അൽ ഐൻ മൃഗശാലയിൽ കുയിൽ നാദം മുഴങ്ങി...
text_fieldsഅൽഐൻ മൃഗശാലയിൽ അപൂർവ ദേശാടന പക്ഷിയായ ഏഷ്യൻ കുയിലിനെ കണ്ടെത്തി. പ്രതിമാസ പക്ഷി ജൈവവൈവിധ്യ സർവേയിലാണ് വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ പക്ഷിയെ കണ്ടെത്തിയത്. വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യം വിലയിരുത്തുന്നതിനുള്ള മൃഗശാലയുടെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് സർവേ നടത്തിയത്. പക്ഷികളുടെ ഇനങ്ങളും അവയുടെ എണ്ണവും അവയെ ആകർഷിക്കുന്ന ചുറ്റുപാടുകളും കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം. ഇത്തരം സർവേയിലൂടെ അൽഐൻ മൃഗശാല വൈവിധ്യമാർന്നതും അപൂർവവുമായ 121 ഇനം പക്ഷികളെ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി ജനവാസ മേഖലകളേക്കാൾ വിദൂര പർവതപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഇനം ഏഷ്യൻ കുയിൽ കുക്കു കുയിലിനോട് സാമ്യമുള്ളതാണ്. കട്ടിയുള്ള കൊക്ക്, ചെറിയ ചിറകുകൾ, നീളമുള്ള വാൽ എന്നിവയാൽ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന കുയിൽ അതിന്റെ വ്യതിരിക്തമായ ശബ്ദവും ആകർഷകമായ തൂവലുകൾകൊണ്ടും പെട്ടന്ന് തിരിച്ചറിയപ്പെടും.
ദക്ഷിണേഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽനിന്നുള്ള ഏഷ്യൻ കുയിൽ അൽഐൻ മൃഗശാലയുടെ നിരീക്ഷണത്തിൽ ഉൾപ്പെട്ടത് പക്ഷികളുടെ സമൃദ്ധമായ വൈവിധ്യം വർദ്ധിപ്പിക്കുന്നു. മാസംതോറും തുടരുന്ന പഠനത്തിന്റെ ഭാഗമായി മൃഗശാല കാട്ടുപക്ഷികളുടെ ചലനങ്ങൾ നിരീക്ഷിക്കുകയും അവയുടെ എണ്ണം, ഇനം, താമസിക്കുന്ന കാലയളവ് എന്നിവ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ കണ്ടെത്തലുകൾ പക്ഷി കുടിയേറ്റത്തെക്കുറിച്ചുള്ള മറ്റ് ഗവേഷണങ്ങളുമായി താരതമ്യപ്പെടുത്താറുമുണ്ട്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത് ദേശാടന പക്ഷികളുടെ വർദ്ധിച്ച സാന്നിധ്യം അനുഭവപ്പെടാറുണ്ടെങ്കിലും ഏഷ്യൻ കുയിലിനെ കണ്ടെത്തുന്നത് ഇതാദ്യമാണ്.
അൽഐൻ സഫാരിയിലെ ഇടതൂർന്ന മരങ്ങൾ, പുൽമേടുകൾ, കൃത്രിമ തടാകങ്ങൾ എന്നിവ പക്ഷികൾക്ക് മൃഗശാല വൈവിധ്യമാർന്നതും ആകർഷകമായതുമായ അന്തരീക്ഷം ഒരുക്കുന്നു. യഥാർത്ഥ ആഫ്രിക്കൻ ഭൂപ്രകൃതിയോട് സാമ്യമുള്ള തരത്തിൽ രൂപകൽപ്പന ചെയ്ത പാറക്കൂട്ടങ്ങൾ ദേശാടന ജീവികൾക്ക് അനുയോജ്യമായ ഒരു വിശ്രമസ്ഥലം സൃഷ്ടിക്കുന്നതിനും അവരുടെ യാത്രകളിൽ അവർക്ക് സുരക്ഷിതമായ ഒരു താവളമൊരുക്കുന്നതിനും സഹായിക്കുന്നു. പ്രകൃതി സംരക്ഷണത്തിനായി സമർപ്പിച്ചിരിക്കുന്ന പ്രമുഖ വിദ്യാഭ്യാസ, പാരിസ്ഥിതിക കേന്ദ്രമായ അൽഐൻ മൃഗശാല പക്ഷിനിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരു വിശിഷ്ട കേന്ദ്രമായി മാറിയിരിക്കുന്നു. പക്ഷിനിരീക്ഷണ ഉല്ലാസയാത്രകളിലൂടെയും സുസ്ഥിരമായ സമ്പ്രദായങ്ങളോടുള്ള പ്രതിബദ്ധതയിലൂടെയും മൃഗശാല ജൈവവൈവിധ്യത്തിൽ പക്ഷികൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അവബോധം വളർത്തുന്നു. പരിസ്ഥിതി സൗഹൃദ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക, കീടനാശിനി ഉപയോഗം ഒഴിവാക്കുക, സർക്കാർ, സംരക്ഷണ സംരംഭങ്ങളെ പിന്തുണയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.