പെരുന്നാൾ അവധി: ഗ്ലോബൽ വില്ലേജിൽ പുതിയ സമയക്രമം
text_fieldsദുബൈ: എമിറേറ്റിൽ സന്ദർശകരുടെയും നിവാസികളുടെയും ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജ് പെരുന്നാൾ അവധി ദിനങ്ങളിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു. റമദാനിന്റെ തുടക്കം മുതൽ സന്ദർശക സമയം വൈകിട്ട് ആറു മുതൽ ആക്കിയിരുന്നു. റമദാൻ അവസാനിക്കുന്നതോടെ ഇത് പഴയ പോലെ വൈകിട്ട് നാലുമണിയിലേക്ക് തന്നെ തിരിച്ചെത്തും. കൂടാതെ പെരുന്നാൾ അവധി ദിനങ്ങളിൽ പ്രവർത്തന സമയം പുലർച്ചെ രണ്ടു മണിവരെയായി ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഘോഷദിനങ്ങളിൽ സന്ദർശകർക്ക് ഗംഭീര കാഴ്ചകളാണ് ആഗോള ഗ്രാമത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ആഘോഷ വേളയിൽ എല്ലാ ദിവസവും രാത്രി ഒമ്പതു മുതൽ ആകാശത്ത് വർണ വിസ്മയങ്ങൾ തീർക്കുന്ന കരിമരുന്ന് പ്രയോഗം ഉണ്ടാകും.
കുടുംബത്തോടൊപ്പം സായം സന്ധ്യകർ ആസ്വദിക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ ഓരോ ഭാഗങ്ങളും മനോഹരമായ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ത്രില്ലടിപ്പിക്കുന്ന വിവിധ തരം കാർണിവലുകളും സന്ദർശകർക്ക് നവ്യാനുഭവം പകരുന്നതാണ്. ആഘോഷ ദിനങ്ങളിൽ 200ലധികം സാംസ്കാരിക വിനോദ പരിപാടികൾ പാർക്കിൽ അരങ്ങേറും. ഭക്ഷണപ്രിയർക്ക് രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കാനായി ഭക്ഷ്യവൈധ്യങ്ങളെ പരിചയപ്പെടുത്തുന്ന 250ലധികം റസ്റ്റോറന്റുകൾ, കിയോസ്കുകൾ, ഫുഡ് ട്രക്കുകൾ, കഫേകൾ എന്നിവയും ഗ്ലോബൽ വില്ലേജിൽ പ്രവർത്തന സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.