വിമാനത്താവളങ്ങളിൽ അടിയന്തര വൈദ്യസേവനം: ദേശീയ ആംബുലൻസ് കരാറിൽ ഒപ്പുവെച്ചു
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിലെ എല്ലാ വിമാനത്താവളങ്ങളിലും അടിയന്തര വൈദ്യസേവനങ്ങൾ നൽകാനും കൈകാര്യം ചെയ്യാനുമുള്ള കരാറിൽ ദേശീയ ആംബുലൻസ് ഒപ്പുവെച്ചു.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, അൽ ബത്തീൻ വിമാനത്താവളം, അൽഐൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ഈമാസമാണ് സേവനങ്ങൾ ആരംഭിച്ചത്. 70 പാരാമെഡിക്കൽ സ്റ്റാഫും സപ്പോർട്ട് സ്റ്റാഫും അടങ്ങുന്ന മെഡിക്കൽ ടീമാണ് സേവനത്തിന് നേതൃത്വം നൽകുക. ഉയർന്ന യോഗ്യതയുള്ളവരും വിദഗ്ധ പരിശീലനം ലഭിച്ചവരുമാണ് മെഡിക്കൽ സേവനം ഉറപ്പാക്കുക.
അടിയന്തര കേസുകളിൽ പ്രതികരിക്കാൻ അബൂദബി വിമാനത്താവളങ്ങളിൽ പ്രത്യേക സൗകര്യമുണ്ട്. അബൂദബിയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സേവനങ്ങൾ നടപ്പാക്കുന്നത്.
ഉദ്യോഗസ്ഥർ, വാഹനങ്ങൾ, അടിയന്തര വിഭവങ്ങൾ, വർക് മെക്കാനിസം, നടപടിക്രമങ്ങൾ, സേവന മാനേജ്മെൻറ് എന്നിവ ക്രമീകരിച്ച് രണ്ട് മാസത്തെ കഠിനപരിശീലനത്തിന് ശേഷമാണ് ദേശീയ ആംബുലൻസ് സേവനങ്ങൾ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രീ-ഹോസ്പിറ്റൽ ഘട്ടത്തിലെ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാനാവും. ആറ് ആംബുലൻസുകൾ ഉൾപ്പെടെ പ്രതികരണ വാഹനവും ഈ സേവനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. എമർജൻസി മെഡിസിൻ ടെക്‌നീഷ്യൻമാർ, ദേശീയ ആംബുലൻസ് ഓപറേഷൻ റൂമുകളിലെ പ്രത്യേക കേഡർമാർ എന്നിവർ അടങ്ങുന്ന അടിയന്തര മെഡിക്കൽ ടീമിനു പുറമെ വിവിധ സൈറ്റുകളിലെ പ്രത്യേക സൗകര്യങ്ങളും ഉൾപ്പെടുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും പങ്കാളികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള അബൂദബി എയർപോർട്‌സ് കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ദേശീയ ആംബുലൻസുമായുള്ള സഹകരണ കരാറെന്ന് അബൂദബി എയർപോർട്സ് സി.ഇ.ഒ ഷെരീഫ് ഹാഷെം അൽ ഹാഷിമി പറഞ്ഞു. യാത്രക്കാരുടെ ആരോഗ്യസുരക്ഷക്ക് മുൻഗണന നൽകുന്നതിെൻറ ഭാഗമാണിതെന്നും വിമാനത്താവളങ്ങളിൽ കർശനമായ ആരോഗ്യസുരക്ഷ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അബൂദബി വിമാനത്താവളങ്ങളുടെ മികവ് നിലനിർത്താനും ആംബുലൻസ് സേവനം ഉപകരിക്കും. അബൂദബിയിലെ വിവിധ വിമാനത്താവളങ്ങളിൽ ആവശ്യമായ അടിയന്തര വൈദ്യസേവനങ്ങൾ നൽകാൻ തയാറാണെന്ന് ദേശീയ ആംബുലൻസ് സി.ഇ.ഒ അഹമ്മദ് അൽ ഹാജിരിയും അറിയിച്ചു.
അബൂദബിയിലെ പ്രധാന കവാടങ്ങളായ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കും ഉപഭോക്താക്കൾക്കും അടിയന്തര കേസുകളിൽ ആരോഗ്യസുരക്ഷ നൽകുന്നതിെൻറ മൂല്യം ഉയർത്താൻ കഴിയുന്ന നടപടിയാണിത്.
ലോകം കടന്നുപോകുന്ന പകർച്ചവ്യാധിയുടെ സാഹചര്യങ്ങളിൽ മികച്ച ആരോഗ്യ സേവനം നൽകുന്നതിൽ അഭിമാനം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.