ഈദ് അവധി: അബൂദബി ഹോട്ടലുകളിൽ 30 ശതമാനം വരെ ആനുകൂല്യം
text_fieldsഅബൂദബി: ഈദുൽ അദ്ഹ അവധി ദിവസങ്ങളിൽ ഹോട്ടൽ ബുക്കിങ്ങുകൾ വർധിപ്പിക്കാൻ 30 ശതമാനം വരെ കിഴിവുമായി അബൂദബിയിലെ ഹോട്ടലുകൾ. ഹോട്ടൽ മേഖല ‘കോവിഡ് -19’ പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളിൽനിന്ന് ക്രമേണ വീണ്ടെടുക്കുന്നതിെൻറ തുടക്കമാകും ഈദ് ആഘോഷ ദിനങ്ങളെന്ന് അബൂദബി ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നു.നിലവിൽ ഹോട്ടലുകളിലെ റിസർവേഷനുകൾ വളരെ പ്രതീക്ഷ പകരുന്നതാണ്. അബൂദബിയിലെ ബീച്ച് ഹോട്ടലുകളിൽ ഒക്യുപൻസി നിരക്ക് 75 ശതമാനം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തിെൻറ പ്രതിസന്ധിയിൽനിന്ന് ക്രമേണ ഉണരുന്നതിെൻറ സൂചനയാണിത്. എല്ലാ ഹോട്ടലുകളും അണുനശീകരണ പദ്ധതികളും കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് അതിഥികളെ വരവേൽക്കുന്നത്. ഇതുവരെ ലഭിച്ച റിസർവേഷനും താമസക്കാരിൽനിന്നുള്ള ഡിമാൻഡും നിലവിലെ സാഹചര്യങ്ങളിൽ പ്രതീക്ഷകളെ കവച്ചുവെക്കുന്നതായി റൊട്ടാന അബൂദബി ഹോട്ടലുകളിലെ റവന്യൂ വിതരണ വിഭാഗം വൈസ് പ്രസിഡൻറ് സാം അൽ അസ്മർ ചൂണ്ടിക്കാട്ടുന്നു. ഗോ സെയ്ഫ് പ്രോഗ്രാമിലൂടെ സന്ദർശകരെ സുരക്ഷിതമാണെന്ന ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്നതിനുള്ള നടപടികളാണ് നടപ്പാക്കുന്നത്.
70 മുതൽ 75 ശതമാനം വരെ തൊഴിൽ നിരക്കും വർധിച്ചു. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും കായിക സൗകര്യങ്ങളും നീന്തൽക്കുളങ്ങളും വീണ്ടും തുറക്കുന്നതും സന്ദർശകരുടെ വർധനക്കിടയാക്കി. സാവധാനം പ്രതിസന്ധികളെ അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് എല്ലാ ഹോട്ടൽ ഗ്രൂപ്പുകളും പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ സീസണിലെ വാടകയെ അപേക്ഷിച്ച് 20 ശതമാനത്തിലധികം കിഴിവാണ് ഇക്കുറിയുള്ളത്. താമസത്തിന് പുറമെ ഭക്ഷണത്തിനും പാനീയത്തിനും ആനുകൂല്യം നൽകുന്നുണ്ട്. അബൂദബി എമിറേറ്റിലേക്കുള്ള പ്രവേശന നിയന്ത്രണം എടുത്തുകളയുന്നതോടെ കൂടുതൽ സന്ദർശകരെത്തും. ഇതോടെ രാജ്യത്തിനകത്തുനിന്നുള്ള റിസർവേഷനുകളും വർധിക്കുമെന്ന് അബൂദബി ഫെയർമോണ്ട് ബാബ് അൽ ബഹർ ഹോട്ടലിലെ മാർക്കറ്റിങ് ഡയറക്ടർ മോണാ അവ്നി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.