കുടുംബഭദ്രത സാമൂഹിക സുരക്ഷിതത്വത്തിന്റെ അടിത്തറ -ഹുസൈന് കക്കാട്
text_fieldsഖിസൈസിലെ ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന
ഈദ് ഗാഹിന് ഹുസൈൻ കക്കാട് നേതൃത്വം നൽകുന്നു
ദുബൈ: ആദര്‍ശഭദ്രതയും കെട്ടുറപ്പും ഐക്യവുമുള്ള കുടുംബഘടനയാണ് സാമൂഹിക സുരക്ഷിതത്വത്തിന്റെ അടിത്തറയെന്നും മഹത്തായ രാഷ്ട്രഘടനയുടെ നിര്‍ഭയമായ നിലനില്‍പ്പിന് സുസജ്ജമായ കുടുംബവ്യവസ്ഥ അനിവാര്യമാണെന്നും പ്രമുഖ പണ്ഡിതനും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റും ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദ് ഖത്തീബുമായ ഹുസൈന് കക്കാട് പ്രസ്താവിച്ചു. ദുബൈയില്‍ മലയാളികള്‍ക്കായി മതകാര്യവകുപ്പ് അനുവദിച്ച രണ്ടാമത്തെ ഈദ്ഗാഹിന് ഖിസൈസിലെ ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തങ്ങളും കടമകളും മതം വ്യക്തികള്‍ക്കുമേല്‍ അടിസ്ഥാനപരമായി ഏല്പിച്ച ചുമതലകളാണ്. വ്രതാനുഷ്ഠാനം കുടുംബങ്ങളുടെ ഐക്യത്തിന്റെ പ്രതീകം കൂടിയാണ്. വ്രതപരിസമാപ്തി കുറിക്കുന്ന ആഘോഷങ്ങളിലും പ്രഥമ പരിഗണന കുടുംബങ്ങള്‍ക്ക് ആയിരിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
കേരളീയ സമൂഹം നേരിടുന്ന വലിയ വിപത്തായ ലഹരിയുടെ വ്യാപനം സമൂഹത്തിന് സര്‍വനാശമാണ് നല്‍കുകയെന്നും യുദ്ധമോ പ്രകൃതിക്ഷോഭമോ ഉണ്ടാക്കുന്ന വിപത്തിനേക്കാള്‍ ഭയാനകമാണ് ജീവച്ഛവമായി നില്ക്കുന്ന ലഹരിക്ക് അടിപ്പെട്ട തലമുറ നമുക്കുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വിശാലമായ ഗ്രൗണ്ടില്‍ സംവിധാനിച്ച ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.