'എജുകഫെ' ആഗോള തലത്തിലേക്ക്; ഷാർജ അധികൃതരുമായി കരാറൊപ്പിട്ടു
text_fieldsഷാർജ: വിജ്ഞാനത്തിന്‍റെയും കരിയറിന്‍റെയും പുതുവഴികൾ വിദ്യാർഥികൾക്ക് സമ്മാനിച്ച് വിജയകരമായ ഏഴ് സീസണുകൾ പിന്നിട്ട 'ഗൾഫ് മാധ്യമം എജുകഫെ' അന്താരാഷ്ട്ര തലത്തിലേക്ക്. യു.എ.ഇ വിദ്യഭ്യാസ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ഷാർജ സർക്കാറിന് കീഴിലെ എക്സ്പോ സെന്‍ററിൽ ഒരുക്കുന്ന 18ാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിൽ ഇന്ത്യൻ പവലിയനിൽ സംയുക്ത സഹകരണത്തിന് 'എജുകഫെ' കരാറൊപ്പിട്ടു. ഷാർജയിൽ നടന്ന ചടങ്ങിൽ എക്സ്പോ സെന്‍റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫയും 'ഗൾഫ് മാധ്യമം' മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലനുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ എഡ്യൂക്കേഷൻ-കരിയർ മേളയായ 'എജുകഫെ'യുടെ മുൻ സീസണുകളിലെ വൻ വിജയമാണ് വിവിധ ലോകരാജ്യങ്ങൾ പങ്കെടുക്കുന്ന അന്തരാഷ്ട്ര മേളയിലെ സുപ്രധാന സാരഥ്യത്തിലേക്ക് നയിച്ചത്.
അന്താരാഷ്ട്ര വിദ്യഭ്യാസ പ്രദർശനത്തിൽ 'എജുകഫെ'യുമായി സഹകരിക്കാൻ കഴിയുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ ചടങ്ങിൽ അഭിപ്രായപ്പെട്ടു. 'കമോൺ കേരള' അടക്കം നിരവധി പരിപാടികളിലെ സഹകരണത്തിലൂടെ 'ഗൾഫ് മാധ്യമ'വുമായി ശക്തമായ ബന്ധം എക്സ്പോ സെന്‍ററിനുണ്ട്. ഏറ്റവും പുതിയ വിദ്യഭ്യാസ അവസരങ്ങൾ പങ്കുവെക്കുന്ന അന്താരാഷ്ട പ്രദർശനത്തിൽ ഇത്തരമൊരു കരാറിലെത്താൻ സാധിച്ചത് വലിയ നേട്ടമാണ്. യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന് ഏറെ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
'എജുകഫെ' പുതിയ തലത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ തുടക്കമാണ് കരാറെന്ന് മുഹമ്മദ് സലീം അമ്പലൻ പറഞ്ഞു. യു.എ.ഇയിലെയും ഇന്ത്യയിലെയും വിജയകരമായ നടത്തിപ്പിന് 'എജുകഫെ'ക്ക് ലഭിച്ച അംഗീകാരമാണിത്. ഷാർജ അന്താരാഷ്ട്ര വിദ്യഭ്യാസ പ്രദർശനത്തിലെ സാന്നിധ്യത്തിലൂടെ 'എജുകഫെ' ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന സംരംഭമായി മാറുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി. 'എജുകഫെ'യുടെ ഷാർജ അധികൃതരുമായുള്ള സഹകരണം വലിയ സാധ്യതകൾ തുറക്കുന്നതാണെന്നും ഇന്ത്യൻ സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും വലിയ അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും 'ഗൾഫ് മാധ്യമം' ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ് പറഞ്ഞു. എക്സ്പോ സെന്‍റർ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ സുൽത്താൻ ശത്താഫ്, എക്സിബിഷൻ മാനേജർ ഗൗരവ് ഗഡ്കരി, 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ജെ.ആർ ഹാഷിം, അക്കൗണ്ട് മാനേജർ എസ്.കെ അബ്ദുല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യു.എ.ഇയിലെ ഏറ്റവും ജനകീയമായ വിദ്യഭ്യാസമേളയാണ് 'ഇന്‍റർനാഷണൽ എഡുക്കേഷൻ ഷോ'. പ്രദർശനത്തിന്‍റെ ഈ വർഷത്തെ എഡിഷൻ ഒക്ടോബർ 19മുതൽ 22വരെയാണ് സംഘടിപ്പിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യഭ്യാസ സ്ഥാപനങ്ങളും അക്കാദമികളും പങ്കെടുക്കുന്ന പ്രദർശനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഒഴുകിയെത്തിയത്. യു.എ.ഇയിലെ വിദ്യാഭ്യാസ മേഖലക്ക് പുത്തനുണർവേകിയാണ് കഴിഞ്ഞ കാലങ്ങളിൽ 'എജുകഫെ' കടന്നുപോയത്. ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികളും കരിയർ സ്ഥാപനങ്ങളും വിദ്യാഭ്യാസ വിദഗ്ധരും മേളയിൽ പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞ മാസം കേരളത്തിൽ സംഘടിപ്പിച്ച 'എജുകഫെ'യിൽ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.