അബൂദബിയിൽ ഡ്രോൺ ഷോകൾ ഒരുക്കാൻ ഇലോൺ മസ്കിന്റെ സഹോദരൻ കിംബൽ മസ്ക്
text_fieldsഅബൂദബി സാംസ്കാരിക, ടൂറിസം വകുപ്പും നോവ സ്കൈ സ്റ്റോറീസും തമ്മിലുള്ള കരാർ ഒപ്പിടൽ ചടങ്ങിൽ കിംബൽ മസ്ക് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനൊപ്പം
അബൂദബി: എമിറേറ്റിലെ വലിയ ഡ്രോൺ ഷോകൾ ഒരുക്കുന്നതിന് അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പും അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്കിന്റെ സഹോദരൻ കിംബൽ മസ്കിന്റെ കമ്പനിയും കരാറിലെത്തി. യു.എസ് ആസ്ഥാനമായ നോവ സ്കൈ സ്റ്റോറീസ് എന്ന കിംബൽ മസ്കിന്റെ കമ്പനിയുമായി നടന്ന കരാർ പ്രകാരം 10,000 ഡ്രോണുകളാണ് ഷോകൾ ഒരുക്കുന്നതിന് ലഭ്യമാക്കുക. അബൂദബി കിരീടവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനും കിംബലിനൊപ്പം കരാർ ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ചു. അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയെ വലിയ സാംസ്കാരിക, വിനോദ പരിപാടികളിൽ ഉൾപ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ഏറ്റവും മികച്ച കലാപരമായ മികവോടെയുള്ള പ്രകടനങ്ങൾ ഡ്രോൺ ഉപയോഗിച്ച് ഒരുക്കും. എമിറേറ്റിന്‍റെ സമ്പന്നമായ പൈതൃകവും ഭാവിയും അടയാളപ്പെടുത്തുന്നതായിരിക്കും പ്രകടനങ്ങൾ. വിനോദത്തിനും സ്റ്റോറി ടെല്ലിങിനും ഏറ്റവും നൂതനമായ ഡ്രോണുകൾ വലിയ ശേഖരം അബൂദബിക്ക് ഇതോടെ സ്വന്തമാകും. ലോകത്തിന് ഈ ഡ്രോണുകൾ വഴി ചെയ്യാനാകുന്ന പ്രകടനങ്ങൾ കാണിക്കാൻ ഞാൻ അക്ഷമനാണെന്ന് കിംബൽ മസ്ക് പറഞ്ഞു.
വിനോദ മേഖലയുടെ നവീകരണത്തിൽ അബൂദബിയുടെ മുൻനിര സ്ഥാനം ശക്തിപ്പെടുത്തുന്നതിനും എല്ലാവർക്കും അവിസ്മരണീയവുമായ നിമിഷങ്ങൾ സമ്മാനിക്കുന്നതിനും ഈ ഷോകൾ സഹായിക്കുമെന്ന് സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.