പെരുന്നാളൊരുക്കം
text_fieldsദുബൈ: റമദാൻ അവസാനത്തിലേക്ക് കടന്നതോടെ നാടും നഗരവും പെരുന്നാളിനായി ഒരുക്കം തുടങ്ങി. പെരുന്നാൾ വസ്ത്രം വാങ്ങാനും മറ്റുമായി സൂപ്പർമാർക്കറ്റുകളിലും വസ്ത്രാലയങ്ങളിലും എത്തുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചു. നാലോ അഞ്ചോ ദിവസത്തെ അവധി ലഭിക്കുന്നതിനാൽ പെരുന്നാളിനോടനുബന്ധിച്ച് സ്വദേശത്തേക്ക് പോകുന്ന പ്രവാസികളും ധാരാളമുണ്ട്. എന്നാൽ, എല്ലാ ആഘോഷ സീസണുകളിലെന്നപോലെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയ സാഹചര്യമാണുള്ളത്.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ വിവിധ ആഘോഷ പരിപാടികളാണ് ഈദിനോട് അനുബന്ധിച്ച് ഒരുങ്ങുന്നത്. കരിമരുന്ന് പ്രയോഗങ്ങൾ ഇത്തവണയും വിവിധ സ്ഥലങ്ങളിൽ അരങ്ങേറും. ദുബൈയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഇതിന് സൗകര്യമൊരുക്കുന്നുണ്ട്. ബ്ലൂവാട്ടേഴ്സ് ദ്വീപിലും ജെ.ബി.ആർ ബീച്ചിലും ശനിയാഴ്ച രാത്രി ഒമ്പതിനാണ് കരിമരുന്ന് പ്രയോഗം. ദുബൈ പാർക്സ് ആൻഡ് റിസോർട്ട്സ് വിഭാഗവും ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ പരിപാടി ഒരുക്കി. അബൂദബിയിൽ യാസ് ദ്വീപിൽ രണ്ട് ദിവസങ്ങളിൽ യാസ് ബേ വാട്ടർഫ്രണ്ടിൽ രാത്രി ഒമ്പതിന് കരിമരുന്ന് പ്രദർശനം ഉണ്ടാകും. അബൂദബിയിലെ കോർണിഷ് റോഡിൽ നിന്നും പ്രദർശനം കാണാം.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീംപാർക്കുകളിലും അവധിദിവസങ്ങളിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കോവിഡ് നിയന്ത്രണം ഇല്ലാത്ത സാഹചര്യത്തിൽ കുടുംബങ്ങൾ കൂടുതലായി ഇത്തരം സ്ഥലങ്ങളിൽ എത്തും. ദുബൈ ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി എന്നിവിടങ്ങളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കണം
റമദാൻ 29 വ്യാഴാഴ്ച യു.എ.ഇയിൽ മാസപ്പിറവി നിരീക്ഷിക്കാൻ മാസപ്പിറവി നിർണയ സമിതി പൊതുജനങ്ങൾക്ക് നിർദേശം നൽകി. ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ 02 6921166 എന്ന നമ്പറിൽ വിവരം നൽകണമെന്നാണ് നിർദേശം. വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയും ഇല്ലെങ്കിൽ ശനിയാഴ്ചയുമായിരിക്കും പെരുന്നാൾ.
ദുബൈയിൽ പാർക്കിങ് സൗജന്യം
ഈദുൽ ഫിത്ർ അവധിദിവസങ്ങളിൽ വിവിധ എമിറേറ്റുകളിൽ പാർക്കിങ് സൗജന്യം ഇത്തവണയും ലഭിക്കും. ദുബൈയിൽ മൾടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ സൗജന്യം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച (റമദാൻ 29) മുതൽ സൗജന്യ പാർക്കിങ് പ്രവർത്തനക്ഷമമാകും. ശവ്വാൽ മൂന്ന് (പെരുന്നാൾ മുതൽ മൂന്നാമത്തെ ദിവസം) വരെ സൗജന്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.