കോവിഡ് വാക്സിൻ വിതരണത്തിന് അബൂദബിയിൽ പുതിയ എട്ടു കേന്ദ്രങ്ങൾ
text_fieldsദുബൈ: കോവിഡ് മഹാമാരിയെ കുടഞ്ഞെറിയാൻ പ്രതിരോധത്തിെൻറ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന രാജ്യത്ത് വാക്സിൻ വിതരണത്തിന് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി. അബൂദബി എമിറേറ്റിൽ പുതിയ എട്ടു സ്വകാര്യ സ്ഥാപനങ്ങൾകൂടി വാക്സിൻ വിതരണകേന്ദ്രമായി സജ്ജീകരിച്ചു. ഇതോടെ അബൂദബിയിൽ മാത്രം 105 കേന്ദ്രങ്ങളിലായാണ് കോവിഡ് വാക്സിൻ വിതരണം നടക്കുന്നതെന്ന് അബൂദബി മീഡിയ ഓഫിസ് സമൂഹ മാധ്യമത്തിൽ കുറിച്ചു. അബൂദബി സിറ്റിയിൽ അഞ്ചും അൽഐൻ മേഖലയിൽ മൂന്നും കേന്ദ്രങ്ങളാണ് പുതുതായി തുറന്നിരിക്കുന്നത്.
കാപിറ്റൽ ഹെൽത്ത് സ്ക്രീനിങ് സെൻറർ-അൽ ജസീറ സ്പോർട്സ് ക്ലബ് ബ്രാഞ്ച്, ഹെൽത്ത് പോയൻറ് ഹോസ്പിറ്റൽ, ഇംപീരിയൽ കോളജ് ലണ്ടൻ ഡയബറ്റിസ് സെൻറർ-അൽ ഖലീജ് അൽ അറബി ബ്രാഞ്ച്, സായിദ് സ്പോർട്സ് സിറ്റിയിലെ ഇംപീരിയൽ കോളജ് ലണ്ടൻ ഡയബറ്റിസ് സെൻറർ, അമാന ഹെൽത്ത് കെയർ പുനരധിവാസ കേന്ദ്രം എന്നിവയാണ് പുതുതായി തുറന്ന കേന്ദ്രങ്ങൾ. അൽ ഐനിൽ ഇംപീരിയൽ കോളജ്, ലണ്ടൻ ഡയബറ്റിസ് സെൻറർ എന്നിവിടങ്ങളിലും വാക്സിൻ വിതരണ സൗകര്യമേർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അബൂദബിയിൽ 97 വാക്സിൻ വിതരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചത്.
പൗരന്മാർക്കും താമസക്കാർക്കും പൂർണമായും സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചതായി അബൂദബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മുൻകൂട്ടിയുള്ള ബുക്കിങ് ഇല്ലാതെ തന്നെ വിതരണ കേന്ദ്രങ്ങളിലെത്തി ആർക്കും വാക്സിൻ സ്വീകരിക്കാം. 18 വയസ്സും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും എമിറേറ്റ്സ് ഐഡിയുമായി കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, 18 വയസ്സിന് താഴെയുള്ളവർ, മരുന്നോ ഭക്ഷണമോ കൊണ്ട് അലർജിയുണ്ടാവുന്നവർ, വിട്ടുമാറാത്ത രോഗങ്ങളുമായി വലയുന്നവർ എന്നിവർ വാക്സിൻ സ്വീകരിക്കാൻ പാടില്ല.
അബൂദബി സിറ്റിയിൽ ആകെ 39 ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണത്തിനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചിരിക്കുന്നത്. അൽ ഐനിൽ ആശുപത്രികൾ ഉൾപ്പെടെ 28 കേന്ദ്രങ്ങളിലും അൽ ദഫ്റ മേഖലയിൽ 10 കേന്ദ്രങ്ങളിലും വാക്സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അബൂദബിയിലെ എട്ടു മജ്ലിസുകളിലും അൽഐനിൽ 14 മജ്ലിസുകളിലും വാക്സിൻ വിതരണം നടക്കും. അൽ ദഫ്റ മേഖലയിലെ ഏഴു മജ്ലിസുകളാണ് വാക്സിൻ വിതരണത്തിനായി തയാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.