മൈഗ്രേഷൻ കോൺക്ലേവിന് വിപുലമായ ഒരുക്കം
text_fieldsദുബൈ: വിദേശനാണ്യ വളർച്ചക്കൊപ്പം കേരളത്തിന്റെ വിജ്ഞാന സമ്പദ്ഘടനയുടെ വളർച്ചയിലും വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണ് പ്രവാസികളെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ജനുവരി 19 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന മലയാളി പ്രവാസികളുടെ ആഗോള സംഗമമായ ‘മൈഗ്രേഷൻ കോൺക്ലേവ് 2024’ന് മുന്നോടിയായി നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഡിസംബർ 13ന് വൈകീട്ട് സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ യു.എ.ഇയിലെ വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രഗല്ഭർ എന്നിവർ പങ്കെടുത്തു. ഓർമ മുഖ്യ രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ് സ്വാഗതം പറഞ്ഞു.
സൈമൺ സാമുവൽ മോഡറേറ്ററായി. വി.എസ്. ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എ. പത്മകുമാർ, കോൺക്ലേവ് സംഘാടക സമിതി ചെയർമാൻ ബെന്യാമിൻ, കോഓഡിനേഷൻ കൺവീനർ ജോർജ് വർഗീസ്, കോൺക്ലേവ് അക്കാദമിക് വിഭാഗം ചുമതല വഹിക്കുന്ന ഡോ. റാണി എന്നിവർ പരിപാടികൾ വിശദീകരിച്ചു.
എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വി.എസ്. ചന്ദ്രശേഖരപിള്ള പഠന ഗവേഷണകേന്ദ്രമാണ് തിരുവല്ലയിൽ പരിപാടി സംഘടിപ്പിക്കുന്നത്. 75 രാജ്യങ്ങളിൽനിന്നുള്ള മൂന്ന് ലക്ഷത്തിലധികം പ്രവാസികൾക്ക് പങ്കെടുക്കാനാവും വിധം ഓൺലൈനായും നേരിട്ടുമായാണ് കോൺക്ലേവ് വിഭാവനം ചെയ്യുന്നത്. മൂന്ന് ദിവസം വിവിധ വേദിയിലായി നടക്കുന്ന സമ്മേളനത്തിൽ 60ഓളം വിഷയങ്ങളിലായി 600ൽപരം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് www.migrationconclave.com വഴി രജിസ്റ്റർ ചെയ്യാം. ചർച്ചാ വിഷയങ്ങളും ഇതിനകം വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.