ഷാർജ നിരത്തിൽ ഇനി ഇ-ബസുകളും ടാക്സികളും
text_fieldsഷാർജ: സുസ്ഥിര ഗതാഗത മാർഗങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ) ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കുന്നു. 10 പുതിയ ഇ-ടാക്സികൾക്കൊപ്പം രണ്ട് പുതിയ ഇലക്ട്രിക് ബസുകളും നിരത്തിലിറക്കുമെന്ന് അതോറിറ്റി വാർത്താ കുറിപ്പിലാണ് അറിയിച്ചത്. 27 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഇ- ബസുകളാണ് പുറത്തിറക്കുന്നത്.
ആധുനികവും പാരിസ്ഥിതിക സൗഹൃദപരവുമായ മികച്ച വാഹനങ്ങൾ ടാക്സികളിലും പൊതുഗതാഗത മേഖലയിലും ഉൾപ്പെടുത്തി രാജ്യത്തിന്റെ സുസ്ഥിരതാ ലക്ഷ്യത്തിന് സംഭാവന ചെയ്യാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.നേരത്തേ ഇന്ധനത്തിലും ഇലക്ട്രിസിറ്റിയിലും ഓടുന്ന 750ലേറെ ഹൈബ്രിഡ് വാഹനങ്ങൾ ഷാർജ ആർ.ടി.എ പുറത്തിറക്കിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ടെസ്ല മോഡൽ എസ്, ടെസ്ല മോഡൽ 3 ഇനത്തിൽ ഉൾപ്പെട്ട ഇ-വാഹനങ്ങൾ ടാക്സികളായി പുറത്തിറക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
പാരിസ്ഥിതിക ആഘാതമോ മലിനീകരണമോ ഉണ്ടാക്കാതെ എമിറേറ്റിലെ മുഴുവൻ സ്ഥലങ്ങളിലേക്കും സുരക്ഷിതമായ യാത്ര ഒരുക്കുകയാണ് അതോറിറ്റി വിവിധ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ ഷാർജ ആർ.ടി.എ പറഞ്ഞു.
ആഴ്ചകൾക്കു മുമ്പ് ഷാർജയിൽ ആഡംബര ടാക്സി സർവിസുകൾക്ക് ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഷാർജ ടാക്സിയുടെ ലിമോസിൻ സർവിസുകൾക്കാണ് ഇലക്ട്രിക് കാറുകൾ ഉപയോഗിക്കാൻ തീരുമാനം. ചൈനീസ് കമ്പനിയായ സ്കൈവെൽ നിർമിച്ച ആഡംബര ഇലക്ട്രിക് കാറുകളാണ് ഉപയോഗിക്കുക.
കാറുകളുടെ പരീക്ഷ ഓട്ടത്തിന് ജൂണിൽ ഷാർജ വിമാനത്താവളത്തിൽ തുടക്കമിട്ടിട്ടുമുണ്ട്. സ്കൈവെല്ലിന്റെ എസ്.യു.വി മോഡലായ ഇ.ടി5ന് ഒറ്റ ചാർജിൽ 520 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. 40 മിനിറ്റുകൊണ്ട് 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.
2050ഓടെ കാർബൺ രഹിത പൊതുഗതാഗതം കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് ചുവട് വെച്ചാണ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായി എമിറേറ്റിലുടനീളം ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.