ഒരുമപ്പെരുന്നാളും ഓർമപ്പെരുന്നാളും
text_fieldsഅഭിമാനത്തിന്റെ രോമാഞ്ചമുണര്‍ത്തുന്ന നേട്ടങ്ങളുമായി യു.എ.ഇ ഈദുല്‍ ഇത്തിഹാദ് അഥവാ ഒരുമയുടെ പെരുന്നാള്‍ എന്ന പുതിയ നാമധേയത്തിലുള്ള അമ്പത്തിമൂന്നാം ദേശീയദിനം ആചരിക്കുകയാണ്. മാനവ ഐക്യത്തിന്റെയും പുരോഗതിയുടെയും സൗവര്ണകാന്തി വിടര്‍ത്തുന്ന ഒരു രാഷ്ട്രനക്ഷത്രം ആഗോളഭൂപടത്തില്‍ ഉദയംകൊണ്ടതിന്റെ ഈ ഓർമപ്പെരുന്നാള്‍ ഒരുവട്ടം ഇവിടെ വന്നിട്ടുള്ള ആരെയും പുളകം കൊള്ളിക്കും. അമ്പതിമൂന്നാം ജന്മദിനമാഘോഷിക്കുന്ന യു.എ.ഇയെക്കുറിച്ച് പറയുമ്പോള്‍ ഈ മഹത്തായ രാജ്യത്തിലെ ഒരു കൊച്ചുസ്റ്റേറ്റായ ഞാന്‍ താമസിക്കുന്ന ഫുജൈറയെക്കുറിച്ചും ഈ എമിറേറ്റിന്റെ ഭരണാധികാരിയായി അമ്പത് വര്‍ഷം പിന്നിടുന്ന ഫുജൈറ ഭരാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്ഖിയെക്കുറിച്ചും പറയാതെ കഴിയില്ല. 1974ലെ തണുപ്പ് തുടങ്ങുന്ന സെപ്റ്റംബര്‍ മാസത്തിലാണ് ഫുജൈറ ഭരണാധികാരിയായി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി അധികാരം ഏല്‍ക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം1980ലാണ്, ഒരു സെപ്റ്റംബര്‍ മാസത്തില്‍ ഞാന്‍ ഫുജൈറയിലെത്തുന്നത്. ഫുജൈറയുടെ വളര്‍ച്ചയും എന്റെ എമിറേറ്റിലെ തൊഴില്‍ ജീവിതവും വ്യക്തിപരമായ ഓര്‍മ്മകളുടെ ഭാഗമാണ്. ഫുജൈറയുടെ വളര്‍ച്ചയുടെ ഒരു ഭാഗമാകാന്‍ കഴിഞ്ഞത് വളരെ അഭിമാനത്തോടെ പറയാനാവുന്ന കാര്യമാണെനിക്ക്. വന്ന സമയത്ത് ഫുജൈറയില്‍ അടയാളപ്പെടുത്താവുന്ന രണ്ട് കെട്ടിടങ്ങള്‍ ഒന്ന് ഫുജൈറ ഹില്റ്റനും, മറ്റൊന്ന് ഇന്ന് ഞാന്‍ താമസിക്കുന്ന സാനിയൊ ബില്‍ഡിങ് എന്നറിയപ്പെടുന്ന ആറ് നിലക്കെട്ടവും മാത്രയിരുന്നു.
ഭരണാധികാരിയുടെ ഈ ബില്‍ഡിങ്ങിന് മുകളില്‍ സാനിയോ കമ്പനിയുടെ ഒരു വലിയ ബോര്‍ഡുണ്ടായിരുന്നത് കൊണ്ടാണ് അതിനെ സാനിയോ ബില്‍ഡിങ് എന്ന് ആളുകള്‍ വിളിച്ചത്. അന്ന് ഹില്‍റ്റണ്‍ നിന്ന സ്ഥാനത്ത് ഇന്ന് പാലസ് ഹോട്ടലാണ്. ഫുജൈറ ട്രേഡ് സെന്ററിന്റെയും അതിനോട് അനുബന്ധിച്ചുള്ള പതിനാറ് കെട്ടിടങ്ങുകളുടെയും കണ്‍സ്ട്രക്ഷന്‍ പണികള്‍ അപ്പോള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഒന്നും ഇല്ലാതിരുന്ന ആ കാലത്തെ ഫുജൈറയിലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് എന്റെ നാട്ടുകാരായ വേങ്ങരക്കാര് നടത്തിയിരുന്ന ഒരു രണ്ട് ഷട്ടര്‍ വലിപ്പമുഉള്ള സബ സൂപ്പര്‍ മാര്‍ക്കറ്റ് മാത്രമായിരുന്നു. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ടാക്സി ഡ്രൈവര്‍ എന്നെ ആദ്യം കൊണ്ടുവന്നുവിട്ടത് ഈ പറയുന്ന സബ സൂപ്പര്‍മാര്‍ക്കറ്റിന്റെ പരിസരത്തായിരുന്നു. ദുബൈയിലുള്ള എന്റെ സുഹൃത്ത് ടാക്സികാരോട് പറയാന്‍ പറഞ്ഞ അടയാളപേര് സബ സൂപ്പര്‍ മാര്‍ക്കറ്റായിരുന്നു. അതിന്റെ പരിസരപ്രദേശത്ത് ടാക്സി ഇറങ്ങിയ എന്നെ എതിരേറ്റത് ഒരുപറ്റം കഴുതകളാണ്. നൂറിലേറെ കഴുതകള്‍ കൂട്ടംകൂടി നില്ക്കുന്ന ഒരു തെരുവിലാണ് ഞാന്‍ ടാക്സി ഇറങ്ങിയത്. ഗള്‍ഫ് എന്ന സ്വപ്ന ഭൂമി ലക്ഷ്യമാക്കി ഞാന്‍ നടത്തിയ ശ്രമകരമായ യാത്രകള്‍ എന്റെ ഓർമയിലുണ്ട്, ഒടുവില്‍ വന്നുചേര്ന്നപ്പോള് ഇതാണോ എന്റെ സ്വപ്നഭൂമി എന്നായിരുന്നു എന്റെ ശങ്ക. ഇന്നു നോക്കുമ്പോള്‍ പ്രദേശമാകെ മാറിയിരിക്കുന്നു. കെട്ടിടങ്ങളുടെ മാത്രമല്ല, ജനപഥങ്ങളുടെ സമുച്ഛയങ്ങള്‍ തന്നെ ഇവിടെയും വളര്‍ന്നിരിക്കുന്നു. സബ സൂപ്പര്‍ മാര്‍ക്കറ്റ് അപ്രത്യക്ഷമായി, അവിടെ ഒരു പത്തുനിലക്കെട്ടിടം തലയുയര്‍ത്തി നില്ക്കുന്നു. ഫുജൈറയുടെ നാലു ദശകത്തിന്റെ ചരിത്രസാക്ഷിയാവാന് കൂടിയായിരുന്നു എന്റെ നിയോഗമെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.
1981ലെ ഫുജൈറ അല്ല 2024ലെ ഇന്നത്തെ ഫുജൈറ. വിരലിലെണ്ണാവുന്ന പാര്‍പ്പിടങ്ങളും ചെറുവ്യാപാര കേന്ദ്രങ്ങളും മാത്രമുണ്ടായിരുന്ന ഫുജൈറ ഇന്ന് ഹജര്‍ മലനിരകളുമായി മല്‍സരിക്കുന്ന തരത്തിലുള്ള വലിയ എടുപ്പുകളാലും മാളുകളാലും ഹൈപ്പര്മാര്ക്കറ്റുകളാലും നിബിഢമാണ്. ആയിരത്തി അഞ്ഞൂറിലേറെ ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മലകളും കുന്നുകളും മനോഹര കടല്‍ തീരങ്ങളും അഴകേറ്റുന്ന ഫുജൈറ യു.എ.ഇയുടെ ഏഴ് എമിറേറ്റുകളില്‍ പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ ഏറ്റവും അനുഗൃഹീതമാണ്. ഫുജൈറയും അറബിക്കടലിലെ റാണി എന്നാണ് അറിയപ്പെടുന്നത്. അറബിക്കടലിന്റെ ചാരത്ത് നില്ക്കുന്ന ഒരേയൊരു സ്റ്റേറ്റ് ഫുജൈറ ആയതുകൊണ്ടായിരിക്കാം അങ്ങനെയൊരു പേര് കിട്ടിയത്. പതുക്കെയും ഉറച്ചതുമായിരുന്നു ഈ എമിറേറ്റിന്റെ വളര്‍ച്ച. ‘മണലില്‍ കൊട്ടാരം പണിയാന്‍ ഇഷ്ടമില്ല’എന്ന നയമായിരുന്നു ഞങ്ങളുടെ ഭരണാധികാരിയുടെത്. ഫുജൈറ ഭരണാധികാരിയും യു.എ.ഇ ഉന്നതാധികാരസമിതി അംഗവുമായിരുന്ന ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ ഭരണപാടവത്തോടൊപ്പം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെയും, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മകതൂമിലന്റെയും മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികളുടെയും സഹകരണവും സഹവര്‍ത്തിത്തവുമാണ് ഫുജൈറയെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്കു നയിക്കുന്നത്. ഒമാന്റെ കൂടെ അതിര്‍ത്തിയായ ഹജര്‍ പര്‍വതനിരകളുടെ താഴ്വാരത്തില്‍ അറബിക്കടലിലെ റാണിയെപ്പോലെ ഹോര്‍മുസ് കടലിടുക്കിനെ തഴുകി ഫുജൈറ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുകയാണ്. ഫുജൈറ അന്തര്‍ദേശീയ വിമാനത്താവളവും തുറമുഖവും ഫുജൈറ ഓയില്‍ സോണും തിരക്കേറിയ ആഗോള വ്യാപാര മേഖലകളാണിന്ന്.
അബൂദബി, ദുബൈ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഇത്തിഹാദ് റെയില്‍ പ്രായോഗികമാകുന്നതോടെ ഫുജൈറയുടെ ടൂറിസം വികസനവും ജീവിത വികാസവും ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായി ത്വരിതപ്പെടും. ഫുജൈറയുടെ എല്ലാ പുരോഗതിയുടെയും കപ്പിത്താന് ഭരണാധികാരിയായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയാണ്. അദ്ദേഹം ഭരണമേറ്റതിന്റെ ഏഴാമത്തെ വര്‍ഷം മുതല്‍ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തെയും ഫുജൈറയെയും അതു വഴി യു.എ.ഇയെയും സേവിച്ചുകൊണ്ട് ഞാന്‍ ജീവിക്കുന്നു. ഈ ഒരുമയുടെ പെരുന്നാള്‍ നാളില്‍ ഓര്‍മ്മപ്പെരുന്നാളായി മനസ്സില്‍ നിറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.