ഇ-വിസ; റഷ്യൻ തീരുമാനം പ്രവാസികൾക്ക് ഗുണകരം
text_fieldsദുബൈ: ഇന്ത്യ ഉൾപ്പെടെ 55 രാജ്യങ്ങൾക്ക് ഇ-വിസ അനുവദിക്കുമെന്ന റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം യു.എ.ഇയിലെ പ്രവാസികൾക്കും സഹായകമാവുമെന്ന് വിലയിരുത്തൽ. 60 ദിവസത്തെ പ്രാബല്യമുള്ള വിസയാണ് അനുവദിക്കുന്നത്. ഇതുവഴി വിനോദസഞ്ചാരികൾക്ക് 16 ദിവസം വരെ റഷ്യയിൽ തങ്ങാനുള്ള അവസരം ലഭിക്കും.
കോൺസുലേറ്റിലോ എംബസിയിലോ പോകാതെതന്നെ ഓൺലൈനായി ഇ-വിസ സംഘടിപ്പിക്കാമെന്നതാണ് ഏറ്റവും വലിയ ആകർഷണം. റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഡിജിറ്റൽ ഫോട്ടോകോപ്പി, പാസ്പോർട്ടിന്റെ സ്കാൻ കോപ്പി എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ നാലു ദിവസത്തിനകം വിസ ലഭ്യമാകുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ലോകത്തെ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് കൂടുതലായി ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. യു.എ.ഇയിൽ തങ്ങുന്ന മലയാളികൾ അടക്കമുള്ളവർക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യ സന്ദർശിക്കാനുള്ള സുവർണാവസരമാണ് ഇതുവഴി കൈവരുകയെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. നിലവിൽ യു.എ.ഇയിൽനിന്ന് നൂറിലധികം വിമാനസർവിസുകളാണ് റഷ്യയിലേക്കുള്ളത്. യു.എ.ഇയും ഖത്തറും നേരത്തേ ഇ-വിസ പരിധിയിൽപെടുന്നുണ്ട്. ലോകത്തുതന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് രാജ്യങ്ങളിൽ ഒന്നാണ് റഷ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.