എട്ടുമാസം: സിനിമാ മേഖലയിൽ 51.7 കോടിയുടെ വരുമാനം
text_fieldsഅബൂദബി: 2024ലെ ആദ്യ എട്ടുമാസംകൊണ്ട് യു.എ.ഇയിലെ സിനിമാ മേഖല 51.7 കോടി ദിര്‍ഹമിന്റെ വരുമാനമുണ്ടാക്കിയതായി യു.എ.ഇ മീഡിയാ കൗണ്‍സില്‍. 1.1 കോടി ടിക്കറ്റുകളാണ് ഇക്കാലയളവില്‍ വിറ്റുപോയതെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലുള്ള തിയറ്റര്‍ അനുഭവം പ്രദാനം ചെയ്യുന്ന യു.എ.ഇയിലെ തിയറ്ററുകളോടുള്ള കാണികളുടെ താല്പര്യത്തിന്റെ പ്രതിഫലനമാണ് ഇതു തെളിയിക്കുന്നതെന്നും യു.എ.ഇ മീഡിയ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് സഈദ് അല്‍ ഷേഹി പറഞ്ഞു.
പശ്ചിമേഷ്യയിലെ സിനിമാ വിപണിയുടെ 30 ശതമാനം യു.എ.ഇയില്‍നിന്നാണ്. സിനിമാ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മികച്ച നിക്ഷേപങ്ങളും ആഗോളതലത്തിലെ പ്രമുഖ ഫിലിം സ്റ്റുഡിയോകളുമായുള്ള പങ്കാളിത്തവുമാണ് ആഗോള സിനിമാ കേന്ദ്രമെന്നനിലയില്‍ യു.എ.ഇയുടെ പ്രശസ്തി വര്‍ധിപ്പിക്കുന്നത്.
ഇരുന്നൂറിലേറെ രാജ്യക്കാര്‍ യു.എ.ഇയില്‍ അധിവസിക്കുന്നു എന്നതും കൂടുതല്‍ സിനിമകളെ മേഖലയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വിവിധ എമിറേറ്റുകളിലായി 72 തിയറ്ററുകളിലായി 702 സ്ക്രീനുകളാണ് വിവിധ ഭാഷകളിലുള്ള സിനിമകള്‍ക്കായി യു.എ.ഇയില്‍ സജ്ജമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.