ചരക്കു നീക്കത്തിലൂടെ സാമ്പത്തിക വളർച്ച: യു.എ.ഇ മികച്ച ഉദാഹരണമെന്ന് ഇന്ത്യ
text_fieldsദുബൈ: ചരക്കു നീക്കത്തിലൂടെ സമ്പദ്വ്യവസ്ഥയെ എങ്ങനെ ശക്തിപ്പെടുത്താമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യു.എ.ഇയുടെ സാമ്പത്തിക വിജയമെന്ന് ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ചരക്കു നീക്കം എന്നത് വെറുമൊരു വ്യവസായം മാത്രമല്ല. സമ്പദ് വ്യവസ്ഥയിൽ അതിന് പ്രധാന പങ്കുണ്ട്. സാമ്പത്തിക വളർച്ചയോടൊപ്പം വലിയ തോതിൽ തൊഴിലവസരമാണ് ഈ മേഖല പ്രദാനം ചെയ്യുന്നത്. മറ്റൊരു തലത്തിൽ നോക്കിയാൽ അന്താരാഷ്ട്ര വ്യാപാരത്തെയാണ് ചരക്കു നീക്കത്തിലൂടെ നിർവചിക്കപ്പെടുന്നത്. തടസ്സമില്ലാത്ത ചരക്കു നീക്കം സാമ്പത്തിക വളർച്ചയുടെ വേഗതയെ സഹായിക്കുന്നു. അതിന് ജീവനുള്ള ഉദാഹരമാണ് യു.എ.ഇ.
അടുത്തിടെ ഒപ്പുവെക്കപ്പെട്ട ഇന്ത്യ-യു.എ.ഇ വാണിജ്യ കരാർ ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കവാടമെന്ന നിലയിൽ വർത്തിക്കുന്നതിനാൽ ചരക്കുഗതാഗത മേഖലയിൽ രണ്ട് പ്രമുഖ പങ്കാളികളായി ഇരുരാജ്യങ്ങൾ മാറുമെന്നു അദ്ദേഹം എടുത്തു പറഞ്ഞു.
ചരക്കുഗതാഗത രംഗം നമ്മുടെ സാമ്പത്തിക അജണ്ടയുടെ കേന്ദ്ര ഭാഗമാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിലൂടെ ചരക്കു നീക്കത്തിനുള്ള ചെലവ് കുറയുകയും അങ്ങനെ കൂടുതൽ മത്സരാധിഷ്ഠിതമാകുകയും ചെയ്യും. ഇന്ത്യയിലെ ചരക്കുഗതാഗത മേഖലയിൽ യു.എ.ഇയിൽ നിന്ന് വലിയ തോതിലുള്ള നിക്ഷേപമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സൂക്ഷ്മ സാമ്പത്തിമായും ഭൂമിശാസ്ത്രപരമായുമുള്ള പലവിധ വെല്ലുവിളികൾ ഈ മേഖല നേരിടുന്നുണ്ടെങ്കിലും ഇന്ത്യയും യു.എ.ഇയും ചരക്കുഗതാഗത മേഖലയിൽ ത്വരിത ഗതിയിലുള്ള വളർച്ച കൈവരിക്കുന്നതായും നമുക്ക് കാണാൻ സാധിക്കും. ഡി.പി വേൾഡിന് ഇതിൽ നിർണായക പങ്കുണ്ടെന്നും വാണിജ്യ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.