കൈമുട്ടിപ്പാട്ടിലെ പ്രവാസപ്പെരുക്കം
text_fieldsപ്രവാസച്ചൂടിലും പിറന്ന മണ്ണ് സമ്മാനിച്ച കലാവാസനകളെ ജീവശ്വാസം പോലെ ചേര്‍ത്തു പിടിക്കുകയാണ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശികളായ ഈ യുവാക്കള്‍. മലബാറിലെ കല്യാണ ആഘോഷങ്ങള്‍ക്കും മറ്റും മാറ്റ് കൂട്ടുന്ന കൈമുട്ടിപ്പാട്ട് എന്ന കലയുമായി ഇമാറാത്തിലെ പലവിധ വേദികളിലും ഇവര്‍ നിറ സാന്നിധ്യമാണ്. ഗ്രീന്‍ സ്റ്റാര്‍ മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ കൈമുട്ടിപ്പാട്ടിനു മാത്രമായി ഒരു കൂട്ടായ്മ രൂപപ്പെടുത്തി പ്രവാസികളുടെ ആഘോഷങ്ങളുടെ ഭാഗമായിട്ട് ഒരു വര്‍ഷമായിരിക്കുന്നു. എന്നാല്‍, അതിനും മൂന്നുവര്‍ഷം മുമ്പ് ദുബൈയില്‍ നടന്ന കൈമുട്ടിപ്പാട്ട് മല്‍സരത്തില്‍ പങ്കെടുക്കാനാണ് ആദ്യമായി ഒരു ടീമിനെ ഒരുക്കിയത്. ഇക്കൊല്ലം മാത്രം ഇതുവരെ നൂറിലധികം വേദികളെയാണ് കൈമുട്ടിപ്പാട്ടിന്റെ വശ്യ മനോഹാരിതകൊണ്ടിവര് ഹൃദ്യമാക്കിയത്.
ഫാരിഷ്, അനസ്, അഫ്സല്, അഫ്നാസ്, ഷാനിദ്, ഫിറോസ് ഇസ്മായില്‍, മഷൂദ്, അനസ് കെ.പി, ഹാഷിര്‍, ഇജാസ്, റഹീസ്, ഷാഫി, സിയാദ്, നസീം, നസീഫ്, സിദ്ദീഖ്, ഷബീര്‍, അസ്ലം, ആസിഫ് എന്നിവരാണ് കൈമുട്ടിപ്പാട്ടിനെ പ്രവാസ ലോകത്തിന് പരിചയപ്പെടുത്തിയ കലാകാരന്മാര്. അധികവും എടയന്നൂര്‍ സ്വദേശികള്‍.
കണ്ണൂര്‍ ജില്ലയ്ക്കു പുറത്തുള്ളവര്‍ ആരുമില്ല. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ തരക്കേടില്ലാത്ത തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍. ഈ കലാരൂപത്തോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം കൂട്ടുകൂടിയവര്‍. അവധി ദിനങ്ങളില്‍ ഒന്നിച്ചൊരിടത്തു കൂടി പരിശീലനവും പാട്ടുകളുമായി അങ്ങനെ. ഇപ്പോള്‍, നിറയെ വേദികളാണ്. ടീം രണ്ടായി വിഭജിച്ചാണ് ഇപ്പോള്‍ പരിപാടി അവതരിപ്പിക്കുന്നത്.
തലമുറകള്‍ കൈമാറി വന്ന സുകൃതമാണിവര്ക്ക് ഈ കലാരൂപം. കുടുംബങ്ങളില്‍ നിന്ന് ആരെങ്കിലുമൊക്കെ കൈമുട്ടിപ്പാട്ടിന്റെ ഭാഗമാവാതിരിക്കില്ല. അതങ്ങനെ കെടാതെ സൂക്ഷിക്കുന്നു, എവിടെയാണോ ഉള്ളത് അവിടെ അതിന് ജീവന് നല്കുന്നു, വരും തലമുറകളിലേക്ക് പകര്‍ന്നുകൊണ്ടേയിരിക്കുന്നു. കൈമുട്ടിപ്പാട്ടിന്റെ പ്രധാന പ്രത്യേകത അത്യാവശ്യം പാട്ട് മൂളാന്‍ കഴിയുന്ന ആര്‍ക്കും ഇതിനൊപ്പം ചേരാമെന്നതാണ്. അതുകൊണ്ടുതന്നെ തുടങ്ങിക്കൊടുത്താല്‍ മതി, വേദിയിലുള്ളവര് അതേറ്റുപാടും. സദസ്സിലുള്ളവർ എന്താണോ ആഗ്രഹിക്കുന്നത് അതിന് അനുസരിച്ച് നൊടിയിടയില്‍ ട്രാക്ക് മാറ്റാന്‍ കണ്ണുകൊണ്ടൊരു സിഗ്നല്‍ മാത്രം മതിയാവുമിവര്ക്ക്. കാരണം ഏതെങ്കിലുമൊരു പ്രത്യേക കാറ്റഗറിയിലുള്ള പാട്ടുകള്‍ മാത്രമല്ല കൈമുട്ടിപ്പാട്ടില് ഉപയോഗിക്കുക. പഴയ മാപ്പിളപ്പാട്ടുകള്‍, ട്രെന്റ് ഗാനങ്ങള്‍ ഹിന്ദി, സിനിമാ പാട്ടുകള്‍ അങ്ങനെയെന്തും കൈമുട്ടിപ്പാട്ടില് വഴങ്ങും.
ട്രിപ്പിള്‍ ഡ്രം, തംബോറിന്, ദര്‍ബുക, തംബോറിന് റിങ്, കാജോന്, എഗ്ഗ് ഷാക്കര്‍ തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുമെങ്കിലും കൈ കൊണ്ട് പ്രത്യേക താളത്തിലുള്ള മുട്ടിനു തന്നെയാണ് പ്രാധാന്യം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ പതിറ്റാണ്ടുകളായി കല്യാണങ്ങള്‍ക്കും മറ്റും കൈമുട്ടിപ്പാട്ട് മുഖ്യ ഇനമാണ്. യു.എ.ഇയിലാവട്ടെ കല്യാണ പരിപാടികള്‍, ഉദ്ഘാടനങ്ങള്‍, പ്രവാസി സംഘടനകളുടെ ആഘോഷങ്ങള്‍ എന്നിവയ്ക്കെല്ലാം കൈമുട്ടിപ്പാട്ട് നടത്തിവരുന്നു.
പ്രവാസികള്‍ക്കിടയില്‍, പ്രത്യേകിച്ച് മലബാറുകാര്‍ക്ക് തങ്ങളുടെ നാട്ടിലെത്തിയ പ്രതീതിയാണ് ആഘോഷവേളകളിലെ ഈ കൈമുട്ടിപ്പാട്ട്. അതുകൊണ്ടുതന്നെ എല്ലാ പരിപാടികളും വന്‍ ഹിറ്റുമായി മാറുന്നു.
പരിപാടി നടത്തിക്കിട്ടുന്ന പ്രതിഫലത്തിന്റെയൊരു പങ്ക് നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും കൂട്ടായ്മ മാറ്റിവയ്ക്കുന്നുണ്ട്. ടിക്ക്ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഗ്രീന്‍ സ്റ്റാര്‍ മിഡില്‍ ഈസ്റ്റ് എന്ന പേരിലും സജീവമാണിവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.