എമിറേറ്റ്സ് എയർലൈൻ അഞ്ച് ചരക്ക് വിമാനങ്ങൾകൂടി വാങ്ങും
text_fieldsദുബൈ: എമിറേറ്റ്സ് എയർലൈൻ അഞ്ചു ചരക്ക് വിമാനങ്ങൾക്കുകൂടി ഓർഡർ നൽകി. ബോയിങ് 777 വിമാനങ്ങളാണ് വാങ്ങുന്നത്. രണ്ട് വർഷത്തിനുള്ളിൽ വിമാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ നൽകിയ ഓർഡറുകൾ ഉൾപ്പെടെ 14 ചരക്ക് വിമാനങ്ങളാണ് 2026 ഓടെ എമിറേറ്റ്സിന് ലഭിക്കാനുള്ളത്.
പുതിയ വിമാനങ്ങൾകൂടി എത്തുന്നതോടെ 2026 ഡിസംബറോടെ എമിറേറ്റ്സ് സ്കൈ കാർഗോയുടെ ആകെ വിമാനങ്ങളുടെ എണ്ണം 21 ആകും. 11 വിമാനങ്ങളാണ് നിലവിൽ എമിറേറ്റ്സ് സ്കൈ കാർഗോക്കുള്ളത്. കൂടാതെ നിലവിലുള്ള നാല് ബോയിങ് 777 ചരക്ക് വിമാനങ്ങളുടെ വാടക കാലാവധി നീട്ടുന്നതിനായി ദുബൈ എയ്റോസ്പേസ് എന്റർപ്രൈസസുമായി എമിറേറ്റ്സ് കരാറിൽ ഒപ്പുവെച്ചു.
അതേസമയം, ചരക്കുവിമാനങ്ങളുടെ ശേഷിയും എണ്ണവും കൂട്ടുന്നതിനായി 10 യാത്ര വിമാനങ്ങൾ ബോയിങ് 777 ചരക്ക് വിമാനങ്ങളായി മാറ്റുന്നതിനായുള്ള നിക്ഷേപവും നടത്തിയതായി എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു.
വ്യോമമേഖലയിലെ ഉയരുന്ന ആവശ്യകതയും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം സമ്മാനിക്കുന്നതിനുമായി പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.