ഇമാൻ അഹമദിനെ അബൂദബി ബുർജീൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fields
അബൂദബി: ഏതാനും ആഴ്ചകൾ മുമ്പ് വരെ ലോകത്തെ ഏറ്റവും ഭാരം കൂടിയ സ്ത്രീയായിരുന്ന ഇമാൻ അഹമദിനെ തുടർ ചികിത്സക്കായി അബൂദബി ബുർജീൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽനിന്ന് ഇൗജിപ്ത് എയർ കാർഗോ വിമാനത്തിൽ പുറപ്പെട്ട ഇവർ രാത്രി ഒമ്പതോടെയാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വൈകുന്നേരം 6.10നാണ് ഇൗജിപ്ത് എയർ കാർഗോ പുറപ്പെട്ടത്. വിദഗ്ധ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇമാനെ അനുഗമിച്ചു. ഡോക്ടർമാർ, ഏവിയേഷൻ മെഡിസിൻ ഡോക്ടർ, സീനിയർ ഫ്ലൈറ്റ് പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ അഞ്ച് വൈദ്യശാസ്ത്ര വിദഗ്ധരായിരുന്നു വിമാനത്തിൽ ഇമാനിെൻറ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നത്. ഇമാനെ പ്രവേശിപ്പിക്കുന്നതിനോടനുബന്ധിച്ച് ബുർജീൽ ആശുപത്രിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രവേശന കവാടത്തിൽ ആളുകളെ നിയന്ത്രിക്കാൻ പൊലീസ് നാട കെട്ടി. അടിയന്തര വാർഡിലും സമീപങ്ങളിലുമായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു.
500 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇമാെൻറ തൂക്കം കുറക്കാൻ മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ബാരിയാട്രിക് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ചികിത്സ പരാജയപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയ സഹോദരി ഷൈമ സെലിം ഇമാനിനെ ബുർജീൽ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ശസ്ത്രക്രിയയും ചികിത്സയും വിജയകരമായിരുന്നുവെന്നും ആശുപത്രി വിടുേമ്പാൾ 176ഒാളം കിലോ ഭാരം മാത്രമേ ഇമാനിന് ഉള്ളൂവെന്നും സെയ്ഫി ആശുപത്രിയിലെ ഡോ. മുഫസ്സൽ ലക്ഡവാല വ്യക്തമാക്കി.ഇൗജിപ്തിലെ അലക്സാൻഡ്രിയ സ്വദേശിനിയായ ഇമാനെ ഫെബ്രുവരി പത്തിനാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മാർച്ച് പത്തിനായിരുന്നു ശസ്ത്രക്രിയ. ക്രെയിൻ ഉപയോഗിച്ചായിരുന്നു ഇവരെ അലക്സാൻഡ്രിയയിലെ താമസ സ്ഥലത്ത് നിന്ന് താഴെയിറക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.