വിദേശത്തുനിന്ന് മരുന്നുകൊണ്ടുവരാൻ ഇ-പെർമിറ്റ് സൗകര്യം
text_fieldsദുബൈ: വിദേശത്തുനിന്ന് വ്യക്തിപരമായ ആവശ്യത്തിന് മരുന്നുകൊണ്ടുവരുന്നതിന് ഇലക്ട്രോണിക് പെർമിറ്റുകൾ നൽകുന്ന സംവിധാനത്തിന് തുടക്കമായി. യു.എ.ഇ രോഗപ്രതിരോധ, ആരോഗ്യ മന്ത്രാലയമാണ് പ്രവാസികൾക്ക് അടക്കം സൗകര്യപ്രദമാകുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്.
സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും ഇ-പെർമിറ്റ് അനുവദിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇ-പെർമിറ്റുകൾ എടുക്കാതെ വരുന്ന യാത്രക്കാരുടെയും താമസക്കാരുടെയും മരുന്നുകളും ഉപകരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തേണ്ടതായി വരും. സംശയകരമായ മരുന്നുകളാണെങ്കിൽ ചിലപ്പോൾ തടഞ്ഞുവെക്കുകയും ചെയ്യും. ഈ സാഹചര്യമൊഴിവാക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ സംവിധാനം.
രണ്ട് സേവനങ്ങളും ലഭ്യമാകാൻ മന്ത്രാലയം വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ലോഗിൻ ചെയ്യണം. തുടർന്ന് സേവന വിഭാഗത്തിൽ ഇ-പെന്റമിറ്റ് എന്ന കാറ്റഗറി കാണാനാകും. ഇതിൽ ഉപഭോക്താക്കൾ ആവശ്യമായ ഡേറ്റ നൽകുകയും ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്യുകയും ഇലക്ട്രോണിക് രീതിയിൽ അപേക്ഷ സമർപ്പിക്കുകയും വേണം. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ ഇ-പെർമിറ്റ് ലഭിക്കും. മന്ത്രാലയത്തിന്റെ സേവന നിബന്ധനകൾ അനുസരിച്ച് രാജ്യത്തേക്ക് വരുന്നവർക്ക് ആറ് മാസംവരെ വ്യക്തിഗത ഉപയോഗത്തിന് ആവശ്യമായ മരുന്നുകൊണ്ടുവരാൻ അനുവാദമുണ്ട്.
എന്നാൽ, നിയന്ത്രണമുള്ള മരുന്നുകൾ കൊണ്ടുവരണമെങ്കിൽ പരമാവധി മൂന്നു മാസത്തേക്ക് മാത്രമാണ് അനുവാദമുള്ളത്. ഇതിന് ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കുകയും വേണം. മയക്കുമരുന്ന് വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിൽ അനുമതിയില്ലാതെ കൊണ്ടുവന്നാൽ നിയമ നടപടിയും നേരിടേണ്ടിവരും.
മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സേവനം ആരോഗ്യ സേവന സ്ഥാപനങ്ങൾക്കും മന്ത്രാലയം നൽകുന്ന സാധുവായ മെഡിക്കൽ വെയർഹൗസ് ലൈസൻസ് കൈവശമുള്ള പ്രാദേശിക ഏജൻറുമാർക്കുമാണ് ലഭിക്കുക. ശസ്ത്രക്രിയാ ഉപകരണങ്ങളും സ്പെയർ പാർട്സും, മെഡിക്കൽ, സർജിക്കൽ സപ്ലൈസ്, ദന്തചികിത്സയിൽ ഉപയോഗിക്കുന്ന സ്പെയർ പാർട്സ്, സർജിക്കൽ എസ്തെറ്റിക് മെഡിസിൻ, കൃത്രിമ ഭാഗങ്ങൾ എന്നിവയെല്ലാം ഈ അനുമതി വഴി കൊണ്ടുവരാൻ കഴിയും.
ഉപകരണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഇ-പെർമിറ്റിന് 60 ദിവസത്തേക്ക് മാത്രമാണ് കാലാവധിയുണ്ടാവുക. മാത്രമല്ല, വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാകുകയും വിപണിയിൽ എത്തുന്നതിന് മുമ്പ് മന്ത്രാലയത്തിന്റെ അനുമതി വാങ്ങുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.