പെരുന്നാൾ അവധി: സുരക്ഷക്ക് വിപുല സന്നാഹമൊരുക്കി ദുബൈ പൊലീസ്
text_fieldsദുബൈ: പെരുന്നാളിന് ഒരാഴ്ചയിലധികം നീളുന്ന പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ എമിറേറ്റിലെ പൊതുജന സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സന്നാഹങ്ങൾ ഒരുക്കി ദുബൈ പൊലീസ്. 429 പട്രോൾ കാറുകൾ, രണ്ട് ഹെലികോപ്ടറുകൾ, 62 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 34 മറൈൻ സെക്യൂരിറ്റി ബോട്ടുകൾ, 135 ആംബുലൻസുകൾ, 10 സമുദ്രരക്ഷാ ബോട്ടുകൾ,
51 പട്രോൾ സൈക്കിൾ, അഞ്ച് പ്രതികരണ വാഹനങ്ങൾ എന്നിവയുൾപ്പെടെ സുരക്ഷക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദുബൈ പൊലീസിന്റെ ഓപറേഷൻസ് അഫേഴ്സ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി പറഞ്ഞു. കൂടാതെ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുമായി സഹകരിച്ച് അവധി ദിനങ്ങളിൽ ഗതാഗത സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ദുബൈ മെട്രോക്കും ട്രാമിനുമായി 107 ട്രെയിനുകളാണ് സർവിസ് നടത്തുന്നത്.
അതോടൊപ്പം 1,150 ബസുകൾ, 12,632 ടാക്സി കാറുകൾ, 13,912 ലിമോസിനുകൾ, 57 മറൈൻ ട്രാൻസ്പോർട്ട് വാഹനങ്ങളും സർവിസ് നടത്താനായി സജ്ജമാണെന്ന് ആർ.ടി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശ്രമിക്കണമെന്നും പൊലീസ് ഓർമപ്പെടുത്തി. റോഡപകടങ്ങൾ തടയുന്നതിന് റോഡുകളിൽ നിശ്ചയിച്ചിട്ടുള്ള വേഗപരിധി പാലിക്കണം. നഗരത്തിൽ സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഏഴ് കൺട്രോൾ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഓപൺ മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, പള്ളികൾ, വലിയ രീതിയിൽ വിശ്വാസികൾ ഒരുമിച്ചുകൂടുന്ന പ്രാർഥന ഹാളുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കും. ബീച്ചുകൾ, നീന്തൽ കുളങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവർ കുട്ടികളെ ശ്രദ്ധിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. പെരുന്നാൾ ദിനത്തിൽ കുട്ടികളെ പടക്കങ്ങൾ പൊട്ടിക്കാൻ അനുവദിക്കരുതെന്ന് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.