ചരിത്രം കുറിച്ച് എമിറേറ്റ്സ്; ബദൽ ഇന്ധനത്തിൽ യാത്രാവിമാനം പറന്നു
text_fieldsദുബൈ: വിമാനങ്ങളിൽ ബദൽ ഇന്ധനം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളിൽ നിർണായക മുന്നേറ്റം നടത്തി ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ്. ആദ്യമായി എ-380 യാത്രാവിമാനത്തിൽ ബദൽ ഇന്ധനം നിറച്ച് എമിറേറ്റ്സ് വിമാനം വിജയകരമായി പറന്നു.വ്യോമയാന രംഗത്ത് ഏറെ നിർണായക പരീക്ഷണമാണ് എമിറേറ്റ്സ് നടത്തിയത്. ജെറ്റ് ഫ്യൂവലിന് പകരം എയർ ബസിന്റെ 380 യാത്രാവിമാനത്തിൽ പൂർണമായും ബദൽ ഇന്ധനമായ സസ്റ്റൈനബിൾ ഏവിയേഷൻ ഫ്യൂവൽ (എസ്.എ.എഫ്) നിറച്ച് പറന്നത്.
ദുബൈ വിമാനത്താവളത്തിൽവെച്ചാണ് നാല് എൻജിനുകളിൽ ഒന്നിൽ എസ്.എ.എഫ് നിറച്ചത്. ജെറ്റ് ഫ്യൂവലിനെ അപേക്ഷിച്ച് 85 ശതമാനം കുറവ് കാർബൺ മാത്രമേ എസ്.എ.എഫ് പുറന്തള്ളൂ എന്നതാണ് പ്രത്യേകത. വിമാനങ്ങളിൽ എസ്.എ.എഫ് ഉപയോഗിക്കുന്നുണ്ടെങ്കിലും നിലവിൽ ജെറ്റ് ഫ്യൂവലിൽ 50 ശതമാനം എസ്.എ.എഫ് കലർത്തി ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയിരുന്നത്. ബദൽ ഇന്ധനം നിറച്ച വിമാനവുമായി ക്യാപ്റ്റൻ ഖാലിദ് ബിൻ സുൽത്താൻ, ക്യാപ്റ്റൻ ഫിലിപ്പ് ലോബെറ്റ് എന്നിവരാണ് വിമാനം പറത്തിയത്. എമിറ്റേറ്റ്സിന്റെ ഈ കന്നിപ്പറക്കലിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാകും വ്യോമയാന രംഗത്ത് ബദൽ ഇന്ധനം വ്യാപകമാക്കുന്നതിനുള്ള തീരുമാനങ്ങൾ ഉടലെടുക്കുക.
ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥ്യമരുളുന്ന പശ്ചാത്തലത്തിൽ നിരവധി പരിസ്ഥിതി സൗഹൃദ ഊർജ സംരംഭങ്ങൾക്കാണ് യു.എ.ഇ തുടക്കമിടുന്നത്. കോപ്-28ന് വേദിയാകുന്ന ദുബൈയിലെ എക്സ്പോ സിറ്റി പൂർണമായി പുനരുപയോഗ ഊർജമായ സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടിരുന്നു.ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പാർക്കിൽനിന്ന് ഒരു ലക്ഷം മെഗാവാട്സ് വൈദ്യുതി നൽകാൻ എക്സ്പോ സിറ്റിയും ദുബൈ വൈദ്യുതി, ജല വകുപ്പുമാണ് (ദീവ) ധാരണയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.