ഇമാറാത്തി വനിതദിനം; ആശംസ നേർന്ന് ഭരണാധികാരികൾ
text_fieldsദുബൈ: ഇമാറാത്തി വനിതദിനമായ ബുധനാഴ്ച ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ഭരണാധികാരികളും പ്രമുഖരും. സ്ത്രീകളുടെ സംഭാവനകളില്ലായിരുന്നെങ്കിൽ യു.എ.ഇയുടെ വികസന മുന്നേറ്റം സാധ്യമാകുമായിരുന്നില്ലെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയെ രൂപപ്പെടുത്തുന്നതിൽ അവർ വഹിക്കുന്ന പങ്കിനെ ഇമാറാത്തി വനിതദിനത്തിൽ ആദരിക്കുകയാണെന്നും അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു.
ഇമാറാത്തി വനിതദിനത്തിൽ മാതാക്കളും അധ്യാപകരും വികസനത്തിലെ പ്രധാന പങ്കാളികളെന്ന നിലയിൽ അവരുടെ സംഭാവനകളെ ആഘോഷിക്കുകയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു. വീടുകളിൽ, സ്ഥാപനങ്ങളിൽ, മന്ത്രാലയങ്ങളിൽ, സിവിൽ സൈനിക സംവിധാനങ്ങളിൽ അവർ വഹിക്കുന്ന പങ്കിനെ അംഗീകരിക്കുന്നു. അതോടൊപ്പം സ്വകാര്യ മേഖലയിലെ അവരുടെ സംഭാവനകളെയും അംഗീകരിക്കുന്നു. രാജ്യത്തിന്റെ വർത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നതിൽ അവരുടെ നേട്ടങ്ങളും ശരിയായ പങ്കാളിത്തവും പ്രശംസനീയമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശനനിരക്ക്, തൊഴിൽ, വ്യക്തിഗത അവകാശങ്ങൾ, സാമൂഹിക സുരക്ഷ എന്നിവയുടെ സംരക്ഷണം എന്നിവയുൾപ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട 33 സൂചകങ്ങളിൽ യു.എ.ഇ ആഗോളതലത്തിൽ മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കം മറ്റു പ്രമുഖരും ഇമാറാത്തി വനിതദിനത്തിൽ ആശംസയറിയിച്ചു. എല്ലാ വർഷവും ആഗസ്റ്റ് 28നാണ് ഇമാറാത്തി വനിത ദിനം ആചരിച്ചുവരുന്നത്. സ്ത്രീകളുടെ ശക്തിയെയും കല, ബിസിനസ്, ശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ ശ്രദ്ധേയമായ നേട്ടങ്ങൾ, യു.എ.ഇയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരുടെ നിർണായക പങ്ക് എന്നിവയെ ആദരിക്കുന്നതിനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.