പരിസ്ഥിതിയെ മാറോട് ചേർത്ത് ഇമാറാത്ത്
text_fieldsദുബൈ: ഇന്ന് ലോകം പരിസ്ഥിതി ദിനം ആചരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് അനേകം പദ്ധതികള്‍ നടപ്പാക്കി വരുന്ന യു.എ.ഇ, ലോകത്തിന് തന്നെ ഈ മേഖലയിൽ മാതൃകാപരമായ രീതിയിലേക്ക് വളർന്നിരിക്കുന്നു. ഇക്കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളിൽ യു.എ.ഇ നിർണായക പങ്കുവഹിക്കുന്നതായി യു.എസ് കാലാവസ്ഥ പ്രതിനിധി ജോൺ കെറി പ്രസ്താവിച്ചത് ഇതിന്റെ തെളിവാണ്. യു.എ.ഇയിൽ വളരെ വലിയ സോളാർ വിന്യാസമുണ്ടെന്നും അതിവേഗം പരിസ്ഥിതി സംരക്ഷണ മേഖലയിൽ മുന്നേറുന്ന രാജ്യം മറ്റിടങ്ങളെയും പരിവർത്തനത്തിന് സഹായിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പാർക്കായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക് അടക്കമുള്ള സംവിധാനങ്ങളെ കുറിച്ച് സൂചന നൽകിയാണ് അദ്ദേഹം ഇമാറാത്തിനെ പ്രശംസിച്ചത്.
യു.എ.ഇ ഗ്രീന്‍ അജണ്ട 2015-2030, നാഷനല്‍ ക്ലൈമറ്റ് ചേഞ്ച് പ്ലാന്‍ 2017-2050, നാഷനല്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന് പ്രോഗ്രാം, യു.എ.ഇ നെറ്റ് സീറോ, യു.എ.ഇ സര്കുലര് ഇകണോമി പോളിസി 2021-2031, നാഷനല്‍ ബയോഡൈവേഴ്സിറ്റി സ്ട്രാറ്റജി ആന്റ് ആക്ഷന്‍ പ്ലാന്‍, നാഷനല്‍ വൈല്‍ഡ് ലൈഫ് സസ്റ്റൈനബിലിറ്റി പ്രോഗ്രാം തുടങ്ങി എത്രയോ പദ്ധതികളാണ് പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പാക്കി വരുന്നത്. കാലാവസ്ഥാ വ്യതിയാനം ഗണ്യമായി കുറക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ചും നിരവധി പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്.
ആഗോള തലത്തില്‍ കാലാസ്ഥാ, പരിസ്ഥിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള രാഷ്ട്ര നേതാക്കളുടെ സമ്മേളനമായ യു.എന്‍ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്(കോപ് 28) ആതിഥ്യമരുളുന്നതും യു.എ.ഇയാണ്. 2023ലാണ് കോപ് 28 യു.എ.ഇയില്‍ നടക്കുന്നത്. 2025ഓടെ യു.എ.ഇയുടെ ശുദ്ധ ഊര്‍ജ ഉല്‍പ്പാദനം 12 ജിഗാ വാട്ട് ആകുമെന്നാണ് പ്രതീക്ഷ. പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ സഹായത്തിനായി അമ്പത് രാജ്യങ്ങള്‍ക്കായി 17 ബില്യന്‍ ഡോളറാണ് യു.എ.ഇ ഇതുവരെ നല്‍കിയത്.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ച് തന്നെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാനുള്ള വിവിധ സംവിധാനങ്ങൾ എമിറേറ്റുകളിൽ ഒരുക്കുന്നത്. അബൂദബിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതും ദുബൈയിൽ അടുത്ത മാസം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് 25ഫിൽസ് ഈടാക്കുന്നതും ഇതിന്റെ ഭാഗമാണ്. വരുംതലമുറക്ക് വേണ്ടി മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കണമെന്ന ഉറച്ച ബോധ്യമാണ് ഭരണാധികാരികളെ ിൗ തീരുമാനങ്ങളിലേക്ക് നയിച്ചത്. പരിസ്ഥിതിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഇമാറാത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെയാവും വരുംകാലത്ത് നടപ്പിലാക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.