ആഘോഷിക്കാം, പൈതൃകത്തിെൻറ പത്താംവാർഷികം
text_fieldsഹരിത നഗരത്തിെൻറ ഭംഗി ആസ്വദിക്കാൻ അൽഐനിൽ എത്തുന്നവരുടെ പ്രധാന സന്ദർശനകേന്ദ്രങ്ങളാണ് ഒയാസിസ് തോട്ടവും ജബൽ ഹഫീതും ഹിലി ആർക്കിയോളജിക്കൽ സൈറ്റുമെല്ലാം. എന്നാൽ, ഈ പ്രദേശങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യവും കൂടിയുണ്ട്. യു.എ.ഇയുടെ പൈതൃകവും പാരമ്പര്യവും കൊണ്ട് സമ്പന്നമാണ് അൽഐൻ. പ്രകൃതിയും സംസ്കൃതിയുംകൊണ്ട് അനുഗ്രഹീതമായ അൽഐനിലെ നിരവധി സ്ഥലങ്ങൾ യുനെസ്കോ ലോക പൈതൃക പട്ടികയിൽ പരാമർശിച്ചതിെൻറ പത്താം വാർഷികമാണിത്. വെങ്കലയുഗത്തിെൻറ പഴക്കമുള്ള ശവകുടീരങ്ങളും പുരാതന ജലപ്രവാഹം നൽകുന്ന മരുപ്പച്ചകളും അൽ ഐൻ നഗരത്തിൽ കാണാം. 13 സ്ഥലങ്ങളാണ് സൈറ്റിന് കീഴിൽ പരമ്പരയായി 2011ൽ യു.എൻ സാംസ്കാരിക ഏജൻസിയുടെ പട്ടികയിൽ ചേർത്തത്. അൽഐൻ ഒയാസിസും ജബൽ ഹഫീത്തും ഹീലി ആർക്കിയോളജിക്കൽ സൈറ്റുമെല്ലാം ഇതിൽ പ്രധാനമാണ്.
ജബൽ ഹഫീത്
അൽഐനിലെ പ്രധാന സന്ദർശന സ്ഥലമാണ് ജബൽ ഹഫീത്. എന്നാൽ, ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇവിടം. നിരവധി പുരാതന ശവകുടിരങ്ങളാണ് ഇവിടെ നിന്ന് ഖനനം ചെയ്തെടുത്തത്. 1961ൽ ഡാനിഷ് സംഘമാണ് ജബൽ ഹഫീതിൽ ശവകുടീരങ്ങൾ കണ്ടെത്തുന്നത്. അൽ ഐനിൽ ആദ്യമായി ഖനനം ചെയ്ത ശവകുടീരമാണിത്. താഴികക്കുടത്തിെൻറ ആകൃതിയിലുള്ള ഘടനയിൽ രണ്ട് മുതൽ അഞ്ചുപേരെ വരെയും അവരുടെ വസ്തുവകകളും അടക്കം ചെയ്തിട്ടുണ്ട്.
അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾക്ക് പുറമെ സെറാമിക്, ചെമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി. മരണാനന്തര ജീവിതത്തിൽ അവർ വിശ്വസിച്ചുവെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അബൂദബിയിലെ സാംസ്കാരിക, ടൂറിസം വകുപ്പിലെ പുരാവസ്തു സർവേ മേധാവി അബ്ദുല്ല അൽ കഅബി പറയുന്നു. ഇന്ന് കാണുന്ന താഴികക്കുടത്തിെൻറ ആകൃതികളായിരുന്നില്ല ഖനന സമയത്ത് കണ്ടെത്തിയിരുന്നത്. തകർന്ന കല്ലുകളുടെ കൂമ്പാരങ്ങളിൽ നിന്ന് ഓരോ കല്ലിെൻറയും ആകൃതിയും പ്രത്യേകതകളും സൂക്ഷമമയി പഠിച്ച് ധാരണ ഉണ്ടാക്കിയെടുക്കുകയും അതിനനുസരിച്ച് ശ്രദ്ധാപൂർവ്വം പുനരുദ്ധാരണം നടത്തുകയുമായിരുന്നു.
അൽഐൻ ഒയാസിസ്
4000 വർഷം മുൻപ് ജീവിച്ചിരുന്ന മനുഷ്യസമൂഹത്തിെൻറ ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുകയാണ് അൽഐനിലെ ആറ് മരുപ്പച്ചകൾ. ഇതിൽ ഏറ്റവും വലുതാണ് അൽഐൻ ഒയാസിസ്. 1,200 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ തോട്ടത്തിൽ 100 ഓളം ഇനങ്ങളിലായി 147,000 ലധികം ഈന്തപ്പനകളുണ്ട്. ഇത്തരം മരുപ്പച്ചകളിൽ വിവിധ തരത്തിലുള്ള കൃഷികളും പഴവർഗങ്ങളും കൃഷിചെയ്യുന്നുണ്ട്. വാഴ, മാവ്, നാരങ്ങ, അത്തി, റുമ്മാൻ എന്നിവയെല്ലാം സുലഭമായി കാണാം. പൗരാണിക ജലസേചന സംവിധാനമായ 'ഫലജ്' വഴി നിരവധി തോട്ടങ്ങളാണ് സ്ഥമൃദ്ധമായി വളരുന്നത്.
500ൽ അധികം കർഷകരാണ് ഇവിടെ വിവിധ കൃഷികളിൽ ഏർപ്പെട്ടിരിക്കുന്നത്. 2011 മുതൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ അൽ ഐൻ ഒയാസിസ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു. അവർക്ക് പ്രദേശത്തിെൻറ കാർഷിക ചരിത്രത്തെക്കുറിച്ചും അതിെൻറ ജലസേചന സംവിധാനത്തെക്കുറിച്ചും അറിയാൻ കഴിയും. യു.എ.ഇ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻറ് എൻഡോവ്മെൻറുകളുടെ മേൽനോട്ടത്തിലാണ് ഇവിടെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നത്. കൃഷിയിൽ നിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. അൽ ഐൻ നഗരത്തിെൻറ നഗര ആസൂത്രണത്തിലും ഒയാസിസ് പ്രധാന പങ്ക് വഹിച്ചതായി കാണാം.
ഹിലി ആർക്കിയോളജിക്കൽ സൈറ്റ്
ബി.സി 2500 മുതൽ യു.എ.ഇയിലെ കാർഷിക ഗ്രാമത്തിെൻറ ആദ്യകാല തെളിവുകൾ വ്യക്തമാക്കുകയാണ് ഹിലി ആർക്കിയോളജിക്കൽ സൈറ്റ്. ഇവിടെ പുരാതന കാലത്ത് മരുഭൂമിയിൽ നിലവിലുണ്ടായിരുന്ന ജലസേചന സംവിധാനം 'അൽ ഫലാജ്' ഉൾപ്പെടുന്നു.
ഇത് ഭൂഗർഭജലത്തിൽ നിന്ന് വെള്ളം എത്തിക്കുകയും ഒയാസിസിലൂടെ സ്ഥിരമായി ജലപ്രവാഹം നൽകുകയും ചെയ്യുന്നു. യു.എ.ഇയിലെ ഏറ്റവും വലിയ പുരാതന ശവകുടീരങ്ങളുടെയും കെട്ടിടങ്ങളുടെയും ശേഖരമാണ് ഹിലി ആർക്കിയോളജിക്കൽ സൈറ്റ്.
ഗ്രാൻഡ് ടോംബ്
ഹിലി ആർക്കിയോളജിക്കൽ പാർക്കിലെ ഏറ്റവും വലിയ ഗ്രാൻഡ് ടോംബിെൻറ പ്രവേശന കവാടത്തിന് മുകളിൽ രണ്ട് ആളുകൾക്കിടയിൽ ഒരു ഓറിക്സ് നിൽക്കുന്ന കൊത്തുപണി കാണാം. ഗ്രാൻറ് ടോംബിന് 14 മീറ്റർ വ്യാസവും നാല് മീറ്റർ ഉയരവും കണക്കാക്കപ്പെടുന്നു. ഇത്തരത്തിലുള്ള ശവകുടീരം ഹഫീത് ശവകുടീരങ്ങളേക്കാൾ വലുതാണ്. വടക്ക് ഭാഗത്തും കിഴക്ക് ഭാഗത്തുമായി രണ്ട് പ്രവേശന കവാടങ്ങൾ കാണാനാകും.
ശവകുടീരത്തിെൻറ മറുവശത്തുള്ള കൊത്തുപണികളിൽ രണ്ട് ചീറ്റകളെയും രണ്ട് മനുഷർ നൃത്തം ചെയ്യുന്നതായും കാണാം. മറ്റൊരു കൊത്തുപണിയിൽ ഒരു മൃഗത്തിെൻറ പുറകിൽ കയറിയിരുന്ന് സഞ്ചരിക്കുന്ന മനുഷ്യനെയും കാണാം. ഡാനിഷ് സംഘം 1965 ൽ നടത്തിയ ഖനനത്തിൽ മൃഗങ്ങളുടെയും മൺപാത്രങ്ങളുടെയും ഉൾപ്പെടെ അഞ്ഞൂറിലധികം വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. 1975ൽ ഇറാഖ് സംഘമാണ് ശവകുടീരങ്ങൾ പുനരുദ്ധരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.