ദുബൈയിൽ 11 മേഖലകളിലേക്ക് കൂടി ഇ-സ്കൂട്ടർ
text_fieldsദുബൈ: ദുബൈയിലെ 11 മേഖലകളിൽ കൂടി ഇ-സ്കൂട്ടർ ട്രാക്കുകൾ വരുന്നു. 2023 മുതൽ ഈ മേഖലകളിൽ ഇ-സ്കൂട്ടർ ഉപയോഗത്തിന് അനുമതി നൽകും. ഇതോടെ ഇ-സ്കൂട്ടറിന് അനുമതി നൽകുന്ന മേഖലകളുടെ എണ്ണം 21 ആയി ഉയരും. ഇ-സ്കൂട്ടർ ട്രാക്കുകളുടെ നീളം 390 കിലോമീറ്ററായി വർധിക്കും. നിലവിൽ 185 കിലോമീറ്ററാണ് നീളം.
അൽ തവാർ 1, അൽ തവാർ 2, ഉമ്മു സുഖീം, ഗർഹൂദ്, മുഹൈസിന 3, ഉമ്മു ഹുറൈർ 1, അൽ സഫ 2, അൽ ബർഷ സൗത്ത് 2, അൽ ബർഷ 3, അൽഖൂസ് 4, നാദൽ ഷെബ 1 എന്നീ മേഖലകളെയാണ് ഇ-സ്കൂട്ടർ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബൈയിലെ വിവിധ ഗതാഗത കേന്ദ്രങ്ങളെയും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെയും ബന്ധിപ്പിച്ചാണ് ഈ ട്രാക്കുകൾ നിർമിക്കുക. പൊതു പാർക്കുകളും മാളുകളും ഉൾപ്പെടെ 18 പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ ട്രാക്ക് കടന്നുപോകും. പത്തു ഗതാഗത കേന്ദ്രങ്ങളിലും ട്രാക്ക് എത്തും. ഇതോടെ യാത്രക്കാർക്ക് ഇ-സ്കൂട്ടറുമായി ഇവിടെയെത്തി ബസിലോ മെട്രോയിലോ യാത്ര തുടരാൻ കഴിയും. 1.14 ലക്ഷം താമസക്കാർക്ക് ഉപകാരപ്പെടുന്നതായിരിക്കും പുതിയ ട്രാക്ക്. സ്വകാര്യ വാഹന ഉപയോഗം കുറക്കാനും ഇത് ഉപകരിക്കും. മെട്രോ, ബസ് സ്റ്റേഷനുകളിൽ ഇ-സ്കൂട്ടർ പാർക്ക് ചെയ്യാൻ സൗകര്യവുമൊരുക്കുന്നുണ്ട്.
നിലവിൽ 10 മേഖലകളിലാണ് ഇ-സ്കൂട്ടർ അനുമതിയുള്ളത്. ജുമൈറ ലേക് ടവേഴ്സ്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊലേവാദ്, ദുബൈ ഇന്റർനെറ്റ് സിറ്റി, അൽ റിഗ്ഗ, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവിടങ്ങളിൽ ട്രാക്കുണ്ട്. ഖിസൈസ്, മൻഖൂൽ, കറാമ തുടങ്ങിയ ഭാഗങ്ങളിലെ സുരക്ഷിത റോഡുകളിലും ഇ-സ്കൂട്ടറിന് അനുമതിയുണ്ട്. ഇവിടങ്ങളിലെ വിജയമാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് ഇ-സ്കൂട്ടർ വ്യാപിപ്പിക്കാൻ പ്രേരണയായത്.
പുതിയ ട്രാക്കുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമാണമെന്നും ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വേഗത 40 കിലോമീറ്ററിൽ നിന്ന് 30 ആയി ചുരുക്കിയേക്കും. വിവിധ സാങ്കേതിക പഠനങ്ങൾ നടത്തിയ ശേഷമാണ് പുതിയ ട്രാക്കുകൾ നിർണയിച്ചത്. ഗതാഗത സൗകര്യം, ജനസംഖ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ പരിഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ പൊലീസുമായി ചേർന്ന് ഇ-സ്കൂട്ടർ യാത്രക്കാർക്കായി നിയമങ്ങളും തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.