മണലാരണ്യത്തിലെ മരതക കാഴ്ചകൾ
text_fieldsകേരളത്തിന്റെ ഗൾഫ് പതിപ്പായ സലാലയിലേക്കായിരുന്നു ഈ പെരുന്നാൾ അവധിക്ക് ഞങ്ങളുടെ യാത്ര. മുൻകൂട്ടി പ്ലാൻ ചെയ്തതിനാൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഏപ്രിൽ 13ന് വൈകുന്നേരം അഞ്ചോടെ ഞങ്ങൾ അഞ്ചംഗ സംഘം ഹത്ത അതിർത്തിയിൽ എത്തിചേർന്നു. ദീർഘദൂര യാത്രക്ക് വേണ്ടുന്ന സാധനങ്ങളെല്ലാം വാഹനത്തിൽ കരുതിയിരുന്നു. ഹത്ത ചെക്ക് പോസ്റ്റിൽ നിന്നും യു.എ.ഇ എക്സിറ്റ് അടിച്ച ശേഷം ഒമാൻ അതിർത്തി ചെക്ക് പോസ്റ്റിൽ 15 ദിവസത്തെ ഒമാൻ വിസ ഒരു ഫീസും ഇല്ലാതെ അടിച്ച് തന്നു. അടുത്ത സുഹൃത്ത് പറഞ്ഞ് തന്നത് പ്രകാരമാണ് ഓൺലൈൻ വിസ എടുക്കാതെ പോയത്. അതിനാൽ, പണം നൽകാതെ ഒമാൻ വിസ കിട്ടി.
ഇവിടെ നിന്ന് 1300 കിലോമീറ്ററോളം ദൂരം വഴി വിളക്കുകളോ കടകളോ വീടുകളോ ഇല്ലാത്ത വഴികളിലൂടെയാണ് യാത്ര. അങ്ങോട്ടും ഇങ്ങോട്ടും പായുന്ന വാഹനങ്ങൾ മാത്രമാണ് കൂട്ട്. 300 കിലോമീറ്ററിന് ഇടയിൽ കിട്ടുന്ന പെട്രോൾ പമ്പിലെ കടകൾ മാത്രമാണ് ഏക ആശ്വാസം. ഏകദേശം 13 മണിക്കൂർ യാത്രയുണ്ട്. നീലാകാശത്തിലെ വെള്ളിമേഘങ്ങളോട് കിന്നാരം പറഞ്ഞും തൊട്ടുരുമിയും നിൽക്കുന്ന അംബര ചുംബികളായ ഉത്തുംഗശൃഗംങ്ങൾ ഒരു സഞ്ചാരിക്ക് കിട്ടാവുന്ന മനോഹരമായ കാഴ്ചയാണ്. ഈ മലനിരകൾ കാണുമ്പോൾ പശ്ചിമഘട്ടത്തിലെ അഗസ്ത്യാർ കൂടവും വരയാട് മൊട്ടയും ഓർമ്മവരും. അനേകം ചുരങ്ങൾ കയറിയിറങ്ങണമെങ്കിലും ഇടക്ക് സൗത്ത് ആഫ്രിക്കയിലെ വരണ്ട ഭൂമിയിൽ കാണുന്ന പോലെ ഒറ്റപെട്ട, മുകൾ ഭാഗം പരന്ന, മരങ്ങൾ ഉള്ള മരുഭൂമിയിലൂടെ യാത്ര ചെയ്യണം. കുന്നോളം മണൽക്കൂനകൾ നിറഞ്ഞ മരുഭൂമിയിലൂടെയും ദീർഘനേരം യാത്ര ചെയ്യേണ്ടി വരും. ഇടക്ക് ആടിനേയും ഒട്ടകത്തെയും വളർത്തുന്ന ഇടങ്ങളും അവിടെ ഇടയന്മാർക്ക് താമസിക്കാൻ വേണ്ടി ഒരുക്കിയിരിക്കുന്ന ടെന്റുകളിൽ കിനിഞ്ഞു കത്തുന്ന പാനീസ് വിളക്കുകളും കാണാം.
മണൽ കാറ്റിന്റെ ശക്തി കാരണം റോഡിൽ ചെറിയ മണൽ കൂനകൾ പ്രതൃക്ഷപെട്ടു തുടങ്ങി. വാഹനം ഓടിക്കാൻ പ്രയാസം നേരിട്ടതിനാൽ വാഹനം വഴിയരികിൽ പാർക്ക് ചെയ്ത് വിശ്രമിക്കാൻ തീരുമാനിച്ചു. വാഹനത്തിൽ കരുതിയിരുന്ന ടെന്റ് അടിച്ച് മൂന്ന് മണിക്കൂറോളം വിശ്രമിച്ചു. പ്രഷുബ്ദമായ കാറ്റ് വീശിയടിച്ച് ടന്റ് ആടിയുലഞ്ഞെങ്കിലും ഞങ്ങൾ സുഖമായി കിടന്നുറങ്ങി. ഇനി ഏകദേശം 400 കിലോമീറ്റർ കൂടി മാത്രമേ സലാലയിൽ എത്താൻ സഞ്ചരിക്കേണ്ടതുള്ളൂ. ഉദയ സൂര്യൻ പതിയെ അതിന്റെ പൊൻകിരണങ്ങളുമായി മലമടക്കുകൾക്കിടയിലൂടെ ഉയർന്നു വരുന്ന കാഴ്ച കണ്ണിന് കുളിർമ പകരുന്നതായിരുന്നു.
ചില സ്ഥലങ്ങളിൽ മൊബൈൽ ഫോൺ റെയ്ഞ്ച് കിലോമീറ്ററുകളോളം ഉണ്ടാകാറില്ല. അവസാനത്തെ ചെക്ക് പോസ്റ്റും കഴിഞ്ഞ് സലാലയിലേക്ക് കടക്കുമ്പോൾ ഞങ്ങളെ സ്വീകരിച്ചത് പച്ചപ്പാർന്ന മലനിരകളും പാതയോരങ്ങൾക്ക് ഇരു വശങ്ങളിലും വളരെ ഭംഗിയിൽ വരിവരിയായി വെച്ച് പിടിപ്പിച്ചിരിക്കുന്ന കേരവൃക്ഷങ്ങളുമാണ്. നയനാനന്ദകരമായ കാഴ്ചകളാണ് ഇവ സമ്മാനിക്കുന്നത്. ഉയരം കൂടി തിങ്ങി നിറഞ്ഞു നിൽക്കുന്ന തെങ്ങിൽ തോപ്പുകളും വാഴതോപ്പുകളും കാണുമ്പോൾ നമ്മൾ കേരളത്തിൽ എത്തിയോ എന്ന് തോന്നിപ്പോകും.
സലാലയിൽ
വൈകാതെ തന്നെ സലാല എന്ന ചെറിയ പട്ടണത്തിൽ എത്തിച്ചേർന്നു. ബാബിലോൺ ഹോട്ടലിലെ കുളിയും ചെറിയൊരു വിശ്രമവും കഴിഞ്ഞ് ഞങ്ങൾ പുറത്തെ കാഴ്ചകൾ കാണാനായി ഇറങ്ങി. സലാലയിലെ അതിമനോഹരമായ വാദീ ദർബത്ത് വെള്ളചാട്ടം കാണാനായിരുന്നു അന്നത്തെ യാത്ര. ഇവിടുന്ന് 48 കിലോമീറ്റർ സഞ്ചരിച്ചാൽ വാദീ ദർബത്തിൽ എത്തിച്ചേരാം. സലാലയിൽ ഏത് വഴികളിലൂടെ പോയാലും ധാരാളം പശുക്കളും പശു കിടാങ്ങളും മേഞ്ഞ് നടക്കുന്ന കാഴ്ചകൾ കാണാം. ഇവിടുത്തെ ഗ്രാമീണരുടെ എല്ലാ വീടുകളിലും പശുവും ആടും ധാരാളമുണ്ട്. മരതക പച്ചപ്പുളള മലകളും നിരന്ന പ്രദേശങ്ങളും കടന്ന് ഞങ്ങൾ വാദീ ദർബത്തിൽ എത്തിച്ചേർന്നു. ഗാഫ് മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന മനോഹരമായ താഴ്വരയിലാണ് അനേകം കൈവഴികളുള്ള വെളളചാട്ടം സ്ഥിതി ചെയ്യുന്നത്. പച്ചനിറമുള്ള മനോഹരമായ തടാകങ്ങളാണ് ചുറ്റും. ഇടതൂർന്ന കാടുകൾ വെള്ളച്ചാട്ടത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. മരങ്ങൾക്കിടയിൽ കൂടുകൂട്ടുന്ന തുന്നൽക്കാരൻ (Weaver bird), നാഗമോഹൻ പക്ഷി (African Paradise flycatcher), ഡെഡ് സീ സ്റ്റാർലിങ് പക്ഷി, തത്തകൾ, മൈന, കാക്ക, കുയിൽ, ബുൾബുൾ പക്ഷികൾ, വേലി തത്തകൾ (green bee eater), തിത്തിരി പക്ഷികൾ (Red wattled Lapwing), സിനാമൻ പക്ഷഇ, ഇന്ത്യൻ സിവിലർ പക്ഷി എന്നിവയെ എല്ലാം യഥേഷ്ടം കാണാം. ചില മരങ്ങളുടെ ശിഖരങ്ങളിൽ തൂക്ക് തേൻ കിടക്കുന്ന കാഴ്ച കണ്ടു. ഈ തടാകത്തിൽ കരിമീൻ പോലുള്ള മത്സ്യങ്ങൾ യഥേഷ്ടം കാണാം. മനോഹരമായ ഈ കാഴ്ചകൾ കണ്ട്, അവയുടെ ചിത്രങ്ങളും എടുത്ത്, മതിവരാതെ ഞങ്ങൾ അവിടെ നിന്ന് യാത്ര പറഞ്ഞു.
അടുത്ത യാത്ര 40 കിലോമീറ്റർ അകലെയുള്ള ഗ്രാവിറ്റി മലയിലേക്കായിരുന്നു. അവിടെ കയറ്റത്ത് വാഹനം നിർത്തിയാൽ ഇൻജിൻ ഓഫായ അവസ്ഥയിൽ തന്നെ വാഹനം പതിയെ കയറ്റം കയറുന്നത് കാണാം. ചേര സാമ്രാജ്യത്തിലെ രണ്ടാമത്തെ രാജാവായിരുന്ന ചേരമാൻ പെരുമാൾ (താജുദ്ദീൻ പെരുമാൾ) അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം കാണുവാൻ പോയി. അദ്ദേഹം മദീനയിൽ പോയി തിരികെ വരുന്ന വഴി സലാലയിൽ വച്ചാണ് മരിച്ചത്. ശരിക്കും നാട്ടിലെ ഏതോ കുഗ്രാമത്തിൽ ചെന്നെത്തിയതുപോലെ അനുഭവപ്പെട്ടു.
നീണ്ടു കിടക്കുന്ന ചെമ്മൺ പാതകൾക്കിരുവശവും നിറയെ തേങ്ങകൾ ഉള്ള തെങ്ങിൻ തോ പ്പുകൾ കൗതുകമുത്തർത്തുന്നവയായിരുന്നു. പപ്പായ തോട്ടങ്ങളും വാഴ തോട്ടങ്ങളും മുരിങ്ങ തോട്ടങ്ങളും മരച്ചീനി പണകളും വെറ്റ കൊടികളും കരിമ്പിൻ തോട്ടങ്ങളും യഥേഷ്ടം കാണാം.
മനോഹരമായ സൂര്യാസ്തമയ കാഴ്ചകൾ കണ്ട് അവിടെ നിന്നും മടങ്ങി. തിരികെ വരുമ്പോൾ റോഡിനിരുവശവും നീണ്ട നിരയിൽ കാണുന്ന തെങ്ങോല മേഞ്ഞ, നാട്ടിൽ പണ്ട് കണ്ടിരുന്ന പോലത്തെ ചെറിയ കടകൾ കാണാം. അവിടെ ഇറങ്ങി കുറച്ച് ഇളനീർ വാങ്ങി. കോഴിക്കോട് അങ്ങാടിയിൽ നിൽക്കുന്നത് പോലെ തോന്നി. അടുത്ത ദിവസം രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം ഷാത്ത് സീ ഓവർ പൊയന്റ് കാണുവാൻ പോയി. സലാലയിൽ നിന്നും 84 കിലോമീറ്റർ അകലെ ഷാത്ത് എന്ന പർവ്വതത്തിന് മുകളിലേക്കാണ് യാത്ര. ഹെയർപിൻ വളവുകളും കയറ്റിറക്കങ്ങളും ഉള്ള ഹൈറേഞ്ച് പാതയിലൂടെ യാത്ര സാഹസികമായിരുന്നു. മുകളിൽ എത്തുമ്പോൾ അടിവാരത്ത് കൂടി വെള്ളി മേഘങ്ങൾ സഞ്ചരിക്കുന്ന കാഴ്ച ദൃശ്യ സുന്ദരമായിരുന്നു. ഷാത്തിലേക്ക് പോകുന്ന വഴിയിൽ എട്ടോ പത്തോ കുഞ്ഞുവീടുകൾ ഉള്ള ചെറിയ ഗ്രാമവും കുറേയേറെ ആടുകളെയും പശുക്കളേയും കണ്ടു. നൂറിലധികം വരുന്ന ആടുകളെ മേയ്ച്ച് നടക്കുന്ന ആട്ടിടയന്മാരേയും കാണാൻ കഴിഞ്ഞു. ഏതാണ്ട് യമനിന്റെ അടുത്തായ് വരും ഈ സ്ഥലം.
ഒമാൻ മിലിട്ടറി ചെക്ക് പോസ്റ്റിൽ ചെക്കിംഗ് കഴിഞ്ഞ് ഏകദേശം 9.30ഓടെ ഷാത്ത് മലയുടെ മുനമ്പിൽ എത്തിച്ചേർന്നു. അവിടെ നിന്നു താഴേക്ക് നോക്കുമ്പോൾ കിഴക്കാംതൂക്കായി കിടക്കുന്ന മലയുടെ അടിവാരത്തെ കണ്ടൽകാടുകൾക്ക് ശേഷം കാണുന്ന അതിമനോഹരമായ കടൽ കാഴ്ചയാണ്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 800 മീറ്റർ ഉയരത്തിലാണ് ഷാത്ത്. മലമുകളിലെ ചെറു കുറ്റിക്കാടുകൾക്കിടയിൽ പൂമ്പാറ്റകളും പക്ഷികളും യഥേഷ്ടം പാറി നടക്കുന്നുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം അവിടെ ചിലവഴിച്ചതിന് ശേഷം തിരികെ സലാലയിലേക്ക് മടങ്ങി. ഉച്ചഭക്ഷണം കഴിഞ്ഞ് വൈകുന്നേരം നാല് മണിയോടെ മസ്കത്ത് വഴി അബൂദബിയിലേക്ക് തിരികെയാത്ര. ഉല്ലാസഭരിതമായ സലാല യാത്രാ ദിനങ്ങൾ വിനോദവും വിജ്ഞാനവും നേടി തന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.