ഐൻസ്റ്റീൻ ഇവിടെയുണ്ട്; സംശയമുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കാം
text_fieldsആൽബർട്ട് ഐൻസ്റ്റീനെ കൈയിൽ കിട്ടിയാൽ നിങ്ങൾക്ക് എന്തൊക്കെ ചോദിക്കാനുണ്ടാകും. അദ്ദേഹം മൺമറഞ്ഞ് ഏഴ് പതിറ്റാണ്ട് പിന്നിടുേമ്പാൾ ശാസ്ത്രലോകം അപ്പാടെ മാറിയിരിക്കുന്നു. ഈ മാറ്റത്തെ കുറിച്ചും ഐൻസ്റ്റീൻ തിയറികളെ കുറിച്ചും അദ്ദേഹത്തോട് 'നേരിട്ട്' ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എക്സ്പോയിൽ അവസരമുണ്ട്. സ്വിറ്റ്സർലൻഡ് കേന്ദ്രീകരീച്ച് പ്രവർത്തിക്കുന്ന അനിമാറ്റിക്കോ കമ്പനിയാണ് ഐൻസ്റ്റീെൻറ ഡിജിറ്റൽ 'ഇരട്ട'യെ ഇവിടെ എത്തിക്കുന്നത്. ഐൻസ്റ്റീനോട് ചോദ്യങ്ങൾ ചോദിക്കാനും തർക്കിക്കാനും മറുപടി നൽകാനുമെല്ലാം ഇവിടെ അവസരമുണ്ടാകും.
ഐൻസ്റ്റീന് ഫിസിക്സിൽ നൊബേൽ സമ്മാനം ലഭിച്ചതിെൻറ 100ാം വാർഷികാഘോഷത്തിെൻറ ഭാഗം കൂടിയാണിത്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഇ.ടി.എച്ച് യൂനിവേഴ്സിറ്റിയിലാണ് നിലവിൽ ഡിജിറ്റൽ ഐൻസ്റ്റീൻ ഉള്ളത്. 1896 മുതൽ 1900 വരെ അദ്ദേഹം പഠിച്ചത് ഈ യൂനിവേഴ്സിറ്റിയിലാണ്. സൂറിച്ച് പോളിടെക്നിക് എന്നായിരുന്നു അന്ന് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. നാല് വർഷം ഇവിടെ പഠിച്ച അദ്ദേഹം ഫിസിക്സിനും കണക്കിനും പുറമെ ചരിത്രത്തിലും സാഹിത്യത്തിലും മികവ് പുലർത്തി.
എക്സ്പോ വേദിയിൽ പുസ്തക ഷെൽഫിന് മുന്നിൽ കസേരയിൽ ഇരിക്കുന്ന ഐൻസ്റ്റീൻ അതിഥികളുമായി ഇടപഴകുകയും സംവാദം നടത്തുകയും ചെയ്യും. ഐൻസ്റ്റീൻ പറഞ്ഞുവെന്ന പേരിൽ നിരവധി വ്യാജ സന്ദേശങ്ങൾ സമൂഹത്തിൽ പരക്കുന്നുണ്ട്. 'മനുഷ്യൻ അവെൻറ ബുദ്ധിശക്തിയുടെ 10 ശതമാനം മാത്രമെ ഉപയോഗിക്കുന്നുള്ളൂ' എന്നത് ഇതിന് ഉദാഹരണമാണ്. ഇത്തരം സന്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്ന് ഐൻസ്റ്റീനോട് ചോദിച്ചാൽ കൃത്യമായ മറുപടി നൽകും. താൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഉണ്ടെന്ന് സമ്മതിക്കും. ഇല്ലെങ്കിൽ നിഷേധിക്കും.
കോംപ്ലക്സ് അൾഗോരിതം സംവിധാനം ഉപയോഗിച്ചാണ് ഇതിെൻറ പ്രവർത്തനം. സന്ദർശകരുടെ ചലനങ്ങളും പ്രതികരണങ്ങളുമെല്ലാം സ്കാൻ ചെയ്ത് തിരിച്ചറിയാൻ 'ഐസ്റ്റീന്' കഴിയും.
മൈക്രോഫോണുകൾ വഴി ചോദ്യങ്ങൾ കേൾക്കാനും ഉത്തരം നൽകാനും കഴിയുന്നു. എക്സ്പോയിലെ മറ്റൊരു അത്ഭുതമായിരിക്കും ഡിജിറ്റൽ ഐൻസ്റ്റീൻ.
ഓഫറുകൾ ഒരുങ്ങുന്നു; സമ്മാനമൊഴുകും
മഹാമേളക്ക് 19 ദിവസം മാത്രം ബാക്കി നിൽക്കെ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ഓഫറുകൾ. വിമാനകമ്പനികളും ഹോട്ടലുകളുമാണ് എക്സ്പോ സന്ദർശകർക്കായി ഓഫറുകളിൽ മുന്നിൽ നിൽക്കുന്നത്. എമിറേറ്റ്സ് വിമാനത്തിൽ എത്തുന്ന യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്ന് എയർലൈൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ൈഫ്ല ദുബൈയും ഇത് ഏറ്റെടുത്തിയിരിക്കുകയാണ്. ഈ മാസം മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത്, അടുത്ത മാസം മുതൽ ദുബൈയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഒരു ദിവസത്തെ പാസ് എന്നാണ് ൈഫ്ല ദുബൈയുടെ ഓഫർ. ബിസിനസ് ക്ലാസിനും എക്കോണമി ക്ലാസിനുെമല്ലാം ഈ ഓഫർ ലഭിക്കും. എക്സ്പോ അവസാനിക്കുന്നത് വരെ ഓഫർ ലഭ്യമാണ്.
ഇതിന് പുറമെ വൻകിട ഹോട്ടലുകളും ഓഫറുകൾ നൽകുന്നുണ്ട്. എക്സ്പോ ടിക്കറ്റും ഹോട്ടൽ താമസവും ഭക്ഷണവും ഉൾപെട്ട പാക്കേജാണ് അവതരിപ്പിക്കുന്നത്. യു.എ.ഇയിൽ ടൂറിസം സീസൺ ആരംഭിക്കുന്നതിൽ ആ നിലക്കുള്ള പാക്കേജുകളും ലഭിക്കും. ഹോട്ടലുകളിൽ നിന്ന് നേരിട്ട് എക്സ്പോ വേദികളിലേക്ക് വാഹനങ്ങളിൽ താമസക്കാരെ എത്തിക്കാനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ എക്സ്പോയുമായി ബന്ധപ്പെട്ട് സമ്മാനങ്ങൾ നൽകാനും അധികൃതർക്ക് പദ്ധതിയുണ്ട്. ടിക്കറ്റെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനുള്ള ഓഫർ നൽകിയിരുന്നു. എക്സ്പോ തുടങ്ങുന്നതിന് മുൻപ് കൂടുതൽ സമ്മാനങ്ങൾ പ്രഖ്യാപിക്കും. മേള നഗരിയിൽ എത്തുന്നവർക്ക് വിവിധ പവലിയനുകളിലും സമ്മാനങ്ങളുണ്ടാകും. ക്വിസ് മത്സരം പോലുള്ളവ സംഘടിപ്പിക്കുന്നതിന് പുറമെ കുട്ടികൾക്ക് വിജ്ഞാനപ്രദമായ പരിപാടികൾ നടത്തി സമ്മാനങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.