കണക്കുകൾ മറികടന്ന് സാമ്പത്തിക വളർച്ച
text_fieldsദുബൈ: അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ യു.എ.ഇക്ക് ഈ വർഷം ആദ്യ പാദത്തിൽ 8.4 ശതമാനം വളർച്ച. 2011ന് ശേഷം സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനയും കോവിഡ് പ്രതിരോധത്തിൽ പുലർത്തിയ മികവും സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുകയായിരുന്നു. ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച യു.എ.ഇ സെൻട്രൽ ബാങ്ക് നേരത്തേ കണക്കാക്കിയതിനും മുകളിലെത്തിയിരിക്കുകയാണ്. എണ്ണവിലക്കൊപ്പം വിനോദസഞ്ചാരം, പ്രോപ്പർട്ടി മേഖല എന്നിവയുടെയും സംഭാവനകൾ വളർച്ചക്ക് സഹായകരമായിട്ടുണ്ട്.
മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ഏറ്റവും വേഗത്തിൽ മറികടക്കാനും മനുഷ്യന്റെ ആരോഗ്യവും സാമ്പത്തിക താൽപര്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനും രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഈ വർഷം ആദ്യ ആറു മാസത്തെ യു.എ.ഇയുടെ വിദേശ വ്യാപാരം 1 ട്രില്യൺ ദിർഹം കവിഞ്ഞിട്ടുണ്ട്. കോവിഡിനു മുമ്പുള്ള ഇതേ കാലയളവിൽ 840 ശതകോടി ദിർഹമായിരുന്നു വിദേശ വ്യാപാരത്തിൽനിന്നുള്ള സംഭാവന. കഴിഞ്ഞ ആറുമാസം ടൂറിസം മേഖലയുടെ വരുമാനം 19 ശതകോടി ദിർഹത്തിലേറെയാണ്. ഈ കാലയളവിൽ മൊത്തം ഹോട്ടൽ അതിഥികളുടെ എണ്ണം 1.2 കോടിയിലെത്തിയിട്ടുണ്ട്. കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഹോട്ടൽ അതിഥികളുടെ എണ്ണത്തിൽ 42 ശതമാനം വളർച്ചയാണുണ്ടായത്.
ജനുവരി മുതൽ മാർച്ച് വരെ യു.എ.ഇയുടെ ജി.ഡി.പി വളർച്ചക്ക് കാരണമായത് എണ്ണ ഉൽപാദനത്തിലെ കുത്തനെ വർധനയും എേണ്ണതര മേഖലയിലെ ശ്രദ്ധേയമായ പുരോഗതിയുമാണെന്ന് നേരത്തേ ജൂലൈയിലെ ത്രൈമാസ സാമ്പത്തിക അവലോകനത്തിൽ യു.എ.ഇ സെൻട്രൽ ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.