ഈദ്; അബൂദബിയിൽ സൗജന്യ പാര്‍ക്കിങ്, ടോള്‍
text_fieldsഅബൂദബി: ഈദുല്‍ ഫിത്ര് അവധി ദിനങ്ങളിൽ എമിറേറ്റിൽ സൗജന്യ പാര്‍ക്കിങ്, ടോള്‍ സൗകര്യങ്ങള്‍ പ്രഖ്യാപിച്ച് അബൂദബി നഗര, ഗതാഗത വകുപ്പിന് കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം. ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 14 വരെയുള്ള സേവന സമയവും കേന്ദ്രം വ്യക്തമാക്കി. അവധി ദിനങ്ങളില്‍ പാര്‍ക്കിങ്ങും ടോള്‍ ഗേറ്റുകളും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ അവധി ദിവസം അടച്ചിടും. സംയോജിത ഗതാഗത കേന്ദ്രത്തിന്റെ വെബ്സൈറ്റ് വഴിയും ദര്‍ബ് വെബ്സൈറ്റും ആപ്പുകളും മുഖേനയോ താം പ്ലാറ്റ്ഫോം മുഖേനയോ സര്‍ക്കാറിന്റെ ഡിജിറ്റല്‍ സേവനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. നഗര, ഗതാഗത വകുപ്പിന്റെ ഏകീകൃത സേവന പിന്തുണാകേന്ദ്രത്തിനെ 800580 എന്ന നമ്പരിലോ അല്ലെങ്കില്‍ ടാക്സ് കോള്‍ സെന്ററിന്റെ 600535353 എന്ന നമ്പരിലോ വിളിച്ച് ഏതുസമയത്തും സഹായം തേടാവുന്നതുമാണ്.
മവാഖിഫ് പാര്‍ക്കിങ്
മവാഖിഫ് പാര്‍ക്കിങ് ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 15 തിങ്കള്‍ രാവിലെ 7.59 വരെ സൗജന്യമായിരിക്കും. മുസ്സഫ എം-18 ട്രാക്ക് പാര്‍ക്കിങ് സൗകര്യവും പെരുന്നാള്‍ അവധി ദിവസങ്ങളില്‍ സൗജന്യമാണ്. നിരോധിത മേഖലകളിൽ ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നിര്‍ദേശിക്കപ്പെട്ട രീതിയിലാവണം പാര്‍ക്കിങ്. താമസകേന്ദ്രങ്ങളില്‍ രാത്രി 9 മുതല്‍ രാവിലെ 8 വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും കേന്ദ്രം നിര്‍ദേശിച്ചു.
ദര്‍ബ് ടോള്‍ ഗേറ്റ്
ദര്‍ബ് ടോള്‍ ഗേറ്റ് ഏപ്രില്‍ 8 തിങ്കള്‍ മുതല്‍ ഏപ്രില്‍ 14 വരെ സൗജന്യമായിരിക്കും. ഏപ്രില്‍ 15 മുതല്‍ പതിവുപോലെ രാവിലെ ഏഴു മുതല്‍ 9 വരെയും വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഏഴു വരെയും ടോള്‍ പിരിച്ചുതുടങ്ങും.
പൊതു ബസ് സര്‍വിസ്
ഈദുല്‍ ഫിത്ര് അവധി ദിവസം പൊതു ബസ് സര്‍വിസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. ആവശ്യക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് അധിക സര്‍വിസുകള്‍ നടത്തുകയും ചെയ്യും. ഇന്റര്‍സിറ്റി സര്‍വിസുകളുടെ എണ്ണം റമദാന് അവസാനദിവസങ്ങളിലും പെരുന്നാള്‍ അവധി ദിനങ്ങളിലും കൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി 11 വരെ അബൂദബി എക്സ്പ്രസ്, അബൂദബി ലിങ്ക് ബസ് സര്‍വിസുകള്‍ പ്രവര്‍ത്തിക്കും. ബുധന്മുതല് ഞായര്‍വരെയുള്ള ദിവസങ്ങളില്‍ 60 മിനിറ്റ് ഇടവേളകളില്‍ ഓട്ടോമേറ്റഡ് റാപിഡ് ട്രാന്‍സിറ്റ് (എ.ആര്‍ടി) സേവനവും പൊതുജനങ്ങള്‍ക്കു ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.