ഈദുൽ ഫിത്ർ; ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി
text_fieldsദുബൈ: പെരുന്നാൾ ആഘോഷത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ റസ്റ്റാറൻറുകളിലും കടകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധനകൾ ശക്തമാക്കി ദുബൈ മുനിസിപ്പാലിറ്റി അധികൃതർ. റോഡുകളിലും പൊതു സ്ഥലങ്ങളിലും ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങളും മറ്റു സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. വിനോദ പരിപാടികളും ഷോകളും നടക്കുന്ന പ്രധാന സ്ഥലങ്ങളും പാർക്കുകളും മുനിസിപ്പാലിറ്റി പരിശോധിച്ചിട്ടുണ്ട്.
പ്രധാനമായും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നടപടികൾ സ്വീകരിക്കുന്നത്. ഭക്ഷ്യ ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനും സംഭരിക്കുന്നതിനും തയാറാക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്നാണ് നിരീക്ഷിക്കുന്നത്. പെരുന്നാൾ ദിനത്തിൽ ഭക്ഷ്യയിനങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്ന സാഹചര്യമുണ്ട്. ഇത് മുന്നിൽക്കണ്ട് ഭക്ഷ്യ സ്ഥാപനങ്ങൾ, ഹൈപ്പർ മാർക്കറ്റുകൾ, മധുരപലഹാര കടകൾ, ചോക്ലറ്റ് കടകൾ, ജനപ്രിയ അറബിക് മധുരപലഹാര കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകൾ നടന്നുവരുന്നുണ്ട്. ദുബൈ മുനിസിപ്പാലിറ്റിക്കുകീഴിലെ ഭക്ഷ്യ പരിശോധന സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വ്യക്തി ശുചിത്വവും മറ്റു നിർദേശങ്ങളും പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഹൈപ്പർ മാർക്കറ്റുകൾ, സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റ്, വാട്ടർഫ്രണ്ട് മാർക്കറ്റ് എന്നിവിടങ്ങളിലും പരിശോധന തുടരും. അംഗീകാരമുള്ള അറവുശാലകളിൽനിന്നുമാത്രം മാംസ വിഭവങ്ങൾ വാങ്ങണമെന്ന് പൊതുസമൂഹത്തെ ബോധവത്കരിക്കുന്ന കാമ്പയിനും മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്.
വൃത്തി ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ 10 ഈദ് ഗാഹുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പള്ളികൾക്കും ഈദ് പരിപാടികൾ നടക്കുന്ന വേദികൾക്കും സമീപം 45 മാലിന്യ സംഭരണ സംവിധാനങ്ങളും വേസ്റ്റ് ബാസ്കറ്റുകളും സ്ഥാപിക്കുകയും ചെയ്തു. 2,250 ശുചീകരണ തൊഴിലാളികൾക്കുപുറമെ സ്വകാര്യ മേഖലയിലെ 426 തൊഴിലാളികൾ, 250ലധികം സൂപ്പർവൈസറി, മോണിറ്ററിങ് ജീവനക്കാർ എന്നിവരെയും മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്. 307 ഹെവി വാഹനങ്ങൾ, 214 ചെറുവാഹനങ്ങൾ, 120 വാടക വാഹനങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. എമിറേറ്റിലെ ബീച്ചുകളുടെ ശുചിത്വം ഉറപ്പാക്കാൻ 73 ശുചീകരണത്തൊഴിലാളികൾ അടങ്ങുന്ന ഒരു ടീമിനെയും ചുമതലപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.