പള്ളികളിലും ഇ-വാഹനങ്ങൾ ചാർജ് ചെയ്യാം
text_fieldsദുബൈ: കാർബൺ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ പള്ളികളിലും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി.
വ്യാഴാഴ്ച ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക, അഫേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സകാത്ത് (ഔഖാഫ്) എന്നിവയുമായി കൈകോർത്താണ് പള്ളികളിൽ ഇ-ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കുക.
രാജ്യത്ത് ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണക്കുന്നതിനും കെട്ടിടനിർമാണ മേഖലയിലെ ഉപഭോഗം മൂലമുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് നടപടിയെന്ന് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഹരിത ഗതാഗത സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് സഹായകമാവുന്ന അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതിനും പുതിയ പദ്ധതി സംഭാവന ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് സ്വകാര്യ കമ്പനികൾ ലൈസൻസ് നേടിയിരുന്നു.
അമേരിക്കൻ കമ്പനിയായ ടെസ്ലയും യു.എ.ഇ.വിയുമാണ് സ്വതന്ത്ര ചാർജിങ് പോയന്റ് ഓപറേറ്റർ (സി.പി.ഒ) ലൈസൻസ് നേടിയത്.
ദുബൈയിൽ സമാപിച്ച ജൈടെക്സിൽ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യാണ് ലൈസൻസ് നൽകിയ കാര്യം വെളിപ്പെടുത്തിയത്.
രാജ്യവ്യാപകമായി 1000 പുതിയ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തികൾ നടന്നുവരികയാണ്. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി പുറത്തിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.