ചെക്-ഇൻ ചെയ്യാൻ വരുന്നു; എമിറേറ്റ്സിന്റെ ‘സാറ’
text_fieldsദുബൈ: യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ചെക്-ഇൻ പൂർത്തിയാക്കാൻ റോേബാട്ടുകൾ വരുന്നു. എമിറേറ്റ്സ് വിമാനക്കമ്പനിയാണ് ‘സാറ’ എന്നുപേരിട്ട റോബോട്ടുകൾ സ്ഥാപിക്കാൻ തീരുമാനിച്ച കാര്യം വെളിപ്പെടുത്തിയത്. വിമാനത്താവളത്തിൽ കറങ്ങി നടക്കുന്ന ‘സാറ’ ആറു ലോക ഭാഷകൾ സംസാരിക്കും. ചെക് ഇൻ സേവനം മുതൽ ഹോട്ടൽ ബുക്കിങ് വരെയുള്ള വിവിധ കാര്യങ്ങൾ റോബോട്ട് ഉപയോഗിച്ച് പൂർത്തിയാക്കാനാവും.
പോർട്ടബ്ൾ ചെക് ഇൻ റോബോട്ടുകൾ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയാകും ദുബൈയെന്ന് കമ്പനി സി.ഒ.ഒ ആദിൽ അൽ രിദ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഇത് ഒരു വിമാനത്താവളത്തിലും പരീക്ഷിച്ചിട്ടില്ല. എല്ലാ ചെക്കിങ് ഘടകങ്ങളും പൂർത്തീകരിക്കാൻ സാധിക്കുന്ന രൂപത്തിലാണ് റോബോട്ട് സംവിധാനിച്ചിരിക്കുന്നത്. ചെക്കിങ് പൂർത്തിയാക്കിയവരുടെ ബോർഡിങ് പാസുകൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്കോ ഇ-മെയിലിലേക്കോ അയച്ചുനൽകും -അദ്ദേഹം വിശദീകരിച്ചു.
ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് വിമാനക്കമ്പനി പങ്കാളികളുമായി ചേർന്നാണ് സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. മെഷീനിന്റെ ഹാർഡ്വെയർ, സോഫ്റ്റ്വെയർ സംവിധാനങ്ങളെല്ലാം യു.എ.ഇയിൽതന്നെ വികസിപ്പിച്ചതാണ്. 200ലധികം റോബോട്ടുകൾ അടുത്ത ഏതാനും വർഷങ്ങളിൽ വിവിധ വിമാനത്താവളങ്ങളിൽ പ്രവർത്തിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യഘട്ടം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് ട്രാൻസിറ്റ് യാത്രക്കാർക്ക്, ‘സാറ’ വളരെ ഉപയോഗപ്രദമാകുമെന്ന് അധികൃതർ പറഞ്ഞു.
കമ്പനിയുടെ ഏജൻറിന്റെ അടുത്തേക്കു പോകാതെതന്നെ ഇത്തരക്കാർക്ക് ചെക്-ഇൻ പൂർത്തിയാക്കാനാകും. സാങ്കേതിക-വ്യവസായ പങ്കാളികളും സ്റ്റാർട്ടപ്പുകളും വ്യോമയാന വ്യവസായത്തിലെ പ്രധാന കമ്പനികളും എത്തിച്ചേരുന്ന പരിപാടിയായ ‘ഫോർസാടെക്കി’ന്റെ ആദ്യ പതിപ്പിലാണ് ‘സാറ’യെ അധികൃതർ പരിചയപ്പെടുത്തിയത്. എമിറേറ്റ്സ് ഗ്രൂപ് ആതിഥേയത്വം വഹിക്കുന്ന ‘ഫോർസാടെക്’ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.