പെരുന്നാൾ പൊലിമയിലേക്ക് രാജ്യം
text_fieldsഅബൂദബി: ഈദുല്‍ ഫിത്ര് അവധി സകുടുംബവും ആഘോഷമാക്കാന്‍ അബൂദബി എമിറേറ്റിൽ അടക്കം രാജ്യത്ത് ഒരുക്കിയിരിക്കുന്നത് ആകർഷകമായ നിരവധി പരിപാടികള്‍. സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും കരിമരുന്ന് പ്രകടനവുമൊക്കെ ആഘോഷത്തിന് മാറ്റുകൂട്ടും. യാസ് ഐലന്‍ഡില്‍ രണ്ടിടങ്ങളിലാണ് കരിമരുന്ന് പ്രകടനമുണ്ടാവുക. യാസ് മറീന, യാസ് ബേ എന്നിവിടങ്ങളിലാണ് യാസ് ഐലന്‍ഡില്‍ കരിമരുന്ന് പ്രടനം അരങ്ങേറുക. പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസങ്ങളില്‍ രാത്രി ഒമ്പതിനാണ് ഇവിടെ കരിമരുന്ന് പ്രകടനം ഉണ്ടാവുക. ഹുദൈരിയാത്ത് ഐലന്‍ഡിലെ മര്സാനയില് പെരുന്നാള്‍ ദിനം രാത്രി ഒമ്പതിനും കരിമരുന്ന് പ്രകടനം അരങ്ങേറും.
ഫോണ്ടാനയുടെ മ്യൂസിക്കല്‍ ഫൗണ്ടെയ്ന് ഏപ്രില്‍ 14 മുതല്‍ ജൂണ്‍ 20 വരെ നീണ്ടു നിൽക്കും. സാഹസിക പ്രകടനങ്ങളും സര്‍ക്കസ് അഭ്യാസങ്ങളും ഡാന്‍സിങ് ഫൗണ്ടെയ്നുമടക്കമുള്ള വിരുന്നൊരുക്കി യാസ് ക്രിയേറ്റിവ് ഹബ്ബിനു സമീപമാണ് ഫോണ്ടാന സര്‍ക്കസ് കൂടാരം പ്രവര്‍ത്തിക്കുക. കുടുംബങ്ങളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ പരിപാടികളാണ് സര്‍ക്കസിന്റെ ഭാഗമായി അരങ്ങേറുക. യാസ് ഐലന്‍ഡിലെ തീം പാര്‍ക്കുകളില്‍ പെരുന്നാളുമായി ബന്ധപ്പെട്ട് നാലു ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. ഫെരാരി വേള്‍ഡിലും യാസ് വാട്ടര്‍ വേള്ഡിലുമെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നതിന് പരമ്പരാഗത അയല ഡാന്‍സ്, ഹെന്ന ഇടല്, ഫേസ് പെയിന്റിങ് മുതലായവ അരങ്ങേറും. സീ വേള്‍ഡില്‍ സമുദ്ര ജീവികളുടെ കാഴ്ചാവിരുന്നാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മല്‍സ്യത്തൊഴിലാളികളുടെ നൃത്തവും സാന്‍ഡ് ആര്‍ട്ടും മീന്‍വല നിര്‍മാണവും ഫാല്‍ക്കണെ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം ഇവിടെ കാണാനാവും.
ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കില്‍ ദിവസം മുഴുവന്‍ നീളുന്ന വിനോദപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ ഉദ്യാനത്തില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെ പരിപാടികളുണ്ട്. വൈകീട്ട് അഞ്ചുമുതല്‍ രാത്രി 10 വരെ സന്ദര്‍ശകര്‍ക്കായി കുതിര, ഒട്ടക സവാരി സൗകര്യവും ഇവിടെയുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെ വെള്ളത്തില്‍ കളിക്കാനുള്ള സൗകര്യവും കുടുംബങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. സിനിമാ ഇന്‍ ദ പാര്‍ക്കില്‍ പ്രത്യേക പ്രദര്‍ശനങ്ങളുമുണ്ടാവും. പെരുന്നാള്‍ മുതലുള്ള മൂന്നുദിവസങ്ങളിലാണ് കുടുംബ ചിത്രങ്ങളുടെ പ്രദര്‍ശനം. ഹുദൈരിയാത്ത് ഐലന്‍ഡിലെ മര്സാനയില് സന്ദര്‍ശകര്‍ക്കായി പൈതൃകവും ആധുനികതയും കൂട്ടിക്കലര്‍ത്തിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡിജെ, ഔട്ട് ഡോര്‍ സിനിമ, ഹെന്ന ഇടാനുള്ള സൗകര്യം, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, പോപ് കോണ്‍, കോട്ടന്‍ കാന്‍ഡി നിര്‍മിച്ചു നല്കല്, ഒട്ടേറെ സമ്മാനങ്ങള്‍ ലഭിക്കുന്ന കളി സ്ഥലങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ടാവും. ലൗവ് റേ അബൂദബിയിലും സാംസ്കാരിക, സിനിമാ പ്രദര്‍ശനമടക്കം ഒട്ടേറെ പരിപാടികള്‍ കുടുംബങ്ങള്‍ക്കായി ഒരുക്കും. ഗലേറിയ അല്‍ മറിയ ഐലന്‍ഡിലും നിരവധി പരിപാടികള്‍ കുടുംബങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ദുബൈയിൽ ഗ്ലോബൽ വില്ലേജിൽ അടക്കം വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധയിടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.