ കുട്ടികൾ മുതൽ 65 വയസ്സ് വരെയുള്ളവർ ചുവപ്പൻ ജഴ്സിയണിഞ്ഞു. റൈഡിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടായ്മയും ഡി.എക്സ്ബിയുടേതായിരുന്നു. നിർദേശമനുസരിച്ച് ഒരേ താളത്തിൽ സൈക്കിൾ ചവിട്ടാനും അംഗങ്ങൾ ശ്രദ്ധിച്ചു. ദുബൈ റൈഡ് പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാരുടെയും വിഡിയോ ഗ്രാഫർമാരുടെയും ഏറ്റവും പ്രിയപ്പെട്ട കൂട്ടായ്മയും ഡി.എക്സ്.ബി റൈഡേഴ്സായിരുന്നു. അബൂദബി ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ നിന്നുള്ള അംഗങ്ങളും എത്തിയിരുന്നു.
മലയാളികൾ മാത്രമല്ല, വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ ഡി.എക്സ്.ബി റൈഡേഴ്സിന്റെ ഭാഗമാണ്. സജിന് പുറമെ സലീം വലിയപറമ്പ, നൗഫൽ ഷരാൻ, മൊജിത് മനോഹരൻ, ഷാനവാസ്, കണ്ണൻ രാമചന്ദ്രൻ, ജയകൃഷ്ണൻ, ലത്തീഫ് പയ്യന്നൂർ, ഉമേഷ് അബൂദബി, ചന്ദു അഖിലേഷ് തുടങ്ങിയവരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.