ഭൂകമ്പ ദുരിതാശ്വാസം; കൈകോർത്ത് സന്നദ്ധപ്രവർത്തകർ
text_fieldsദുബൈ: ഭൂകമ്പം വിതച്ച ദുരിതത്തിൽനിന്ന് കരകയറാൻ പരിശ്രമിക്കുന്ന തുർക്കിയയിലെയും സിറിയയിലെയും ജനങ്ങൾക്ക് ഒരു കൈ സഹായവുമായി യു.എ.ഇയിലെ പ്രവാസികളും സ്വദേശികളുമായ സന്നദ്ധപ്രവർത്തകർ. ശനിയാഴ്ച ദുബൈ എക്സ്പോ സിറ്റിയിലും അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിലും (അഡ്നെക്) നടന്ന ദുരിത ബാധിത മേഖലകളിലേക്ക് അവശ്യവസ്തുക്കൾ ശേഖരിച്ച് പാക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് എത്തിച്ചേർന്നത് ആയിരക്കണക്കിന് പേരാണ്.
അബൂദബി ആസ്ഥാനമായ എമിറേറ്റ്സ് റെഡ് ക്രസന്റാറാണ് ‘ബ്രിഡ്ജസ് ഓഫ് ഗിവിങ്’ എന്ന പേരിൽ ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായാണ് സന്നദ്ധപ്രവർത്തനത്തിന് സൗകര്യമൊരുക്കിയത്. വെള്ളിയാഴ്ചയും നിരവധിപേർ സഹായ വസ്തുക്കൾ ശേഖരിക്കാനും വേർതിരിക്കാനും പാക്ക് ചെയ്യാനും വേണ്ടി എത്തിച്ചേർന്നിരുന്നു.
സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും ഇക്കൂട്ടത്തിലുണ്ട്. ഇവിടങ്ങളിൽ പാക്ക് ചെയ്യുന്ന വസ്തുക്കൾ പ്രത്യേകമായി ഒരുക്കുന്ന വിമാന മാർഗം സിറിയയിലും തുർക്കിയയിലും ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കും. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
ഞായറാഴ്ച മുതൽ റെഡ്ക്രസൻറും യു.എ.ഇയിലെ മാനുഷിക, ചാരിറ്റബിൾ ഓർഗനൈസേഷനുകളും രണ്ടാഴ്ചക്കാലം പണമായും സാധനങ്ങളായും നേരിട്ട് സംഭാവനകൾ ശേഖരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
എമിറേറ്റ്സ് റെഡ് ക്രസന്റ് വെബ്സൈറ്റ് വഴിയാണ് സംഭാവന നൽകേണ്ടത്. തുർക്കിയക്കും സിറിയക്കും പ്രത്യേകമായി പണം അയക്കാനുള്ള സംവിധാനം ഈ സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. പേ പാൽ, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴിയും പണം അയക്കാം. അതിനിടെ ഏഴ് എമിറേറ്റുകളിലുമായി എമിറേറ്റ്സ് റെഡ് ക്രസന്റ് സംഭാവനകൾ നേരിട്ട് സ്വീകരിക്കാൻ സംവിധാനം ഒരുക്കിയതായി അറിയിച്ചിട്ടുണ്ട്.
സഹായമെത്തിച്ച് അബൂദബി കെ.എം.സി.സി
അബൂദബി: ഭൂകമ്പം വൻ നാശംവിതച്ച തുര്‍ക്കിയയിലെയും സിറിയയിലെയും ദുരിതബാധിതർക്ക് അബൂദബി കെ.എം.സി.സി വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും അയച്ചു. രണ്ടു ദിവസംകൊണ്ട് രണ്ടര കോടിയോളം രൂപയുടെ വസ്തുക്കൾ സമാഹരിച്ച് എംബസി മുഖേന എത്തിക്കാൻ സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിൽ രണ്ട് ദിവസങ്ങളിലായിട്ടാണ് സഹായസാമഗ്രികൾ ശേഖരിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പുകള്‍, കേടാവാത്ത ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട അവശ്യവസ്തുക്കള്‍ തുടങ്ങിയവ എംബസികളുടെ നിർദേശപ്രകാരം ട്രക്കുകളിൽ ദുബൈയില്‍ എത്തിക്കുകയായിരുന്നു.
കാര്‍ഗോ വിഭാഗം എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതാക്കളായ പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, വൈസ് പ്രസിഡന്റ് ഹിദായത്തുല്ല, അസീസ് കാളിയാടന്‍, സി. സമീര്‍, റസാഖ് ഒരുമനയൂര്‍, അഷറഫ് പൊന്നാനി, മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി, ഇ.ടി. മുഹമ്മദ് സുനീര്‍, ബഷീര്‍ ഇബ്രാഹിം, മുഹമ്മദ് ആലം, സഫീഷ്, അബ്ദുല്ല കാക്കുനി, വി. ബീരാന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
സഹായം സ്വീകരിക്കുന്ന വിവിധ എമിറേറ്റുകളിലെ സ്ഥലങ്ങൾ
•അബൂദബി: അബൂദബിയിൽ എമിറേറ്റ്സ് റെഡ് ക്രസന്റ് സെന്റർ ആസ്ഥാനം, എയർപോർട്ട് റോഡിലെ കാരിഫോർ, മറീന മാൾ കാരവൻ, ഷഹാമ - ബനിയാസ് കോഓപറേറ്റിവ് സൊസൈറ്റി, അൽ നജ്ദ സ്ട്രീറ്റ്, ഖലീഫ സിറ്റി, ബനിയാസ് സിറ്റി, ബനിയാസ്, അൽ ഷവാമിഖ് എന്നിവിടങ്ങളിലും അൽഐനിൽ അൽഐൻ കോപ് വെയർഹൗസിന്റെ കേന്ദ്ര ആസ്ഥാനത്തും സഹായങ്ങൾ സ്വീകരിക്കും.
അൽ ദഫ്ര മേഖലയിൽ സെന്റർ ആസ്ഥാനം, ലിവ സിറ്റി ഓഫിസ്, കമ്മോഡിറ്റി ഓഫിസ്, ദന്ന ഓഫിസ്, ഡെൽമ ഓഫിസ്, മർഫ ഓഫിസ്. എന്നിവിടങ്ങളിലും സഹായം എത്തിക്കാം.
•ദുബൈ: എമിറേറ്റിലെ ഉമ്മു റമൂൽ, അൽ ഖൂസ് തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്ര ആസ്ഥാനത്ത്.
•ഷാർജ: സെന്റർ ആസ്ഥാനം, നഖീലത്ത് അതോറിറ്റി ഓഫിസ്, ഷാർജ സഹകരണ സംഘം - ഹെൽവാൻ, അൽ ദൈദിലെ ഷാർജ കോഓപറേറ്റിവ് സൊസൈറ്റി, അൽ ഹസാനയിലെ ലുലു ഹൈപ്പർമാർക്കറ്റ്.
•ഫുജൈറ: സെന്റർ ആസ്ഥാനം, അൽ ബുസ്താൻ ഹാൾ, മസാഫി കൗൺസിൽ - ദിബ്ബ അൽ ഫുജൈറ, ബിദിയ കൗൺസിൽ - ബിദിയ, ഖോർ ഫക്കാനിലെ ഒമാമ ബിൻത് അബി അൽ ആസ് സ്കൂൾ, ഫുജൈറ എക്സിബിഷൻ സെന്റർ.
•ഉമ്മുൽഖുവൈൻ: സെന്റർ ആസ്ഥാനം
•അജ്മാൻ: സെന്റർ ആസ്ഥാനം, അജ്മാൻ സൊസൈറ്റി ഓഫ് സോഷ്യൽ ആൻഡ് കൾച്ചറൽ ഡെവലപ്മെന്റ്, സിറ്റി സെന്റർ അജ്മാൻ, അൽ ജുർഫിലെ അജ്മാൻ മാർക്കറ്റ്സ് കോഓപറേറ്റിവ് സൊസൈറ്റി, റുമൈലയിലെ അജ്മാൻ മാർക്കറ്റ്സ് കോഓപറേറ്റിവ് സൊസൈറ്റി.
•റാസൽഖൈമ: സെന്റർ ആസ്ഥാനം, ഷാം ഹോസ്പിറ്റൽ, അൽ മൈരിദ്, അൽ ഹിലാൽ അൽ ഹുസ്ൻ കാരവൻ, ഹൈപ്പർ റമീസ്, മനാർ മാൾ, അൽ ഹംറ മാൾ, അൽ നയീം സിറ്റി സെന്റർ, റാക് മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, റാസൽ ഖൈമ കോഓപറേറ്റിവ് സൊസൈറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.