യു.എ.ഇയിൽ ഇ.വി വാഹനങ്ങൾക്ക് പ്രിയമേറി
text_fieldsദുബൈ: യു.എ.ഇ നിവാസികളിൽ 70 ശതമാനം പേരും ഭാവിയിൽ വൈദ്യുതി വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നു. ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് ചെലവ് ലാഭിക്കാമെന്നതാണ് ഇതിന്റെ പ്രധാന കാരണം. രാജ്യത്ത് ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വ്യാപകമായതും ഇ.വി. വാഹനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച ബോധവത്കരണവും പുതിയ പ്രവണതക്ക് ഹേതുവായി. മോണിങ് കൺസൽട്ട് എന്ന കമ്പനി വാഹനം ഉപയോഗിക്കുന്നവർക്കിടയിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. യു.എസിലെ പ്രമുഖ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സാണ് സർവേ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടത്.
പുരുഷ, വനിത വ്യത്യാസമില്ലാതെ എല്ലാ പ്രായത്തിലുമുള്ളവരിൽ ഇ.വി. വാഹനങ്ങളെ കുറിച്ച് അവബോധം കൂടിയിട്ടുണ്ട്. ഇത് വൈകാതെ വിപണിയിൽ പ്രതിഫലിക്കുമെന്നാണ് ജനറൽ മോട്ടോഴ്സിന്റെ വിലയിരുത്തൽ. ഫെബ്രുവരി മുതൽ മാർച്ച് വരെ 500 പേരുടെ പ്രതികരണമാണ് സർവേക്കായി വിലയിരുത്തിയത്. യു.എ.ഇ നിവാസികളിൽ പത്തിൽ ഏഴുപേരും ഇ.വി. വാഹനം ആഗ്രഹിക്കുന്നു. അടിക്കടി ഉയരുന്ന ഇന്ധന വിലയിൽനിന്ന് രക്ഷതേടിയാണ് കൂടുതൽപേരും ഇ.വി. ആഗ്രഹിക്കുന്നത്. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട ആശങ്കയും മറ്റൊരു കാരണമാണ്. ഒരുവർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഒരു ഇ.വി പരിഗണിക്കാൻ സാധ്യതയുള്ളവരിൽ 64 ശതമാനം പേരും ഇക്കാരണങ്ങൾ തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇ.വി വാഹനങ്ങളുടെ സാധ്യത മുന്നിൽക്കണ്ട് പ്രമുഖ കമ്പനികൾ യു.എ.ഇയിൽ വാഹന നിർമാണ യൂനിറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ കമ്പനിയായ എ.എക്സ്.എൽ, സ്വീഡൻ കമ്പനിയായ പോൾസ്റ്റർ, ചൈനയുടെ ബി.വൈ.ഡി എന്നിവ ഇതിൽ ചിലതാണ്. കൂടാതെ 2030ഓടെ യു.എ.ഇയിൽ 3000 ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുമെന്ന് അൽ ഫുത്തൈം ഇലക്ട്രിക് മൊബിലിറ്റിയും പദ്ധതിയിടുന്നുണ്ട്. യു.എ.ഇയിലെ ഉപഭോക്താക്കളുടെ പുതിയ പ്രവണത ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ജനറൽ മോട്ടോഴ്സിന്റെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ജാക് ഉപൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.