പിരിശത്തിൽ പെരുന്നാൾ..
text_fieldsദുബൈ: സ്നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ചെറിയപെരുന്നാൾ ആഹ്ലാദത്തിൽ ഇമാറാത്ത്. കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിക്കപ്പെട്ടതിനാൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ് വ്യക്തികളും സ്ഥാപനങ്ങളും ഈദുൽ ഫിത്റിനെ സ്വീകരിക്കുന്നത്. അതിരാവിലെ രാജ്യത്തെ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കുന്നതോടെയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാവുക.
അബൂദബിയിൽ രാവിലെ 6.22, അൽഐൻ - 6.15, ദുബൈ- 6.18, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ -6.17, റാസൽഖൈമ, ഫുജൈറ- 6.15 എന്നിങ്ങനെയാണ് നമസ്കാര സമയം നിശ്ചയിച്ചിട്ടുള്ളത്. ദുബൈ മതകാര്യവകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും അല്‍മനാര്‍ ഇസ്ലാമിക് സെന്ററും ചേർന്ന് മലയാളികൾക്കായി രണ്ട് ഈദ് ഗാഹുകൾ നടത്തുന്നുണ്ട്.
അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ് നമസ്കാരത്തിന് മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ് നമസ്കാരത്തിന് മൗലവി ഹുസൈന് കക്കാടുമാണ് നേതൃത്വം നല്‍കുന്നത്. ഷാർജ മതകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി ഷാർജ സ്പോർട്സ് ക്ലബ് ഫുട്ബാൾ മൈതാനിയിൽ നടക്കുന്ന മലയാളം ഈദ്ഗാഹിന് പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഷാർജ മസ്ജിദുൽ അസീസിലെ ഖത്തീബുമായ ഹുസൈൻ സലഫിയും നേതൃത്വം നൽകും.
ഈദുൽ ഫിത്ർ ആഘോഷം സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ അധികൃതർ വിപുലമായ സംവിധാനങ്ങളാണ് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ളത്. കൂടുതൽ പൊലീസ് സേനകളെ നിയോഗിച്ചും ശുചീകരണത്തിന് കൂടുതൽ സംവിധാനങ്ങളൊരുക്കിയും വിവിധ സർക്കാർ സംവിധാനങ്ങൾ നേരത്തെ തന്നെ സജീവമായിരുന്നു. നഗരങ്ങളിലെല്ലാം പെരുന്നാളിനെ സ്വീകരിച്ച് അലങ്കാര വിളക്കുകൾ നിറഞ്ഞിട്ടുണ്ട്. പെരുന്നാൾ ദിനത്തിൽ ഈദ് നമസ്കാരം പൂർത്തിയാകുന്നതോടെ പരസ്പരം ആശംസകൾ കൈമാറിയും കുടുംബങ്ങളെ സന്ദർശിച്ചുമാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. വൈകുന്നേരത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗഹൃദങ്ങളുടെയും കുടുംബങ്ങളുടെയും ഒത്തുചേരലിന് വേദിയാകും. ദുബൈയിൽ വിവിധ പാർക്കുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾക്ക് ഈ മാസം 14വരെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യമേഖലക്ക് ഏപ്രിൽ എട്ടിന് തുടങ്ങിയ അവധി വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും. രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും കരിമരുന്ന് പ്രകടനവുമൊക്കെ ആഘോഷത്തിന് മാറ്റുകൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.