ഇമാനിെൻറ ഏറ്റവും വലിയ പ്രശ്നം ഭാരക്കൂടുതലല്ല -ബുർജീൽ ആശുപത്രി
text_fieldsഅബൂദബി: ഇമാൻ അഹമദിെൻറ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഭാരക്കൂടുതലല്ലെന്ന് ബുർജീൽ ആശുപത്രി അധികൃതർ. നിലവിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ അവർ അനുഭവിക്കുന്നതായി അബൂദബി ബുർജീൽ ആശുപത്രിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡോക്ടർമാർ പറഞ്ഞു. ഹൃദയത്തിെൻറ പ്രശ്നങ്ങൾ, മൂത്രനാളിയിലെ അണുബാധ, ദീർഘകാലത്തെ കിടപ്പ് കാരണം ശരീരത്തിലുണ്ടായ വലിയ മുറിവുകൾ തുടങ്ങിയവയാണ് ഇപ്പോൾ അവരുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. ഇവ ഭേദമാക്കിയതിന് ശേഷമേ ദീർഘകാല ചികിത്സ ആരംഭിക്കൂ എന്ന് ആശുപത്രി ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. യാസീൻ അൽ ഷഹാത് അറിയിച്ചു.
അതേസമയം, ബുർജീൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുേമ്പാൾ ഇമാന് എത്ര ശരീരഭാരം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താൻ ഡോ. യാസീൻ അൽ ഷഹാത് വിസമ്മതിച്ചു. തൂക്കം ഒരു വിവാദ വിഷയമാണ്. എന്നാൽ, ഇത് തങ്ങളുടെ മുൻഗണനാ വിഷയമല്ല. അവരുടെ തൂക്കം ക്രമേണ കുറച്ചുകൊണ്ടുവരും. എന്നാൽ, അവർക്ക് സാധാരണ ജീവിതം സാധ്യമാക്കുക എന്നതിനാണ് മുൻഗണന.
മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ചികിത്സയെ കുറിച്ച് എന്തു പറയുന്നുവെന്ന ചോദ്യത്തിന് വളരെ വിഷമം പിടിച്ച ചോദ്യമാണിതെന്നും ധാർമികത ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇൗ ചോദ്യത്തിന് മറുപടി പറയാൻ സാധിക്കില്ലെന്നും ഡോ. യാസീൻ പറഞ്ഞു. അത് പറയേണ്ടയാൾ ഞാനല്ല. 12 വയസ്സ് മുതൽ ഇമാൻ കിടപ്പിലാണ്. അതിനാൽ ലക്ഷ്യം വളരെ പ്രയാസമേറിയതാണ്. ഞങ്ങൾ ഏറ്റെടുത്തത് വലിയ വെല്ലുവിളിയാണ്. ഇമാന് സാധാരണ ജീവിതം ലഭ്യമാക്കണമെന്ന ഡോ. ഷംസീറിെൻറ നിർദേശ പ്രകാരമാണിത്. അസന്തുഷ്ടയായ സ്ത്രീയെയായിരുന്നു ഞങ്ങൾ കണ്ടത്. ഇപ്പോൾ അവർ സന്തോഷവതിയാണ്. ചുറ്റുമുള്ളവരോട് അവർ ആശയവിനിമയം നടത്തുന്നു. സ്വാഭാവികമായ ഒരു ജീവിതം അവർക്ക് നൽകുകയാണ് ലക്ഷ്യം. ഏറ്റവും കുറഞ്ഞത് അവരെ കസേരയിൽ ഇരിക്കാൻ പ്രാപ്തമാക്കുകയാണ് ആദ്യ ലക്ഷ്യം. നടത്തിക്കാൻ ശ്രമം നടത്തും. ഭാരം കുറക്കുന്നതിനുള്ള ശസ്ത്രക്രിയ ഇനി ഇമാന് ആവശ്യമില്ല.
20 ഡോക്ടർമാരും മറ്റു ജീവനക്കാരുമടങ്ങിയ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ബാരിയാട്രിക് ശസ്ത്രക്രിയക്ക് വിേധയയായ ഇമാൻ അഹമദിനെ മേയ് നാലിന് രാത്രിയാണ് ബുർജീൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെയ്ഫി ആശുപത്രിയിലെ ചികിത്സയെ കുറിച്ച് ഇമാനിെൻറ കുടുംബം പരാതി ഉന്നയിച്ചതിനെ തുടർന്നായിരുന്നു ഇത്. 500 കിലോയോളം ഭാരമുണ്ടായിരുന്ന ഇൗജിപ്തുകാരി ഇമാനിനെ ഫെബ്രുവരി പത്തിനാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ബുർജീൽ ആശുപത്രി സി.ഇ.ഒ ഡോ. രാജ ഗജ്ജു, െഎ.സി.യു മേധാവി ഡോ. നിഹാദ് നബീൽ ഹലാവ, ഡോ. മുത്തുസാമി വീരബാഹു, വി.പി.എസ്. ഹെൽത്ത് കെയർ സീനിയർ ഡയറക്ടർ ഡോ. ചാൾസ് സ്റ്റാൻസ്ഫോഡ് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.