അബൂദബിയിൽ ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ നിരത്തിലേക്ക്
text_fieldsഅബൂദബി: ഇലക്ട്രിക്, ഹൈഡ്രജന്‍ ഊര്‍ജത്തിൽ പ്രവർത്തിക്കുന്ന ബസുകള്‍ അടുത്ത മാസം അബൂദബി നഗരത്തിലോടിത്തുടങ്ങും. ഹരിത പൊതുഗതാഗത ലക്ഷ്യത്തിന്റെ ഭാഗമായാണ് തലസ്ഥാന നഗരിയില്‍ ഹൈഡ്രജന്‍ ബസുകള്‍ സര്‍വിസ് നടത്തുകയെന്ന് സംയോജിത ഗതാഗത കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
2030 ഓടെ അബൂദബിയിലെ പൊതുഗതാഗതത്തിന്റെ 20 ശതമാനവും ഹരിതവത്കരിക്കുകയാണ് അബൂദബിയുടെ ലക്ഷ്യമെന്നും 2050ഓടെ ഇത് നൂറുശതമാനവും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുമെന്നും സംയോജിത ഗതാഗത കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുഗതാഗത കാര്യ വകുപ്പിലെ ആള്‍ട്ടര്‍നേറ്റിവ് സസ്റ്റെയ്നബിള്‍ മൊബിലിറ്റി വിഭാഗം മേധാവി അനാന്‍ അലംരി പറഞ്ഞു. ഏതൊക്കെ റൂട്ടുകളിലാണ് ഇലക്ട്രിക്, ഹൈഡ്രജന്‍ ബസുകള്‍ ഓടുകയെന്ന് അവര്‍ വെളിപ്പെടുത്തിയില്ല. അതേസമയം അബൂദബിയില്‍ മാത്രമാവും ഇപ്പോള്‍ ഈ ബസുകള്‍ ഓടുകയെന്നും നിലവിലെ യാത്രാക്കൂലിയാണ് ഇതിനും ബാധകമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബസ് ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്ന ഹൈഡ്രജന്‍ ബസുകളില്‍നിന്ന് നീരാവി മാത്രമാവും പുറന്തള്ളുക. ഹൈഡ്രജന്‍, ഇലക്ട്രിക് ബസുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മറ്റും പഠിക്കാന്‍ ഇമാറാത്തി എന്‍ജിനീയര്‍മാരെ ചൈനയിലേക്കും ദക്ഷിണ കൊറിയയിലേക്കും നേരത്തേ അയച്ചിരുന്നുവെന്നും അനാന്‍ അലംരി പറഞ്ഞു.
ഇലക്ട്രിക് ബസുകള്‍ എമിറേറ്റുകളെ ബന്ധിപ്പിച്ച് സര്‍വിസ് നടത്തുമെന്നും 24 മണിക്കൂറും ഇവയുടെ സര്വിസുണ്ടാകുമെന്നും സംയോജിത ഗതാഗത കേന്ദ്രത്തില്‍ ആസൂത്രണ വിഭാഗം ഡയറക്ടര്‍ അതീഖ് അല്‍ മസ്റൂയി പറഞ്ഞു. പ്രതിദിനം ഓരോ ബസുകളും 520 കിലോമീറ്റര്‍ ദൂരം സർവിസ് നടത്തും. ഇലക്ട്രിക് ബസുകളുടെ ഉപയോഗത്തിലൂടെ പ്രതിദിനം 3.7 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.