ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവം ഇന്ന് മുതൽ
text_fieldsഷാർജ: ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഇന്ന് ഷാർജയിൽ തിരിതെളിയും. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സംഗീതോത്സവത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ അമ്പതോളം സംഗീതജ്ഞർ പങ്കെടുക്കും. തിരുവനന്തപുരം നവരാത്രി സംഗീത മണ്ഡപത്തിന്റെ അതേ മാതൃകയിൽ ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ സംഗീതോത്സവമാണ് ഷാർജ ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം. പന്ത്രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ സംഗീത വിദ്യാർഥികളും പ്രതിഭകളും കച്ചേരി അവതരിപ്പിക്കും. ഷാർജ ബുഹൈറ കോർണിഷിലെ ഗോൾഡൻ ട്യൂലിപ് ഹോട്ടലിൽ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്.
നവരാത്രി ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ച് സ്വാതി തിരുനാൾ രചിച്ച ഒമ്പത് ദേവീസ്തുതികൾ പ്രശസ്തരായ സംഗീതജ്ഞർ വേദിയിൽ അവതരിപ്പിക്കും. പ്രശസ്ത സംഗീതജ്ഞൻ പ്രഫ. പൊൻകുന്നം രാമചന്ദ്രന് പ്രവാസി സംഗീത ഭാരതി പുരസ്കാരം നൽകി ആദരിക്കും. വിജയദശമി ദിനമായ ഒക്ടോബർ 24ന് പുലർച്ചെ മുതൽ ആരംഭിക്കുന്ന വിദ്യാരംഭം ചടങ്ങിൽ പ്രഫ സി.ഐ. ഐസക് മുഖ്യ ആചാര്യനാകും. കുട്ടികളെ എഴുത്തിനിരുത്താനും സംഗീത വിദ്യാരംഭം കുറിക്കാനും അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. അരങ്ങേറ്റം, പ്രതിഭ, വിദ്വാൻ- വിദുഷി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി അമ്പതോളം സംഗീത പ്രതിഭകൾ കച്ചേരി അവതരിപ്പിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0505861458. വിദ്യാരംഭം രജിസ്ട്രേഷന് - 055 5949152, 0529337363.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.