എട്ടുമാസം: ഇത്തിഹാദിൽ യാത്ര ചെയ്തത് 1.2 കോടി പേർ
text_fieldsദുബൈ: യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി ഇത്തിഹാദ് എയർവേസ്. കഴിഞ്ഞ എട്ടു മാസത്തിനിടെ 1.2 കോടി പേരാണ് ഇത്തിഹാദിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 36 ശതമാനമാണ് വർധന. ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 12 മാസത്തിനിടെ യാത്രക്കാരുടെ എണ്ണം 1.7 കോടിയാണ്.
2022നേക്കാൾ 70 ശതമാനമാണ് വർധന. ആഗസ്റ്റിൽ 17 ലക്ഷം യാത്രക്കാരെ കൊണ്ടുപോകാൻ ഇത്തിഹാദിന് കഴിഞ്ഞു. ആഗസ്റ്റിൽ ശരാശരി യാത്രക്കാരെ വഹിക്കാനുള്ള ഇത്തിഹാദിന്റെ ശേഷി 89 ശതമാനമായി ഉയരുകയും ചെയ്തു. വേനലവധി സീസണിൽ ഇത്തിഹാദ് കാഴ്ചവെച്ച ശക്തമായ പ്രകടനമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആഗസ്റ്റിൽ യാത്രക്കാരുടെ എണ്ണം കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും തുടർച്ചയായ വളർച്ചയാണ് ഇത് കാണിക്കുന്നതെന്നും ഇത്തിഹാദ് എയർവേസ് സി.ഇ.ഒ അന്റോനോൾഡോ നെവസ് പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം 79ൽ നിന്ന് 95 ആയി ഉയർത്താനും സാധിച്ചു. 16 വിമാനങ്ങളാണ് കമ്പനി പുതുതായി കൂട്ടിച്ചേർത്തത്. ആഗസ്റ്റിൽ വാങ്ങിയ ആറ് എ321 നിയോസ് എയർക്രാഫ്റ്റുകളിൽ രണ്ടെണ്ണം ഈ വർഷം പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ കഴിഞ്ഞ വർഷത്തേക്കാൾ 10 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുകൂടി സർവിസ് വ്യാപിപ്പിക്കാനും കഴിഞ്ഞു.
പുതിയ ലക്ഷ്യസ്ഥാനങ്ങളുടെ വർധന വ്യോമഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള വ്യാമഗതാഗത ഹബ് എന്ന നിലയിൽ അബൂദബിയുടെ സ്ഥാനത്തെ പിന്തുണക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.