മരുഭൂമിയിലെ പൊലീസ് ഉദ്യാനം
text_fieldsവൈവിധ്യമാർന്ന പ്രകൃതി സമ്പത്തുകൾ കൊണ്ട് അനുഗ്രഹിതമാണ് ഷാർജ. കടലും മരുഭൂമിയും തോട്ടങ്ങളും ഒരേ നിരയിൽ വരുന്ന ജൈവവൈവിധ്യം ഷാർജയുടെ സ്വകാര്യ സൗന്ദര്യമാണ്. പൗരാണികതയിൽനിന്ന് വരദാനമായി ലഭിച്ച മരുപ്പച്ചകൾ ധാരാളമുണ്ട് ഷാർജയിൽ. മരുഭൂമിയുടെ ആഴങ്ങളിൽ പ്രകൃതി ഒളിപ്പിച്ചുവെച്ച ലാവണ്യം. ബദുവിയൻ സംസ്കൃതിക്ക് പ്രകൃതി കനിഞ്ഞരുളിയ പുണ്യം. ഒരോ മരുപ്പച്ചയെയും സാംസ്കാരികമായ വൈവിധ്യങ്ങൾ കൊണ്ട് സ്ഫുടം ചെയ്ത്, പ്രകൃതി സംരക്ഷണം ഒരു പ്രാർഥനയായി സ്വീകരിച്ച്, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുജാലങ്ങളെ ചേർത്ത് പിടിച്ച് ആധുനികതയെ അമ്പരപ്പിക്കുകയാണ് അറബ് മേഖലയുടെ സാംസ്കാരിക ഉദ്യാനമായ ഷാർജ. ഇതിൽ പ്രധാനപ്പെട്ട ഒരു പൂന്തോട്ടമാണ് കഹീഫ് മരുഭൂമിയിലെ പൊലീസ് ഡെസേർട്ട് പാർക്ക്. മരുഭൂമിയെ ആദരിക്കുന്നതിനും പ്രകൃതിയുമായി വീണ്ടും ബന്ധപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനുമായി, പൈതൃകത്തെയും സർഗ്ഗാത്മകതയെയും ഒന്നിപ്പിക്കുന്ന ഒരു വേദിയായാണ് പൊലീസ് ഡെസേർട്ട് പാർക്ക് സ്ഥാപിതമായത്. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് വ്യക്തികൾക്കും കുടുംബങ്ങൾക്കും ശാന്തമായ ഒരു അഭയം നൽകിക്കൊണ്ട്, ഭൂതകാലത്തിന്റെ സത്തയെ ഭാവിയിലേക്കുള്ള ദർശനങ്ങളുമായി ഇത് മനോഹരമായി സംയോജിപ്പിക്കുന്നു. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ, പൊലീസ് ഡെസേർട്ട് പാർക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ആത്മാവും ആധികാരിക മൂല്യങ്ങളും പകരുന്നു. ഷാർജ പൊലീസിന്റെ മുൻ കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സൈഫ് അൽ സഅരി അൽ ശംസിയാണ് പൊലീസ് ഉദ്യാനമെന്ന ആശയം മുന്നോട്ട് വെച്ചത്.
ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധത്തെ ഉദ്യാനത്തിലൂടെ ഊഷ്മളമാക്കുകയായിരുന്നു. വാർഷിക ആഘോഷപരിപാടികളിൽ പൊലീസിനോടൊപ്പം പൊതുജനങ്ങളും ഭാഗമാകുന്നു. കളിയും ചിരിയും കാര്യവും കൊണ്ട് മരുപ്പച്ച പൂവണിയുന്നു. 2016ൽ ആരംഭിച്ചതുമുതൽ ഷാർജ എമിറേറ്റിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇത് വേറിട്ടുനിൽക്കുന്നു. സഹകരണത്തോടുള്ള ശക്തമായ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, പരിപാടികൾ മെച്ചപ്പെടുത്തുന്നതിനായി ഷാർജ പൊലീസ് വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സജീവമായി പങ്കാളികളാകുന്നു. പൊലീസിലെ കലാകാരൻമാരെ കാണാനും അവരുടെ കലാവിരുന്ന് ആസ്വദിക്കുവാനും ഈ പാർക്കിലെ ആഘോഷപരിപ്പാടികളിൽ പങ്കെടുക്കണം. കായികം, വിനോദം, വിദ്യാഭ്യാസം, സാഹസികത എന്നിവക്ക് പ്രത്യേക ഊന്നൽ നൽകുന്നതോടൊപ്പം പഴുതടച്ചുള്ള സുരക്ഷക്ക് മുൻഗണന നൽകുന്നു. യുവ സന്ദർശകർക്ക് ഗെയിമുകൾ നിറഞ്ഞ പ്രത്യേക കളിസ്ഥലം, വൈവിധ്യമാർന്ന വിദ്യാഭ്യാസ വർക്ക്ഷോപ്പുകൾ, വിനോദ പ്രവർത്തനങ്ങൾ എന്നിവ ആസ്വദിക്കാം. ബൈക്ക് പാതകൾ, ഒരു സിപ്പ്ലൈൻ, ഫുട്ബാളിനും വോളിബാളിനും വിശാലമായ മണൽ മൈതാനങ്ങൾ, കുതിര സവാരി ചെയ്യാനുള്ള പാതകൾ ഉൾപ്പെടെ വിശാലമായ വിനോദ മേഖല പാർക്കിൽ ഉണ്ട്. പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായി സുസജ്ജമായ ബാർബിക്യൂ ഏരിയകൾ ലഭ്യമാണ്. ശാന്തമായ വിശ്രമം സമാധാനമായ സായാഹ്നം എന്നിവ പകരുന്നതിനും നുകരുന്നതിനുമായി പാർക്കിൽ മനോഹരമായ ഒരു കൃത്രിമ തടാകമുണ്ട്. അരയന്നങ്ങൾ തോണികളായി തടാകത്തിന്റെ ഓളങ്ങളിൽ താളങ്ങൾ തീർക്കുന്നു. ദേശാടന കിളികൾ തടാകത്തെ വലംവെച്ച് പറക്കുന്നു. തടാക നീലിമയിൽ മീനുകളുടെ ആന്ദോളനം.
മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങൾ മനസ്സോട് ചേർത്തുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് സഫാരി കാർട്ടുകളും ലഭ്യമാണ്. പാർക്കിൽ പതിവായി സാംസ്കാരികവും കമ്യൂണിറ്റി പരിപാടികളും നടക്കുന്നു. ഗ്രാൻഡ് തിയേറ്ററിൽ മത്സരങ്ങളും നാടകങ്ങളും അരങ്ങേറുന്നു. നിറയെ ഗാഫ് മരങ്ങളുടെ തണലുള്ള പാർക്കിനെ ചുറ്റി ഒട്ടകങ്ങളുടെ ഘോഷയാത്ര. കാറ്റ് വരച്ചിട്ട മണൽ ചിത്രങ്ങൾ കണ്ടിട്ടും കണ്ടിട്ടും പൂതി തീരാതെ വെയിൽ മേയുന്നു. നീന്തി കുളിച്ച അരയന്നങ്ങൾ കുളക്കടവിൽ വെയിൽ കായുന്നു. കൽപ്പടവിലിരുന്ന് അവയുടെ ചിറകുകൾ കോതിമിനുക്കുന്ന കുളിർക്കാറ്റ്.പൊലീസ് പാർക്കിലെ ഒരുദിനം മറക്കാനാവാത്ത അനുഭവവും അനുഭൂതിയും പകരുന്നു.വെയിലു തിന്ന് പഴുത്ത് തുടുത്ത ഈത്തപ്പഴങ്ങൾ കഹീഫ് മരുഭൂമിയിൽ ധാരാളമുണ്ട്. വേനലിന്റെ സൌന്ദര്യവും രുചിയും അലിഞ്ഞുചേർന്നിരിക്കുന്നത് ഈത്തപ്പഴങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.