ഖത്തർ അമീർ അബൂദബിയിൽ
text_fieldsഅബൂദബി: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനത്തിന് അബൂദബിയിൽ എത്തി. വ്യാഴാഴ്ച വൈകീട്ടോടെ അബൂദബി പ്രസിഡൻഷ്യൽ ഫ്ലൈറ്റ് ടെർമിനലിലെത്തിയ അദ്ദേഹത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്ര തലവന്മാരും ഉഭയകക്ഷി സഹകരണവും ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തതായി വാർത്ത ഏജൻസി വാം റിപ്പോർട്ട് ചെയ്തു. അബൂദബി ഖസറുൽ ശാത്വിയിലാണ് കൂടിക്കാഴ്ച നടന്നത്. ഗസ്സയിൽ വെടിനിർത്തൽ രൂപപ്പെടുത്തുന്നതിനും മേഖലയിൽ മാനുഷിക സഹായമെത്തിക്കുന്നത് സംബന്ധിച്ചും സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആക്രമണം വ്യാപിപ്പിക്കുന്നത് തടയാനുള്ള സാധ്യമായ മാർഗങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപ ഭരണാധികാരികളായ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും ശൈഖ് മുഹമ്മദിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, അമീരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, സെക്യൂരിറ്റി സർവിസ് മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി ഉൾപ്പെടെ ഉന്നത സംഘവും ഖത്തർ അമീറിനോടൊപ്പമെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.