വിദ്യാഭ്യാസ അനുഭവങ്ങളുമായി സഫി വി. സയ്യിദ് മടങ്ങുന്നു
text_fieldsഅബൂദബി: ഇസ്ലാമിയ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ കം ഡയറക്ടർ തസ്തികയിൽനിന്ന് രാജിവെച്ച് ഒറ്റപ്പാലം നൂർ ഹൗസിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സഫി വി. സയ്യിദ്. നാലു പതിറ്റാണ്ടുകാലത്തെ വിദ്യാഭ്യാസ രംഗത്തെ അനുഭവ പരിജ്ഞാനം ഭാവിയിൽ നാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു പന്ഥാവ് കണ്ടെത്താമെന്ന ആത്മവിശ്വാസത്തിലാണ് തിങ്കളാഴ്ച കോഴിക്കോടേക്കുള്ള വിമാനത്തിൽ മടങ്ങുന്നത്. സുരക്ഷിതമായ ജോലി 61ാം വയസ്സിൽ ഉപേക്ഷിച്ചുമടങ്ങുന്നത് നേരത്തെ നാട്ടിലേക്ക് മടങ്ങിയ ഭർത്താവ് മൊയ്തൂട്ടിക്കൊപ്പം കഴിയുക എന്ന ഉദ്ദേശ്യത്തിലാണ്.
ഏറോനോട്ടിക്കൽ എൻജിനീയറായിരുന്ന പിതാവ് സയ്യിദിെൻറ ഉദ്യോഗം മാറുന്നതിനനുസരിച്ച് ഇന്ത്യയിലെ വിവിധ ജില്ലകളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഈംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും പൂർത്തിയാക്കിയശേഷം ഒഡിഷയിൽ വ്യോമയാൻ സമസ്ത വിദ്യാലയത്തിലാണ് 1981ൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. അവിടെനിന്ന് കാൺപൂരിൽ നേരത്തെ പഠിച്ചിരുന്ന സെൻറ് ജോസഫ്സ് കോൺവെൻറ് സ്കൂളിലേക്ക് 1984ൽ ജോലി മാറി. 1985ലായിരുന്നു വിവാഹം.
1987ൽ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലായി ജോലി. ടീച്ചറായി ജോലിയിൽ പ്രവേശിച്ച ഈ സ്കൂളിൽനിന്ന് വൈസ് പ്രിൻസിപ്പലായിരിക്കുമ്പോഴാണ് 2005ൽ നാട്ടിലേക്ക് ജോലി മാറുന്നത്. ഒറ്റപ്പാലത്തിനുസമീപം പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിൽ പ്രിൻസിപ്പലായി 2005 ഏപ്രിലിൽ ജോലി ആരംഭിച്ചു. 2007 ഫെബ്രുവരിയിൽ ഈ ജോലി ഒഴിവാക്കിയാണ് ഭർത്താവിനൊപ്പം അബൂദബി ഇസ്ലാമിയ ഇംഗ്ലീഷ് സ്കൂളിൽ വൈസ് പ്രിൻസിപ്പൽ കം എജുക്കേഷനലിസ്റ്റായി എത്തിയത്.
അബൂദബി ഭരണാധികാരിയും രാഷ്ട്രപിതാവുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നെഹ്യാെൻറ പേഴ്സനൽ ഡോക്ടറായിരുന്ന ഡോ. ഷംസുദ്ദീൻ ഹാഷിമിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. 23 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും 14 രാജ്യങ്ങളിൽനിന്നുള്ള അധ്യാപകരും മറ്റു ജീവനക്കാരുമാണ് ഈ സ്കൂൾ ജീവിതത്തിൽ ഒപ്പമുണ്ടായിരുന്നത്. ബ്രിട്ടീഷ് പാഠ്യപദ്ധതിയിലുള്ള ഈ സ്കൂളിലെ 14 വർഷത്തിലധികം നീണ്ട സേവനം നാട്ടിലെത്തിയശേഷമുള്ള ജീവിതത്തിൽ മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയാണ് സഫി സയ്യിദ്. കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങളോടെ സ്കൂൾ മാനേജ്മെൻറ് ഹൃദ്യമായ യാത്രയയപ്പ് നൽകി.
സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, സീനിയർ മാനേജ്മെൻറ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത യാത്രയയപ്പിൽ വിദ്യാർഥികളും അധ്യാപകരും രക്ഷ കർത്താക്കളും വെർച്വലായും പങ്കെടുത്തു. ഭർത്താവ് മൊയ്തൂട്ടിക്കൊപ്പമാണ് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങുക. ഏക മകൻ സമീർ ബംഗളൂരുവിൽ ബയോടെക് എൻജിനീയറാണ്. മരുമകൾ: ഡോ. ഐഷ ജെബിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.