ഇ.എം സാറ്റ് പരീക്ഷ റദ്ദാക്കി: പകരം പുതിയ മാനദണ്ഡം; മെഡിക്കൽ/എൻജി. പ്രവേശനം മാർക്കടിസ്ഥാനത്തിൽ
text_fieldsദുബൈ: 12ാം ക്ലാസ് വിദ്യാർഥികൾക്ക് സർവകലാശാല പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തിയിരുന്ന എമിറേറ്റ് സ്റ്റാന്റഡൈസ്സ് ടെസ്റ്റ് (ഇ.എം സാറ്റ്) വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. പകരം പുതിയ പ്രവേശന മാനദണ്ഡങ്ങൾ മന്ത്രാലയം നടപ്പാക്കിയതായി ഗവൺമെന്റ് മീഡിയ ഓഫിസ് റിപ്പോർട്ട് ചെയ്തു.
അതോടൊപ്പം മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത പരീക്ഷയിലെ മുഴുവൻ വിഷയങ്ങളിലും നേടിയ മാർക്കിനെക്കാൾ സയൻസ് വിഷയത്തിൽ നേടിയ മാർക്കിനായിരിക്കും മുൻഗണന.
നേരത്തേ പൊതു, സ്വകാര്യ സ്കൂളുകളിലെ ഇമാറാത്തികളായ 12 ക്ലാസ് വിദ്യാർഥികൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലവുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ പഠിക്കുന്ന പൗരന്മാരല്ലാത്ത വിദ്യാർഥികൾക്കും യൂനിവേഴ്സിറ്റി പ്രവേശനത്തിന് ഇ.എം സാറ്റ് പരീക്ഷ നിർബന്ധമായിരുന്നു.
തുടർന്ന് 2023 ഫെബ്രുവരിയിൽ ഇതിൽ മാറ്റം വരുത്തുകയും യൂനിവേഴ്സിറ്റികൾക്ക് പ്രവേശനത്തിനായി സ്വയം മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ അനുമതി നൽകുകയും ചെയ്തു. ആ വർഷം സെപ്റ്റംബർ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും പ്രവേശനത്തിനായി ഇ.എം സാറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം യൂനിവേഴ്സിറ്റികൾക്ക് അനുവദിച്ചിരുന്നു.
ഇതാണ് ഇപ്പോൾ പൂർണമായും നിർത്തലാക്കിയത്. അതേസമയം, പ്രവേശനത്തിനുള്ള പുതിയ മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. 2017-18 അക്കാദമിക വർഷത്തിലാണ് യൂനിവേഴ്സിറ്റി പ്രവേശനത്തിനായി ദേശീയതലത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായ പൊതു പ്രവേശന പരീക്ഷയായ ഇ.എം സാറ്റ് ആരംഭിക്കുന്നത്. ഇംഗ്ലീഷ്, അറബിക്, ഗണിതശാസ്ത്രം, ഫിസിക്സ് എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ.
എന്നാൽ, മറ്റു വിഷയങ്ങളിൽ മിടുക്കരായ കുട്ടികൾക്ക് ഇ.എം സാറ്റ് പരീക്ഷ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി 2020 ഡിസംബറിൽ നടന്ന അവലോകനത്തിൽ ഫെഡറൽ നാഷനൽ കൗൺസിൽ കണ്ടെത്തി. 2017ൽ 16,000 കുട്ടികൾ യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടിയപ്പോൾ 2019ൽ ഇത് 12,000 ആയി കുറഞ്ഞു.
ഇ.എം സാറ്റ് പരീക്ഷയിലെ മോശം സ്കോറിന് ഇതിൽ വലിയ പങ്കുണ്ടെന്ന് എഫ്.എൻ.സി അംഗം അദ്നാൻ അൽ ഹമ്മദി പറഞ്ഞു. തുടർന്നാണ് ഇ.എം സാറ്റിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.