മജ്ജ മാറ്റിവെക്കൽ; ബുർജീലുമായി കൈകോർത്ത് ഈജിപ്ത് ആരോഗ്യമന്ത്രാലയം
text_fieldsഅർബുദ പരിചരണം മെച്ചപ്പെടുത്താനുള്ള കരാറിൽ ഒപ്പുവെച്ച ശേഷം ഈജിപ്ത് ഉപപ്രധാന
മന്ത്രിയും ആരോഗ്യ-ജനസംഖ്യാ മന്ത്രിയുമായ ഖാലിദ് അബ്ദുൽ ഗഫാറും ബുർജീൽ
ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും പ്രതിനിധി
സംഘത്തോടൊപ്പം
ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയായ അറബ് ഹെൽത്തിൽ ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയവുമായി തന്ത്രപ്രധാനമായ കരാറിലേർപ്പെട്ട് യു.എ.ഇയിലെ മുൻനിര ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ്.
ഈജിപ്ത് ഉൾപ്പെടുന്ന ആഫ്രിക്കൻ മേഖലയിലുടനീളം മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ സമഗ്രപദ്ധതി വികസിപ്പിക്കാനും അർബുദ പരിചരണം വിപുലമാക്കാനും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് കരാർ.
യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ അർബുദ പരിചരണ ശൃംഖലകളിലൊന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ബുർജീലിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയായിരിക്കും പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഈജിപ്ത് ആരോഗ്യ മന്ത്രാലയത്തിലെ സെക്രട്ടേറിയറ്റ് ഓഫ് സ്പെഷലൈസ്ഡ് മെഡിക്കൽ സെന്റേഴ്സ് മേധാവി ഡോ. മഹാ ഇബ്രാഹിമും ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ് സി.ഇ.ഒ ജോൺ സുനിലും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഈജിപ്ഷ്യൻ ഉപപ്രധാനമന്ത്രിയും ആരോഗ്യ-ജനസംഖ്യ മന്ത്രിയുമായ ഖാലിദ് അബ്ദുൽ ഗഫാർ, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ഗ്രൂപ് കോ-സി.ഇ.ഒ സഫീർ അഹ്മദ് എന്നിവരും സന്നിഹിതരായിരുന്നു.
പരിശീലനം, ഗവേഷണം, ചികിത്സ ലഭ്യത എന്നിവയിലൂന്നിയ തന്ത്രപ്രധാന സംരംഭങ്ങളിലൂടെ ഈജിപ്ത്തിലെ അർബുദ ചികിത്സാരംഗത്ത് അർഥവത്തായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
നൂതന അർബുദ ചികിത്സ രീതികളിലും മജ്ജ മാറ്റിവെക്കൽപോലുള്ള മറ്റു സങ്കീർണ പരിചരണ മേഖലകളിലും ആരോഗ്യസംരക്ഷണ വിദഗ്ധരെ പ്രാപ്തരാക്കാനുള്ള പരിശീലനം ബുർജീൽ ലഭ്യമാക്കും.
ഇതിന്റെ ഭാഗമായി ഈജിപ്ത്തിൽ മജ്ജ മാറ്റിവെക്കലിനായി കാത്തിരിക്കുന്ന രോഗികൾക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.