പെരുന്നാൾ ആഘോഷം പരിധിവിടരുത്
text_fieldsദുബൈ: ഈദുൽ അദ്ഹ ആഘോഷം സുരക്ഷിതമാക്കാൻ ആരോഗ്യ വകുപ്പിെൻറ നിർദേശം.കോവിഡ് മുൻകരുതൽ പാലിക്കാതെ ആഘോഷം കൈവിട്ടാൽ രോഗവ്യാപന സാധ്യതയുണ്ടാകുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ആറുദിവസ അവധിയാണ് ജൂലൈ 19 മുതൽ ലഭിക്കുന്നത്.
ആൾക്കൂട്ടവും കൂടിച്ചേരലുകളും മറ്റു ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനവുമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ രോഗവ്യാപനമുണ്ടാകും. അതിനാൽ എല്ലാ സുരക്ഷ മുൻകരുതലുകളും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹുസനി പറഞ്ഞു.
കഴിഞ്ഞ മൂന്ന് അവധിക്കാലത്തിനും ശേഷം രാജ്യത്ത് കോവിഡ് കേസുകളും മരണവും വർധിച്ചെന്നും അവർ പറഞ്ഞു. ചെറിയപെരുന്നാൾ, പുതുവർഷം, കഴിഞ്ഞ വർഷത്തെ ഈദുൽ അദ്ഹ എന്നീ ആഘോഷങ്ങൾക്ക് ശേഷമാണ് രോഗവ്യാപനമുണ്ടായത്.
കഴിഞ്ഞ വലിയ പെരുന്നാളിന് ശേഷം 500 ശതമാനം വർധനയാണ് കേസുകളിൽ രേഖപ്പെടുത്തിയത്. പുതുവർഷരാവിന് ശേഷം 200 ശതമാനവും ചെറിയ പെരുന്നാളിന് ശേഷം 60 ശതമാനവും വർധനവുണ്ടായി. ഈ കണക്കുകൾ ആഘോഷവേളകളിൽ ജാഗ്രതയുണ്ടാകണമെന്നതിനെ അടിവരയിടുന്നതാണെന്നും വക്താവ് പറഞ്ഞു.
വാക്സിനേഷൻ വർധന രാജ്യത്ത് കോവിഡ് കേസുകൾ കുറച്ചിട്ടുണ്ടെങ്കിലും പൂർണമായും സുരക്ഷിത സാഹചര്യമായിട്ടില്ല. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂടിച്ചേരലുകൾ ഒഴിവാക്കുക എന്നീ മാനദണ്ഡങ്ങൾ പാലിക്കാനാണ് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നത്. വാക്സിൻ സ്വീകരിക്കാത്തവർ പെട്ടെന്ന് അത് പൂർത്തിയാക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.
രാജ്യത്ത് കുട്ടികളടക്കമുള്ളവർക്ക് വാക്സിൻ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിൽ ലോകത്ത് ഏറെ മുന്നിലുള്ള രാജ്യമാണ് യു.എ.ഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.