അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിച്ചാൽ പിഴ
text_fieldsദുബൈ: അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഇനി മുതൽ പിഴ ഈടാക്കും. ഇ-സ്കൂട്ടർ റൈഡർമാർക്ക് അനുമതി നിർബന്ധമാക്കിയത് പ്രാബല്യത്തിലായി. അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിച്ചാൽ 200 ദിർഹമാണ് പിഴ. ആർ.ടി.എയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകി സൗജന്യമായി അനുമതി നേടാം. എന്നാൽ, ഇ-സ്കൂട്ടർ ഓടിക്കാനുള്ള ബോധവത്കരണ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കണം. 16 വയസ്സ് പിന്നിട്ടവർക്ക് മാത്രമാണ് അനുമതി ലഭിക്കുക. ഡ്രൈവിങ് ലൈസൻസ്, മോട്ടോർബൈക്ക് ലൈസൻസ്, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് എന്നിവയുള്ളവർക്ക് ഇ-സ്കൂട്ടറിന് പ്രത്യേക അനുമതി ആവശ്യമില്ല.
ദുബൈ നഗരത്തിൽ സുരക്ഷിതമായി ഇ-സ്കൂട്ടറുകൾ ഓടിക്കാൻ അനുവാദമുള്ള സ്ട്രീറ്റുകളിൽ ഇവ ഉപയോഗിക്കാനാണ് പ്രത്യേക പെർമിറ്റ് നൽകുന്നത്. ജുമൈറ ലേക് ടവർ, ഇന്‍റർനെറ്റ് സിറ്റി, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൂലേവാദ്, അൽ റിഗ്ഗ, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവക്കു പുറമെ ഖിസൈസ്, മൻഖൂൽ, കറാമ എന്നിവിടങ്ങളിലെ നിർദിഷ്ട സ്ഥലങ്ങളിലും ഇ-സ്കൂട്ടറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സൈക്കിൾപാത, നടപ്പാതയുടെ വശങ്ങൾ എന്നിവിടങ്ങളിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിന് അനുമതി നിർബന്ധമില്ല.
പിഴ ഇങ്ങനെ:
പെർമിറ്റില്ലാതെ റൈഡിങ് -200 ദിർഹം
• അനുമതിയില്ലാത്ത സ്ഥലങ്ങളിൽ പ്രവേശിച്ചാൽ -200 ദിർഹം
• റോഡുകളിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗം -300 ദിർഹം
• മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധം റൈഡിങ് -300 ദിർഹം
• അനധികൃത പാർക്കിങ് -200 ദിർഹം
• ഒന്നിൽ കൂടുതൽ യാത്രക്കാർ-300 ദിർഹം
• സുരക്ഷ ഉപകരണങ്ങൾ ധരിക്കാതിരിക്കൽ -200 ദിർഹം
• സാങ്കേതിക പിഴവുകൾ പരിഹരിച്ചില്ലെങ്കിൽ -300 ദിർഹം
• റോഡ് സിഗ്നലുകൾ അവഗണിക്കൽ -200 ദിർഹം
• മുതിർന്നവർ കൂടെയില്ലാതെ 12 വയസ്സിൽ താഴെയുള്ളവർ ഓടിച്ചാൽ -200 ദിർഹം
• സുരക്ഷിതമല്ലാതെ ലൈൻ മാറൽ -200 ദിർഹം
• എതിർദിശയിൽ ഓടിക്കൽ -200 ദിർഹം
• മറ്റുള്ളവരുടെ യാത്രക്ക് തടസ്സമാകൽ -200 ദിർഹം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.