സാമ്പത്തിക ഇടനാഴി ആഗോള സമ്പദ്വ്യവസ്ഥക്ക് ഗുണകരം -യു.എ.ഇ അംബാസഡർ
text_fieldsദുബൈ: ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴി പദ്ധതി ആഗോള സമ്പദ്വ്യവസ്ഥക്ക് ഗുണകരമാണെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അബ്ദുന്നാസർ അൽ ശാലി.
റെയിൽ, കപ്പൽ പാതകൾ വഴി ബന്ധിപ്പിക്കുന്ന വ്യാപാര മാർഗം വാണിജ്യ മേഖലക്ക് കരുത്താവുകയും ഗതാഗത നിരക്ക് കുറക്കുകയും മേഖലയിൽ സുസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ‘ദ നാഷനലി’നോട് പ്രതികരിച്ചു. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, ജോർഡൻ, ഇസ്രായേൽ, യൂറോപ് എന്നിവക്കിടയിൽ ചരക്ക് ഗതാഗതത്തെ എളുപ്പമാക്കുന്നതാണ് കരാറെന്നും അദ്ദേഹം വിശദീകരിച്ചു. ജി20 ഉച്ചകോടിയിൽ ക്ഷണിക്കപ്പെട്ടതുവഴി യു.എ.ഇക്ക് ആദരവ് ലഭിച്ചുവെന്നും ആരോഗ്യ, ഫാർമസ്യൂട്ടിക്കൽ, ഭക്ഷ്യ സുരക്ഷ, എണ്ണയിതര വ്യാപാരം എന്നിവ സംബന്ധിച്ച് ഉച്ചകോടിക്കെത്തിയ യു.എ.ഇ സംഘം ഇന്ത്യയുമായി ചർച്ച നടത്തിയെന്നും അംബാസഡർ വെളിപ്പെടുത്തി. ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളെ തുറമുഖങ്ങൾ വഴിയും റെയിൽ മാർഗവും യൂറോപ്പുമായും യു.എസുമായും ബന്ധിപ്പിക്കുന്ന പദ്ധതിയിൽ സുപ്രധാന പങ്കാണ് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യക്കും യു.എ.ഇയിക്കുമുള്ളത്. യൂറോപ്പിന്റെയും ഇന്ത്യയുടെയും മധ്യത്തിൽ തന്ത്രപ്രധാന വാണിജ്യ മേഖലയായി പദ്ധതി പൂർത്തിയാകുന്നതോടെ ഗൾഫ് മാറിത്തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ തന്നെ വാണിജ്യ, വ്യാപാര പ്രവർത്തനങ്ങളുടെ സുപ്രധാന കേന്ദ്രങ്ങളായി വികസിച്ച ഗൾഫ് മേഖലക്ക് കൂടുതൽ കരുത്തേകാൻ ഇത് സഹായിക്കുമെന്ന് നിരീക്ഷകർ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.